Thursday, January 07, 2010

അമ്മ മനസ്സ്.

ഇല്ലാത്ത ലീവ് സംഘടിപ്പിച്ചാണ്' നാട്ടില്‍ കൂട്ടുകാരന്റെ വിവാഹത്തിനെത്തിയത്.-തിരക്കുകളില്‍ നിന്ന് ഓടിയെത്തിയ എന്നെ ആ തിരക്കുകള്‍ തന്നെ ആഹാരമാക്കി . സ്ഥലം കുറച്ച് ദൂരെ ആയിരുന്നതിനാല്‍ വളരെ നേരുത്തെ തന്നെ അവന്റെ വീട്ടില്‍ എത്തേണ്ടതുണ്ട്.കല്ല്യാണത്തലേന്നുള്ള ക്ഷീണം ഇതുവരെ മാറിയില്ല.എങ്കിലും ഞാന്‍ തപ്പിതടഞ്ഞ് അവന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു.പുറത്ത് അവന്‍ എന്നും കാത്തു നില്ക്കുകയാണ്.ആള്‍ക്കാര്‍ എത്തുന്നതേ ഉള്ളൂ.പക്ഷെ ,വീട്ടുകാര്‍ കുറവ്.ന്യൂക്ലിയാര്‍ ഫാമിലി ആയതിന്റെ കുഴപ്പം.[ചുരുങ്ങി,ചുരുങ്ങി എവിടെ വരെ എത്തുമോ ഈശ്വരാ!!!!]
അവന്‍ എന്നെ കണ്ടപ്പോളേ പരിഭവം തുടങ്ങി:"എന്തൊന്നാടാ,നിനക്ക് രാവിലേ വന്നൂടേ,ആരുമില്ലെന്ന് അറിയാമല്ലോ?"
അവനെ ഒന്നു മയപ്പെടുത്തിയിട്ട് വണ്ടി അലങ്കരിക്കാനുള്ള സാധനങ്ങളുമായി റോഡിലേക്ക് ഓടി.അതൊന്നു റെഡിയാക്കി തിരിഞ്ഞപ്പോള്‍ അടുത്തു വിളി:

"അളിയാ, വരുന്നവര്‍ക്ക് കാപ്പി കൊടുക്കണം".ഇതെല്ലാം ചെയ്യാന്‍ ഞാനും,കല്ല്യാണ ചെറുക്കനും മാത്രം.വയ്യാത്ത അച്ഛനും,അമ്മയും എന്തു ചെയ്യാന്‍.ഉള്ള സമയത്ത് മസിലു പിടിച്ച് അധികം ആളുകളുമായി സമ്പര്‍ക്കമില്ലാതെയും,കൂട്ടുകാര്‍ ഇല്ലാതെയും വന്നതിന്റെ ഗുണം.

"റോഡില്‍ ഇറങ്ങിയാല്‍ എന്റെ മോന്‍ വഷളാകും".അവനാണെങ്കില്‍ ഒരു "മമ്മാ ബോയി".ഒരു കാര്യത്തിന്' ആരുമില്ല .ഇപ്പോള്‍ അതവര്‍ക്ക് മനസ്സിലായിക്കാണും.

ഇതെല്ലാം മനസ്സില്  പറഞ്ഞുകൊണ്ട് ഞാനും അവനും അടുത്ത പരിപാടിയിലേക്ക് തിരിഞ്ഞു.അപ്പോളേക്കും പോകുവാനുള്ള സമയമായി.എല്ലാവരേയും ഒതുക്കി വണ്ടിയിലാക്കി പറഞ്ഞു വിട്ടു.എന്നിട്ടും കല്ല്യാണ ചെറുക്കന്‍ ഇതുവരെ റെഡി ആയിട്ടില്ല.

അപ്പോള്‍ ദാ വരുന്നു വീഡിയോ ചേട്ടന്‍മാര്‍.ചെറുക്കനെ ഒരുക്കുന്ന ഒരു ഫോട്ടോ വേണം ,ഷര്‍ട്ട് ഇടീക്കുന്ന ഒരു ഫോട്ടോ,മുഖം മിനുക്കുന്ന ഒരു ഫോട്ടോ,ചരിഞ്ഞു നില്ക്കുന്നത്,ചാടി നില്ക്കുന്നത്. ഒരു ഷോട്ട് വേണമെന്നൊക്കെ പറഞ്ഞ്.

എന്താണ്' പറഞ്ഞതെന്ന് എനിക്ക് ഇതെഴുതുമ്പോഴും ഓര്‍മ്മകിട്ടുന്നില്ല.പക്ഷെ ,അവിടെ ഒരു കാര്യം നടന്നു.ഫോട്ടോ എടുക്കാന്‍ 'വന്നവര്‍ പോയ വഴിയേ പുല്ലു പോലും മുളച്ചിട്ടില്ല'

10-20 കിലോമീറ്റര്‍ താണ്ടി കല്ല്യാണ സ്ഥലത്തെത്തിയപ്പോഴേക്കും മുഹൂര്‍ത്തമായിക്കഴിഞ്ഞിരുന്നു.
 താലികെട്ടുകഴിഞ്ഞപ്പോഴക്കും അടുത്ത ഓട്ടം.വീട്ടില്‍ എല്ലാം റെഡിയാക്കണം.ഈ ബഹളത്തിനിടക്ക് സദ്യ ഉണ്ണാന്‍ പോലും ഞാന്‍ മറന്നു പോയി.എന്റെ ഒരു ഗതിയേ!.കല്ല്യാണം കഴിഞ്ഞ് ചെറുക്കനും,പെണ്ണും എത്തിയപ്പോഴേക്കും കുറെ അമ്മാവന്‍മാരുടെ കുറ്റം പറച്ചില്‍.എന്തെക്കെയോ പറയണമെന്നുണ്ടായിരുന്നു.പക്ഷെ ,വന്നതെല്ലാം എന്നെ തന്നെ ഞാന്‍ വിളിച്ചു.അതുകൊണ്ട് ഇത്തിരി സമാധാനമായി.പക്ഷെ ഈ തിരക്കിനിടക്കും എന്റെ കണ്ണു നനയിപ്പിച്ച ഒരു സംഭവമുണ്ടായി.മറു വീട് എന്നൊരു ചടങ്ങ് ഞങ്ങളുടെ നാട്ടില്‍ പതിവാണ്.അതിന്' കല്ല്യാണത്തിന്‍ വൈകുന്നേരും പെണ്ണിന്റെ വീട്ടില്‍ നിന്നും കുറച്ചാള്‍ക്കാര്‍ ;കാരണവന്‍മാര്‍,പെണ്നിന്റെ മാതാപിതാക്കള്‍ എന്നിവര്‍-വരും.കുറെ പൂജകളും,ചടങ്ങുകളും കഴിഞ്ഞ് അവര്‍ ഇറങ്ങാന്‍ തുടങ്ങുന്നു.പക്ഷെ അതിലൊരാള്‍ മാത്രം ദുഃഖത്തോടെ മാറി നില്ക്കുന്നു.അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്.സാരിതലപ്പ് കൊണ്ട് അവര്‍ അതിനെ മറക്കാന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ അവര്‍ക്കതിന്' കഴിയില്ലല്ലോ.പെറ്റ വയറിനേ നോവറിയുള്ളൂ എന്നു പറയുന്നതു പോലെ.


തന്റെ മുന്നിലൂടെ പിച്ച വച്ചും,കൊന്ചിയും, ഓടിക്കളിച്ചും,വഴക്കുണ്ടാക്കിയും,ഇപ്പോള്‍ താലിയും അണിഞ്ഞവള്‍;തന്നെ "അമ്മേ" ആദ്യമായി വിളിച്ചവള്‍ ആ വിചാരങ്ങളായിരിക്കാം അവരുടെ തേങ്ങലായി പുറത്തു വന്നത്.പക്ഷെ ഇതൊന്നും കാണാതെ തന്റെ കൂട്ടുകാരികളുമായി മത്സരിച്ചു ചിരിക്കുന്ന മകളെ കണ്ടപ്പോള്‍ എന്താ പറയുക?....... ബാക്കി നിങ്ങള്‍ പൂരിപ്പിക്കുക...


ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആ അമ്മയുടെ ഇനിയുള്ള ഏകാന്തമായ ജീവിത ചിത്രമാണ്' എന്റെ മുന്നില്‍ തെളിഞ്ഞത്.ഈ തിരക്കിനിടയിലും ഒരു വലിയ ചോദ്യ ചിന്ഹമായി പലരുടേയും മുന്നില്‍ തെളിഞ്ഞു വരുന്നത്... ........

No comments:

Post a Comment

Related Posts Plugin for WordPress, Blogger...