Friday, January 28, 2011

16 വയസ്സിന്റെ തിളക്കവും ഇളക്കവും.

പ്രായംകൂടും തോടും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഭാരതാംബക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍  ആശംസകള്‍.ഡല്‍ഹി രാജവീഥിയിലൂടെ  ദേശസ്നേഹത്തിന്റെ നാളമേന്തി നീങ്ങുന്ന ജവാന്മാര്‍ക്ക് എന്റെ പ്രാര്‍ത്ഥനകള്‍ .കൊടും തണുപ്പത്ത് ഇന്‍ഡ്യയെ നെഞ്ചിലേറ്റി സലൂട്ട് നല്കിയ ജവാന്മാര്‍ക്ക് ആദരവോടെ തിരിച്ചും സലൂട്ട് ചെയ്യാം.62-ം ജന്മദിന പരിപാടിക്കെത്തി ഇന്‍ഡ്യയെ തിരിച്ചറിഞ്ഞ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റിന്റെ മുഖത്തെ അത്ഭുതത്തിനു നമ്മളുടെ രാഷ്ട്രശില്പികള്‍ക്ക് നന്ദി പറയാം.ത്രിവര്‍ണ്ണപതാക ആകാശത്തോളം ഉയരട്ടെ.വിവിധ നിറങ്ങളിലെ ഇന്‍ഡ്യയുടെ സൌന്ദര്യം,പ്രതിരോധത്തിന്റെ പുതിയ കരുത്തുമായി തേജസ്സ്,ബ്രഹ്മാസ്ത്രങ്ങള്‍ ലോകത്തിനു മുന്നില്‍ നിരത്തി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഒരു ഇന്‍ഡ്യക്കാരെനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഇതിലൊക്കെ ഉപരിയായി ഇന്‍ഡ്യയുടെ അഖണ്ഡതകള്‍ വിളിച്ചോതുന്ന കാഴ്ചകള്‍ .പക്ഷെ ഈ ഉയര്‍ച്ചയിലും ഇന്‍ഡ്യയുടെ കാഴചകള്‍ക്ക് നിറം മങ്ങിപ്പിക്കുന്ന ചില നരച്ച  നിറങ്ങളുടെ കാഴകള്‍ കടന്നു വരുന്നുണ്ട്.പക്ഷെ ഇതൊക്കെ മാറണമെങ്കില്‍ ഒരോ ഇന്‍ഡ്യാക്കാരനും വിചാരിക്കണം.അല്ലാതെ ഭരണം നടത്തുന്നവര്‍ നോക്കിക്കൊള്ളും എന്ന കൊഞ്ഞാണ മനോഭാവം ഉണ്ടെങ്കില്‍ ഇന്‍ഡ്യയുടെ നിറം ഇനിയും മങ്ങിപ്പോവുകയുള്ളൂ.

നമ്മുടെ ബഹുമാന്യയായ പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് സന്ദേശത്തില്‍ തന്നെ ഉണ്ടായിരുന്നത് നമ്മുടെ വളര്‍ച്ച എങ്ങോട്ടായിരുന്നു/എങ്ങോട്ടാണ്‌ എന്നതിന്റെ കണക്കെടുപ്പായിരുന്നു.അതിന്റെ ഒരു കണക്കെടുപ്പ് ഇനി എന്തായാലും നടക്കില്ല.വളര്‍ന്നു വഷളായിട്ട് എന്തു കണക്കെടുപ്പ്.ഒരു രാജ്യത്തിന്റെ നിയമനിര്‍മ്മാണ വ്യവസ്ഥിതിക്ക്  കുറച്ചുമാത്രമേ  എന്തെങ്കിലും ചെയ്യുവാന്‍ കഴിയുകയുള്ളൂ.ബാക്കി ചെയ്യേണ്ടത് ഒരോ ഇന്‍ഡ്യക്കാരനുമാണ് .അതു ഏതു ജനപ്രതിനിധി ആയാലും,സാധാരണക്കാരനായാലും.സ്വന്തം ജീവന്‍ ജനിച്ചുവീണ മണ്ണിനാണെന്നും,ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി വല്ലതുമൊക്കെ ചെയ്യും എന്ന ദൃഡപ്രതിഞ എടുത്തവരുടെ ഇന്‍ഡ്യയാണ്‌ ഇന്നീക്കാണുന്നത്.

ഇന്‍ഡ്യക്ക് ഈ ദശകം കണ്ടുപിടുത്തങ്ങളുടെ ദശകമാകട്ടെ എന്നു രാഷ്ട്രപതി ആശംസിക്കുന്നുണ്ട്.പക്ഷെ ഈ കണ്ടു പിടുത്തം അഴിമതി നടത്തുന്നവരെ കണ്ടുപിടിക്കാനുള്ള ആഹ്വാനമാണോ എന്നാണ്‌ സംശയം.അങ്ങനെ ആകാതിരിക്കട്ടെ.

ഇന്‍ഡ്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിലാണ്‌ എന്നു പറഞ്ഞ ഗാന്ധിജിക്ക് ഇന്നത്തെ അവസ്ഥ കാണാത്തത് ഭാഗ്യം.ബ്ലേഡുകാരന്‍മാരുടെ പലിശക്കിരയായ കര്‍ഷകന്റെ ആത്മാക്കളുള്‍ ഉറങ്ങുന്ന ഗ്രാമം എന്നു തിരുത്തിപ്പറയേണ്ടി വന്നേനെ.ആ കര്‍ഷക ഇന്‍ഡ്യയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍  തീവ്രമായി പ്രയത്നിക്കണമെന്നു പറയുന്ന നമ്മുടെ പ്രസിഡന്റിനെ നമ്മുക്ക് സ്വാഗതം ചെയ്യാം ;പക്ഷെ ചുവപ്പു നാടകളില്‍ കുരുങ്ങിമരിക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും.നന്നാവണം എല്ലാ ഇന്‍ഡ്യാക്കാരും  മാറണം.അല്ലാതെ തന്റെ കുടുംബം വീര്‍ത്തോട്ടെ എന്നു പറയുന്ന ഒരു ഉദ്ദ്യോഗസ്ഥനും ഇന്‍ഡ്യാക്കാരനല്ല.

61 വര്‍ഷങ്ങളായി നമ്മള്‍ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗമാണ്‌ പട്ടിണി നമ്മുടെ രാജ്യത്തു നിന്നും തുടച്ചു നീക്കുക.ഭക്ഷണം കഴിച്ചിട്ട്  തീന്‍മേശ തുടച്ചു നീക്കുന്ന എന്ന ലാഘവത്തോടെ പറഞ്ഞാല്‍ എവിടെ മാറാന്‍.പട്ടിണി എന്ന വാക്കിനര്‍ത്ഥം പണിയെടുക്കാന്‍ വയ്യാത്ത ജനപ്രതിനിധികള്‍   ധരിച്ചുവെച്ചിരിക്കുന്നത് ഫാനും,ഏത്തക്കയും തിരുകി നിരാഹാരം കിടക്കുകയാണ്‌ .അപ്പോള്‍ ഇന്‍ഡ്യ സമ്പന്നമല്ലേ എന്നാണ്‌ അവരുടെ  സംശയം.

ഇന്ന് ഒരു ദിവസത്തേക്കെങ്കിലും നമ്മള്‍ക്ക് കല്‍മാഡിയേയും,രാജയേയും കുഴല്‍പ്പണ വീരന്മാരേയും മറക്കാം.മറന്നുപോകേണ്ടതല്ലാത്ത ചിലതുണ്ട്;ഇന്ഡ്യയുടെ അഖണ്ഡത,നാനാത്വത്തില്‍ ഏകത്വം,ഒരേ ഒരു ഇന്ഡ്യ ഒരൊറ്റ ജനത എന്ന വാക്കുകള്‍.
പ്രസിഡന്റെ സന്ദേശത്തില്‍ ഉപ്പുമുതല്‍,കര്‍പ്പുരം വരെ ഇന്‍ഡ്യയില്‍ നടക്കുന്ന ഒരോ കാര്യങ്ങളും അക്കമിട്ടു നിരത്തി പറഞ്ഞിട്ടുണ്ട് .ബലാല്‍സംഗം മുതല്‍ പട്ടിണി വരെ.അഴിമതിമുതല്‍ കള്ളപ്പണം വരെ.അതിന്റെ പോം വഴികളും.ഇതൊക്കെ  ഇല്ലാതാക്കിയതിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ അടുത്ത സന്ദേശത്തിനു നമ്മുക്ക് കാതോര്‍ക്കാം.ഭീകരവാദത്തിന്റെ പത്തി ഒടിക്കാനുള്ള ഇന്‍ഡ്യയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍തുണ നേരാം.വെറുതെ പറഞ്ഞീട്ടു കാര്യമില്ല.അതിനു നല്ല ചോരത്തിളപ്പുള്ള ഭാരതമക്കളായി നമ്മള്‍ക്ക് ഒരുമിച്ചു നില്‍ക്കാം.

"ഭാരതമെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര ഞരമ്പുകളില്‍!!!"

ജയ് ഹിന്ദ്!!!!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...