Thursday, February 17, 2011

വേദനിക്കുന്ന നിഴലുകള്‍.

ചില സമയങ്ങളില്‍ ദൈവം ക്രൂരനാണെന്ന് നമ്മള്‍ക്ക് പറയേണ്ടി വരും.ഓഫീസിലെ ഫയലുകള്‍ക്കും,മുഷിഞ്ഞ വാക്കുകളില്‍ നിന്നും സായന്തനത്തിന്റെ നിറം പോലും ആസ്വദിക്കാന്‍ കഴിയാതെ  വണ്ടിയില്‍ കയറുമ്പോള്‍ എന്റെ വലതു കണ്ണ്‌ വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.തടിച്ചു വീര്‍ത്ത കണ്‍പോളകളേ ആയാസ്സപ്പെട്ട് ചിന്തകളിലേക്ക് അടച്ചു തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് അയക്കുന്ന എസ്‌.എം.എസ്സ് പോലെയാണ്‌ എന്റെ കാഴ്ചകള്‍ എന്നു തോന്നിയിട്ടുണ്ട്.വീടിന്റെ ഉമ്മറപ്പടികളില്‍,തൊടിയില്‍ ,അമ്മയുടേ അച്ഛന്റെ അടുത്ത്,എന്റെ സൌഹൃദ വേളകള്‍ എന്നിവയെല്ലാം ഞൊടി ഇടയില്‍ വന്നു മറയുന്നത് ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രകളിലായിരിക്കും.

പതിവുപോലെ തലഞെരിഞ്ഞമര്‍ന്ന ചിന്തകളും പേറി റൂമിലെത്തിയപ്പോളായിരുന്നു ഒരു മിസ്സ്ഡ് കാള്‍ കണ്ടത്.മുരുകന്‍ ദോഹ എന്ന് സ്ക്രീനില്‍ തെളിഞ്ഞു.വിദ്യാലയത്തിന്റെ ആദ്യപടികള്‍  ചവിട്ടിയപ്പോള്‍ മുതല്‍ നിറഞ്ഞ ചിരിയോടും,അല്പം കുസൃതിയോടും എതിരേറ്റവന്‍.കറങ്ങിത്തിരിയുന്ന കാലം അവനേയും ഇവിടെ എത്തിച്ചു.ഞാന്‍  മിസ്സ്ഡ് കാള്‍ ലിസ്റ്റില്‍ നിന്നും അവനെ തിരിച്ചു വിളിച്ചു.
"ഹലോ....ഉണ്ണിയല്ലെടാ"
ചിതറി ചിലമ്പിച്ച ഒരു ശബ്ദമാണ്‌ എനിക്കു കേള്‍ക്കുവാന്‍ കഴിഞ്ഞത്.
"എന്തുണ്ടായെടേ..ആകെ ഒരു മാറ്റം"ഞാന്‍ തിരിച്ചു അനേഷിച്ചപ്പോള്‍ അവന്റെ മറുപടി എന്റെ ഞരരുമ്പുകളെ പൊള്ളിച്ചു കളഞ്ഞു.
"ഏടാ,നമ്മുടെ ജയേഷ് ആക്സിഡന്റില്‍പ്പെട്ടു മരിച്ചു"

മരണം അപ്രതീക്ഷിതമായ ഒരു വാര്‍ത്ത അല്ല എനിക്ക്.അത്‌ സൃഷ്ടിക്കുന്ന ശൂന്യതയാണ്‌ ഏന്നെ വിഷമപ്പെടുത്താറ്.

കുറെ സമയം വേണ്ടി വന്നു യാഥാര്‍ത്ഥ്യത്തിലെക്ക് കാലെടുത്തു വയ്ക്കുവാന്‍.
ലക്കില്ലാതെ പാഞ്ഞു വന്ന മീന്‍കയറ്റിയ ലോറി അവനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.മണിക്കുറുകള്‍ വേണ്ടി വന്നു അവനെ വണ്ടിയുടെ അടിയില്‍ നിന്നും പറിച്ചെടുക്കുവാന്‍.

ചെറുപ്പകാലത്തിന്റെ ഒരു പ്രചോദനം പോലെ ആയിരുന്നു അവന്റെ ഓരോ ചലനങ്ങളും.തന്റെ ശരീരത്തിന്റെ ഒരു അവയവത്തിന്റെ ബലഹീനതക്കുറവ് അവന്‍ തന്റെ പ്രവൃത്തികളുടെ നിഷ്ഠതയില്‍ കുറവുണ്ടാക്കിയിരുന്നില്ല.സ്കൂളിന്റെ മുറ്റത്തുള്ള അരണമരത്തിന്റെ ഇലയുടെ മര്‍മ്മരം പോലെ ആയിരുന്നു അവന്റെ വര്‍ത്തമാനങ്ങള്‍.ഇന്ന് ചിലപ്പോള്‍ ആ അരണമരങ്ങള്‍ നിശ്ചലമായിരിക്കും.ഒരു നിമിഷം അതിന്റെ ഇലകള്‍ പൊഴിച്ചുകൊണ്ട്‌ കണ്ണുനീര്‍ തൂകിയിട്ടുണ്ടാവും.പ്രാര്‍ത്ഥനയോടെ അവന്റെ ശാന്തിക്കായി പിടഞ്ഞിട്ടുണ്ടാവും.കാലങ്ങളുടെ വെറുതെ പോയ വസന്തത്തിന്റേയോ,ഗ്രീഷ്മത്തിന്റേയോ ബന്ധമല്ല ആ വിദ്യാലയമുറ്റം എനിക്ക്.ഇതുപോലെ മായാതെ എന്റെ മനസ്സില്‍ ഇപ്പോളും നില്‍ക്കുന്ന ,കാണുന്ന,കേള്‍ക്കുന്ന സുഹൃദ്ബന്ധങ്ങളുടെ കളിമുറ്റമാണവിടം.അതിനാല്‍ എന്റെ നിഴലുകള്‍ പോലും വേദനിക്കുന്നു.ഞരമ്പുകള്‍ നില നിറം കലര്‍ന്ന് പിടയുന്നു.

വര്‍ഷങ്ങളുടെ മാറില്‍ക്കൂടി സഞ്ചരിച്ചവരാണ്‌ എന്റെ ഈ സൌഹൃദങ്ങള്‍.അവന്റെ ഇരുനിറവും,തിളക്കമുള്ള ചിരിയും ,കുട്ടിക്കൂറപൌഡറിന്റെ മണവും എന്റെ ഓര്‍മ്മകളോടു ചേര്‍ന്നു നില്‍ക്കുന്നവയാണ്.

ഞാന്‍ എന്നു നാട്ടില്‍ എത്തിയാലും എപ്പോളെങ്കിലും,എവിടേയെങ്കിലും വെച്ച് ഒരു പ്രാവശ്യമെങ്കിലും വര്‍ത്തമാനം പറയുവാന്‍ കഴിഞ്ഞിട്ടുണ്ട്.ഇക്കഴിഞ്ഞ ഡിസംബറിലെ ലീവിനും ഞാനവനെ കണ്ടിരുന്നു.ആ പഴയ വിദ്യാലയ ജീവിതത്തിന്റെ ചിരിയും,ഏതു കാര്യത്തിനും അവന്റെ കുറവുകളെ മേന്മമായി കണ്ടുകൊണ്ട് മുന്നിട്ടിറങ്ങുന്ന സ്വഭാവം അവനെ നാട്ടില്‍ അറിയപ്പെടുന്ന ഒരാളാക്കിയിരുന്നു.അവനോടുള്ള സ്നേഹം കാണിക്കാനായിരിക്കാം ഒരു നാടുമുഴവന്‍ അവനെ തേടിയെത്തിയത്.ഇത്തവണ കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് എന്റെ ചെവികളില്‍ ഇപ്പോളും മുഴങ്ങുന്നുണ്ട്,"ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ തരാം.വിളിക്കാന്‍ മറക്കരുതേടേ.കാരണം എന്റെ പഴയ സുഹൃത്തക്കളേ എനിക്കുള്ളൂ.നിങ്ങള്‍ വിളിക്കുകയെന്നാല്‍ ഒരു സന്തോഷമാണ്.വിളിക്കണം കേട്ടോ".

ഒരിക്കല്‍പോലും ആ വാക്കുകള്‍ പാലിക്കാന്‍ കഴിയാതിരുന്ന എനിക്ക് ഇന്നു കുറ്റബോധം തോന്നുന്നു.വാക്കുകള്‍ വിലപ്പെട്ടതാണ്` എന്നതിന്റെ മഹത്ത്വം ഞാന്‍ സമയത്തിന്റെ സഞ്ചാരത്തിലൂടെ മനസ്സിലാക്കുന്നു.

എന്നെ ഉപേഷിച്ച് എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്റെ സുഹൃത്തുക്കള്‍ മറഞ്ഞുതുടങ്ങുന്നു.ആദ്യം ജീവന്‍കുമാര്‍,ഇപ്പോള്‍ നീയും.പഴയ സുഹൃത്തുക്കളെക്കാണുമ്പോള്‍ നിന്റെ ശൂന്യത എന്നെ വേദനപ്പെടുത്തും.

ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് അവന്റെ പെങ്ങളൂടെ ഭര്‍ത്താവ്‌ ബ്രയിന്‍ ട്യൂമര്‍ ബാധിച്ചു മരിച്ചിരുന്നു.വീണ്ടുമൊരു ആഘാതം അവന്റെ കുടുംബത്തെ കീറിമുറിച്ചിരിക്കുകയാണ്‌.ദുഖം കൊണ്ട് അവരെ മുറിവേപ്പിച്ചിരിക്കുന്നു.അപ്പോള്‍ ദൈവം ക്രൂരനല്ലേ?.

വര്‍ത്തമാനങ്ങളൂടെ നീരുറവകളില്‍ക്കൂടി ഞാന്‍ സഞ്ചരിക്കുമ്പോളും,എന്നെ പിന്തുടര്‍ന്നെത്തുന്ന ഓര്‍മ്മകളാണ്‌ സൌഹൃദങ്ങള്‍.നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.നീ ചിരിച്ചുകൊണ്ട് തന്നെ ഞങ്ങളൂടെ ഉള്ളില്‍ ജീവിക്കട്ടെ.മരണത്തിനു നിന്റെ വേദനകലര്‍ന്ന ശരീരത്തെമാത്രമേ ഞങ്ങളില്‍ നിന്നും അകറ്റാന്‍ കഴിയുകയുള്ളൂ.നിന്റെ കുടുംബത്തിനു വേര്‍പാടിന്റെ ദുഃഖം താങ്ങുവാന്‍ സര്‍വ്വേശ്വരന്‍ കരുത്തു നല്‍കട്ടെ!!.

എന്റെ ജീവിതം പകെത്തെടുത്തവള്‍ ഈ വേദനകള്‍ കണ്ടപ്പോള്‍എന്നോടു പറഞ്ഞത് ഇപ്രകാരമാണ്:" ഇതൊരു യാത്രയാണ്‌.അതില്‍ ചിലര്‍ക്ക് വഴിയില്‍ ഇറങ്ങേണ്ടി വരും.അതുകൊണ്ട് ദുഃഖമരുത്.പ്രാര്‍ത്ഥിക്കുക.സ്നേഹിച്ചു കഴിയുക".

ശരിയാണ്.നശ്വരത മാത്രം ജീവിക്കുന്ന ഒരു തീരത്തേക്കാണ്‌ നമ്മുടെ യാത്ര.അതു ഒഴിവാക്കാന്‍ കഴിയാത്തതും.

1 comment:

  1. നമുക്കെല്ലാം പ്രാര്‍ഥിക്കാം.സുഹൃത്തിന്‍റെ ആത്മാവിനു ശാന്തി കിട്ടാനായി.. നല്ല ചങ്ങാതിയുടെ ഓര്‍മ്മകള്‍ എന്നെന്നും ജീവിതത്തില്‍ പ്രചോദനമാകട്ടെ.അങ്ങനെ ആശ്വസിക്കൂ..

    ReplyDelete

Related Posts Plugin for WordPress, Blogger...