Sunday, August 28, 2011

ദുരിതപര്‍വ്വങ്ങള്‍

ഗള്‍ഫില്‍ വീട്ടുവേലക്കു നില്‍ക്കുന്ന മലയാളികളുടെ ദുരിതപര്‍വ്വങ്ങള്‍ ഘോര,ഘോരം പ്രസംഗിക്കുന്നവരെ നിങ്ങള്‍ ഈ സംഭവിച്ചത് കണ്ടില്ലേ?.സംഭവിച്ചത് മറ്റെങ്ങുമല്ല;നമ്മുടെ കേരളനാട്ടില്‍.എന്തു കൊള്ളരുതായ്മകള്‍ കണ്ടാലും പ്രതികരിക്കുകയും,കൊള്ളരുതായ്മകള്‍ കാണിക്കുകയും ചെയ്യുന്ന ബുധജനം താമസിക്കുന്ന നാട്ടില്‍.ആലുവയിലെ നല്ലവരായ നാട്ടുകാരാണ്‌ ഇതു വെളിച്ചത്തുകൊണ്ടു വന്നതും ഇത്രയധികം വാര്‍ത്തക്ക് പ്രാധാന്യം കിട്ടിയതും.ചില യുവജനസംഘടനകളുടേയും ശക്തമായ ഇടപെടലുകള്‍ മൂലമാണ് ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടതും.ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഗാര്‍ഹീക പീഡനങ്ങളിലെ കേസുകളില്‍ ഇതും തേഞ്ഞുമാഞ്ഞു പോയിരുന്നേനെ.

എന്നെ ഏറെ അതിശയിപ്പിക്കുന്നത് ബാലവേല നിരോധിച്ച നിയമത്തിനെക്കുറിച്ച് ശരിക്കും ബോധവാനായ ഒരു ഹൈകോര്‍ട്ട് അഭിഭാഷകനും,അയ്യാളുടെ ഭാര്യയുമാണ്‌ ഈ ക്രൂര കൃത്യത്തിനു പിന്നിലുള്ളത് എന്ന വസ്തുത ശരിക്കും കയ്യൂക്കിന്റേയും,പണക്കൊഴുപ്പിന്റേയും യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നു എന്നുള്ളാതാണ്.

എന്തുകൊണ്ടാണ്‌ അഭ്യസ്ഥവിദ്യരായ മലയാളി സമൂഹത്തിന്റെ ഇടയില്‍ ഇത്ര ക്രൂരമായ കൃത്യങ്ങള്‍ പെരുകുന്നത്?.ഒന്നുകില്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വരചേര്‍ച്ചയില്ലായ്മയില്‍ വന്നുകൂടുന്ന അസ്വാസ്ത്യത ബലഹീനരായ മറ്റുള്ളവരില്‍ തീര്‍ക്കുന്നതാവാം,അല്ലെങ്കില്‍ കയ്യൂക്കിന്റേയും,അധികാരത്തിന്റേയും തോന്ന്യവാസം കാണിക്കുന്നതാവാം.ഇവരെയൊക്കെ കുതിരവട്ടത്ത് കൊണ്ടുപോയി നല്ലൊരു കൌണ്‍സിലിംഗിന്റെ ആവശ്യമുണ്ട്.ഡിഗ്രികള്‍ വാരിക്കൂട്ടിയിട്ടുകാര്യമില്ല അതിനെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നറിയാതെ പോകുന്നവരാണ്‌ ഈക്കാഴ്ചയുടെ ഉത്തമ ഉദാഹരണങ്ങള്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...