Thursday, September 15, 2011

ഓര്‍ക്കാതെ പോയ വാക്കുകള്‍





1)ഗള്‍ഫ്


പണത്തിന്റെ കലവറയും

ജീവിതത്തിന്റെ കല്ലറയും



2)പ്രവാസി

മരണാന്തര

ജീവിതത്തില്‍

വിശ്വസിക്കുന്നവന്‍.



3)പ്രവാസിയുടെ മക്കള്‍


പാതി വെന്തുപോയ

തായ് വൃക്ഷത്തിന്റെ

പൊള്ളിയടര്‍ന്ന

ശിഖരങ്ങളിലെ

ഇലകള്‍.


4)പ്രവാസിയുടെ ഭാര്യ


കാല്‍ചിലമ്പു

നഷ്ടപ്പെട്ട

കണ്ണകി.

Thursday, September 08, 2011

ഓണവും ഞാനും



പൊന്നോണപ്പൂവേ നീ ഈറനായീ
അത്തങ്ങള്‍ ചമയങ്ങളാക്കീടണ്ടേ.
ചേലഞ്ചും കൊന്നപ്പൂ ചന്തമോടേ
കല്പകപൂക്കുല ചാഞ്ചാടുന്നു.

കാഞ്ചന നൂപുര കാഞ്ചിയെഴും
ചേലൊത്തൊര,ക്ഷികള്‍ ചിമ്മി മെല്ലെ,
നീരദമൊട്ടുകളിക്കിളിക്കൂട്ടുമാ വാര്‍മുടി-
ക്കെട്ടിലോ  പൂക്കള്‍ നിറച്ചു-
നീ,യണയുക ഓണമേ,യീ മാമല നാട്ടില്‍.

കാണുക,കാണുക ഓണമെത്തിയീ-
ചിത്തത്തിലുമൊത്തൊരി പൂവിളിയും.
കൂട്ടരുമൊത്തൊരു മിന്നായമായി
വാനിന്റെ തുഞ്ചത്തു തൊട്ട പോലെ.

പാടുക,പാടുക ഓണമേ നീ
അത്തങ്ങള്‍ വീണൊരീയോര്‍മ്മയിലും.
ആമോദമെത്തിയ തിരുവോണനാളില്‍
കാണുന്നു മറിവിതന്‍ സദ്യകളും.

എങ്കിലുമെന്‍ പൊന്നോണമേ,നിന്നെ-
യണിയിക്കുമെന്‍ സങ്കല്പ പൂക്കളങ്ങള്‍.
തുമ്പപ്പൂ കൊണ്ടൊരു സദ്യയും നല്‍കാ-
മെന്‍ മാനസമങ്കണ പൊന്നി,ലയില്‍.

സ്നേഹമായി,നാദമായി വന്നിടുക
ഒരുമ തന്‍ തീര്‍ത്ഥങ്ങള്‍ നല്‍കീടുക
തുമ്പികള്‍ തുള്ളിയും,മാര്‍പ്പുവിളിയുമാവ-
രുണരട്ടെ സ്നേഹത്തിന്‍ നിലാവെളിച്ചമായി.

Sunday, September 04, 2011

കറിച്ചട്ടിയും ഞാനും!


മഴപെയ്തിറങ്ങിയാല്‍
ചാലുകളായി
ഒലിച്ചുപോകാനേ
മണ്ണിനു കഴിയുകയുള്ളൂ

                
പക്ഷെ,ചൂളയില്‍
വെന്തെടുത്ത കറിചട്ടിക്ക്
തെങ്ങിന്‍ ചുവട്ടില്‍
കാറ്റും മഴയുമേറ്റാലും
മണ്ണായി ഒലിച്ചുപോകാന്‍
കഴിയില്ലല്ലോ!.
       

അവയ്ക്ക് വീണ്ടും വീണ്ടും
കരിപിടിച്ച് അടുപ്പില്‍
വെന്തു,വെന്തു ചുവപ്പു
നിറമാകനാണ്‌ വിധി

വക്കുകള്‍ ഉടഞ്ഞുപോയ
എന്നെ വൈരാഗ്യത്തിന്റെ
അടുപ്പില്‍ ചുട്ടവരെ
ഇനിയെങ്കിലും
ഞാന്‍ പൊടിപിടിച്ച-
ഇരുട്ടറയിലെക്ക്
വലിച്ചെറിയപ്പെടാന്‍
ആഗ്രഹിക്കുന്നു.
അവിടെ എന്റെ ജീവന്‍
ഉടഞ്ഞു തീരട്ടെ
അന്ധകാരത്തിന്റെ തുറന്ന
മുഖമുള്ള എന്നെ ഇനിയും
വാക്കുകളുടെ തീയില്‍
ചുട്ടെടുക്കരുതേ!!!!!
Related Posts Plugin for WordPress, Blogger...