Wednesday, July 10, 2013

ഹർത്താൽ ഒരു പുനർ വിചിന്തനം.!!!

എന്താണ് ഹർത്താൽ?.എന്റെ സുഹൃത്തിന്റെ ഒന്നാംക്ലാസ്സ് കാരൻ മകൻ പറഞ്ഞത് "അടിച്ചുപൊളിക്കേണ്ടേ അങ്കിൾ,അച്ഛൻ രാവിലെ തന്നെ ടെറസ്സിന്റെമുകളിലേക്കു പോയിട്ടുണ്ട്.അങ്കിൾ പോകുന്നില്ലെ.അവനും,ഞങ്ങൾക്കും ഇതൊരു അടിച്ചുപൊളിയുടെ ദിവസ്സമാണ്.മഴയത്ത് സൊറയും പറഞ്ഞ്,രണ്ടു പെഗ്ഗ് നീട്ടിവിട്ട് വൈകുന്നേരം വരെയുള്ള വിനോദം.ഈ വേക്ഷപകർച്ച അല്ലെങ്കിൽ സംസകാരം ഞങ്ങൾ ഇപ്പോളേ അവനു പകർന്നു നൽകിയിട്ടുണ്ട്,അല്ലെങ്കിൽ അവൻ മനസ്സിലാക്കിയിരിക്കുന്നു;അത്രക്ക് സ്വാധീനമാണ് നമ്മുടെ നാട്ടിൽ ഒരു ഹർത്താലിനു ഉള്ളത്.പേരുമാറി പക്ഷെ രീതി മാറിയില്ല.പണ്ട് പേര് ബന്ദ് എന്നായിരുന്നെങ്കിൽ ഇപ്പോൾ ഹർത്താൽ എന്നുമാത്രം.ബന്ദ് അനുകൂലികൾ ഹർത്താൽ അനുകൂലികളായി മാറി അത്ര തന്നെ.രണ്ടിനും സ്ഥായിഭാവം ഒന്നു തന്നെ;ഗുണ്ടാവിളയാട്ടം.

Saturday, May 25, 2013

നാളെയുടെ അന്ധകാരം



മനുഷ്യന്റെ ഉയർത്തെഴുന്നേൽപ്പ്
പ്രകൃതി ക്രൂശിലേറ്റപ്പെട്ട ദിവസത്തിലായിരുന്നു.
ഭൂമിയുടെ മാറു നിറച്ച പുഴകളെ
വിസ്മൃതിയിലേക്ക് ആട്ടിയോടിക്കപ്പെട്ടു.
വൃക്ഷങ്ങളെ പൂച്ചെട്ടിയിലേക്ക്
കബറടക്കി.
സൂര്യൻ അന്ധകാരത്തിലേക്ക്
മരണപ്പെട്ടു ...................................
മഴപെയ്തിരുന്നെങ്കിൽ  എവിടെയോ
ഒരു കുഞ്ഞൻ ചെടിയുടെ നിശ്വനം .
യുഗാന്തരങ്ങൾക്കൊടുവിൽ രണ്ടിതളുകൾ
വിരിഞ്ഞു ....ഒരു മഞ്ഞുതുള്ളിയും.
ഇറ്റുവീണ മഞ്ഞിൻ കണത്തെ
എന്റെ കുഞ്ഞിനേറ്റുനല്കിപ്പറ ഞ്ഞു ...
കാത്തുകൊൾക ..നാളെയുടെ
ഗതകാലത്തിന്റെ വിലയാണിത്....

Saturday, January 26, 2013

അക്ഷരക്കൂട്ട്-1


പ്രണയത്തിനും,
കാമവെറിക്കും
ഒരേ ഭാവങ്ങൾ നൽകാം;
അവിടെ മതമില്ല,ജാതിയില്ല
വയസ്സില്ല...
ആദ്യത്തെ അവസ്ഥക്ക് പരിശുദ്ധിയും,
രണ്ടാമത്തതിനു വെറിയും നൽകാം.
പഞ്ചഭൂതങ്ങളാൽ പടച്ച മനുഷ്യനു
ദൈവം തെറ്റു ചെയ്തപ്പോൾ
(ശ്വാസം,വികാരം,വിചാരം നൽകി)
ശിക്ഷയായി ഹൃദയം പറിച്ചു നൽകേണ്ടി വന്നു.
ഇന്നു ,ഭൂതങ്ങളായി മാറിയ മനുഷ്യരുടെ
ഹൃദയം ഓവുചാലുകൾ മാത്രം.
ഒരിക്കൽ എല്ലാവർക്കും ദൈവത്തിന്റെ
ഹൃദയം തിരിച്ചു നൽകേണ്ടി വരും
വേദന കിനിയുന്ന ആ 'സത്യത്തിനു'
സ്വന്തം ചോരയുടെ കഴുത്തറക്കുമ്പോൾ
കണ്ണുനീർ പൊടിയില്ല,അതൊരു മഴയായി
ഭൂമിയിലേക്കു പതിക്കും;ഒരു പടു
പാപിയുടെ രക്തക്കറ മാഞ്ഞു
പുതിയ പ്രഭാതത്തിന്റെ
പൊൻവിളക്ക് തെളിയാനായി.........

Monday, October 03, 2011

പ്രിയപ്പെട്ട അച്ഛന്....

അച്ഛന്‍ മരിക്കുമ്പോള്‍
എന്നില്‍ നിന്ന്
ഒരിറ്റു കണ്ണുനീര്‍ പൊഴിയില്ല!.
അച്ഛനുമുമ്പേ മരിച്ചുപോയ
എന്റെ മനസ്സിനു
വേദനിക്കുവാന്‍ കഴിയുമോ?

എങ്കിലും...
വ്യര്‍ത്ഥമായിപ്പോയ ഒരു
ജീവനുവേണ്ടി ;
കര്‍മ്മങ്ങളുടെ
ശിഖരങ്ങളിലമര്‍ന്ന
ബലികാക്കകളെ
നഷ്ടസ്വപ്നങ്ങളുടെ
ദര്‍ഭയണിഞ്ഞ വിരലുകള്‍
ചേര്‍ത്ത് വിളിക്കും,
ബന്ധമറ്റ
തൂശനിലയില്‍
കരിന്തിരിയെരിഞ്ഞുപോയ

ഒരു ജീവിതത്തിനു വേണ്ടി..





Thursday, September 15, 2011

ഓര്‍ക്കാതെ പോയ വാക്കുകള്‍





1)ഗള്‍ഫ്


പണത്തിന്റെ കലവറയും

ജീവിതത്തിന്റെ കല്ലറയും



2)പ്രവാസി

മരണാന്തര

ജീവിതത്തില്‍

വിശ്വസിക്കുന്നവന്‍.



3)പ്രവാസിയുടെ മക്കള്‍


പാതി വെന്തുപോയ

തായ് വൃക്ഷത്തിന്റെ

പൊള്ളിയടര്‍ന്ന

ശിഖരങ്ങളിലെ

ഇലകള്‍.


4)പ്രവാസിയുടെ ഭാര്യ


കാല്‍ചിലമ്പു

നഷ്ടപ്പെട്ട

കണ്ണകി.

Thursday, September 08, 2011

ഓണവും ഞാനും



പൊന്നോണപ്പൂവേ നീ ഈറനായീ
അത്തങ്ങള്‍ ചമയങ്ങളാക്കീടണ്ടേ.
ചേലഞ്ചും കൊന്നപ്പൂ ചന്തമോടേ
കല്പകപൂക്കുല ചാഞ്ചാടുന്നു.

കാഞ്ചന നൂപുര കാഞ്ചിയെഴും
ചേലൊത്തൊര,ക്ഷികള്‍ ചിമ്മി മെല്ലെ,
നീരദമൊട്ടുകളിക്കിളിക്കൂട്ടുമാ വാര്‍മുടി-
ക്കെട്ടിലോ  പൂക്കള്‍ നിറച്ചു-
നീ,യണയുക ഓണമേ,യീ മാമല നാട്ടില്‍.

കാണുക,കാണുക ഓണമെത്തിയീ-
ചിത്തത്തിലുമൊത്തൊരി പൂവിളിയും.
കൂട്ടരുമൊത്തൊരു മിന്നായമായി
വാനിന്റെ തുഞ്ചത്തു തൊട്ട പോലെ.

പാടുക,പാടുക ഓണമേ നീ
അത്തങ്ങള്‍ വീണൊരീയോര്‍മ്മയിലും.
ആമോദമെത്തിയ തിരുവോണനാളില്‍
കാണുന്നു മറിവിതന്‍ സദ്യകളും.

എങ്കിലുമെന്‍ പൊന്നോണമേ,നിന്നെ-
യണിയിക്കുമെന്‍ സങ്കല്പ പൂക്കളങ്ങള്‍.
തുമ്പപ്പൂ കൊണ്ടൊരു സദ്യയും നല്‍കാ-
മെന്‍ മാനസമങ്കണ പൊന്നി,ലയില്‍.

സ്നേഹമായി,നാദമായി വന്നിടുക
ഒരുമ തന്‍ തീര്‍ത്ഥങ്ങള്‍ നല്‍കീടുക
തുമ്പികള്‍ തുള്ളിയും,മാര്‍പ്പുവിളിയുമാവ-
രുണരട്ടെ സ്നേഹത്തിന്‍ നിലാവെളിച്ചമായി.

Sunday, September 04, 2011

കറിച്ചട്ടിയും ഞാനും!


മഴപെയ്തിറങ്ങിയാല്‍
ചാലുകളായി
ഒലിച്ചുപോകാനേ
മണ്ണിനു കഴിയുകയുള്ളൂ

                
പക്ഷെ,ചൂളയില്‍
വെന്തെടുത്ത കറിചട്ടിക്ക്
തെങ്ങിന്‍ ചുവട്ടില്‍
കാറ്റും മഴയുമേറ്റാലും
മണ്ണായി ഒലിച്ചുപോകാന്‍
കഴിയില്ലല്ലോ!.
       

അവയ്ക്ക് വീണ്ടും വീണ്ടും
കരിപിടിച്ച് അടുപ്പില്‍
വെന്തു,വെന്തു ചുവപ്പു
നിറമാകനാണ്‌ വിധി

വക്കുകള്‍ ഉടഞ്ഞുപോയ
എന്നെ വൈരാഗ്യത്തിന്റെ
അടുപ്പില്‍ ചുട്ടവരെ
ഇനിയെങ്കിലും
ഞാന്‍ പൊടിപിടിച്ച-
ഇരുട്ടറയിലെക്ക്
വലിച്ചെറിയപ്പെടാന്‍
ആഗ്രഹിക്കുന്നു.
അവിടെ എന്റെ ജീവന്‍
ഉടഞ്ഞു തീരട്ടെ
അന്ധകാരത്തിന്റെ തുറന്ന
മുഖമുള്ള എന്നെ ഇനിയും
വാക്കുകളുടെ തീയില്‍
ചുട്ടെടുക്കരുതേ!!!!!

Sunday, August 28, 2011

ദുരിതപര്‍വ്വങ്ങള്‍

ഗള്‍ഫില്‍ വീട്ടുവേലക്കു നില്‍ക്കുന്ന മലയാളികളുടെ ദുരിതപര്‍വ്വങ്ങള്‍ ഘോര,ഘോരം പ്രസംഗിക്കുന്നവരെ നിങ്ങള്‍ ഈ സംഭവിച്ചത് കണ്ടില്ലേ?.സംഭവിച്ചത് മറ്റെങ്ങുമല്ല;നമ്മുടെ കേരളനാട്ടില്‍.എന്തു കൊള്ളരുതായ്മകള്‍ കണ്ടാലും പ്രതികരിക്കുകയും,കൊള്ളരുതായ്മകള്‍ കാണിക്കുകയും ചെയ്യുന്ന ബുധജനം താമസിക്കുന്ന നാട്ടില്‍.ആലുവയിലെ നല്ലവരായ നാട്ടുകാരാണ്‌ ഇതു വെളിച്ചത്തുകൊണ്ടു വന്നതും ഇത്രയധികം വാര്‍ത്തക്ക് പ്രാധാന്യം കിട്ടിയതും.ചില യുവജനസംഘടനകളുടേയും ശക്തമായ ഇടപെടലുകള്‍ മൂലമാണ് ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടതും.ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഗാര്‍ഹീക പീഡനങ്ങളിലെ കേസുകളില്‍ ഇതും തേഞ്ഞുമാഞ്ഞു പോയിരുന്നേനെ.

തിരിച്ചറിവുകള്‍

എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള്‍ ഒരു ദിവസം എന്നോടു പറഞ്ഞു.

പക്ഷെ ഇതൊക്കെ കേള്‍കുമ്പോള്‍ എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.

കൂട്ടിച്ചേര്‍ക്കേണ്ട വാക്കുകള്‍



വാത്സല്ല്യം.

മാതൃത്വം
നുകര്‍ന്നുറങ്ങിയ
കുഞ്ഞ്.


പിതാവ്

ഇരമ്പുന്ന
നഗരം


മാതാവ്

കടലിനടിയിലിരുന്ന്
കരയുന്നവള്‍



പ്രണയം

കുരുക്ഷേത്ര
ഭൂമിയില്‍
സ്വച്ഛന്ത
മൃത്യു വരിച്ച
ഭീഷ്മരുടെ
പകലില്‍ കലര്‍ന്നു
പോയ നിഴല്‍.





ഗള്‍ഫ്


ജീവിതമില്ലാതെ
ജീവിക്കുന്നവന്റെ
ശവപ്പറമ്പ്.
ഇതെല്ലാം അടിഞ്ഞുകൂടി
ആണോ
ഗ്യാസും,പെട്രോളും
ഉണ്ടായത്?.

Wednesday, August 10, 2011

പ്രണയത്തെ നിര്‍വ്വചിച്ച വചനം.





"ഞാന്‍ എന്റെ

ശ്വാസം നിനക്കു

നല്‍കട്ടെ"

Thursday, July 28, 2011

പല്ലുപൊട്ടിയ ജീവിതം

ജീവിതം
പടിവാതില്‍ക്കലെത്തി
ദാഹിച്ചു
നിലവിളിച്ചപ്പോള്‍
കൊഞ്ഞണം കാട്ടി
പറഞ്ഞുവിട്ടവന്‍
പ്രവാസി.

Tuesday, May 31, 2011

ഒറ്റയായിപ്പോയ " 1" ("ഒന്ന്")


ഒന്നുമുതല്‍ അല്ലാതെ
എണ്ണിത്തുടങ്ങാന്‍ കഴിയില്ല.
പത്തു കഴിഞ്ഞാല്‍ പിന്നെ
ഒന്നിന്റെ സ്ഥാനം
പടിപ്പുറത്ത്.
മഴയും,കൊടും വെയിലുമേറ്റ്
ഒറ്റക്കിരുന്ന് കരയും.
പതിറ്റാണ്ട് കഴിയുമ്പോള്‍
ഇരുപത്തിന്റെ കൂടെയോ,
മുപ്പത്തി ഒന്നിന്റെ കൂടെയോ
പ്രായത്തിന്റെ ചിരിയുമായി
കാലത്തിന്റെ ഉമ്മറപ്പടിയില്‍
ഒന്നിനെ കാണാം.
ഇടയ്ക്കെപ്പോഴോ
സ്വാര്‍ത്ഥതയുടെ
പേരില്‍ പൂജ്യങ്ങള്‍
ഒന്നിനോടു സ്നേഹം
കാണിക്കാറുണ്ട്.
"ഒറ്റ" എന്നു വിളിച്ച്
പൂജ്യങ്ങളും,ഇരട്ടകളും
അടക്കിചിരിക്കുന്നു.
പക്ഷെ ഒന്നു ചോദിച്ചോട്ടെ
"എന്നില്‍ നിന്നല്ലാതെ
നിങ്ങള്‍ക്ക് തുടങ്ങുവാന്‍
കഴിയുമോ?"
"പൂജ്യമേ നീയെന്നോടു
ചേര്‍ന്നു നില്‍ക്കണം
എന്റെ വില അറിയണമെങ്കില്‍"
അക്കങ്ങള്‍ നിരത്തുമ്പോള്‍
വലത്തു നിന്നു എണ്ണിത്തുടങ്ങുവാന്‍
ഇഷ്ടപ്പെടുന്നവര്‍ക്ക്
എന്നും ഒറ്റക്കായവന്റെ ശബ്ദം
ജല്പനങ്ങള്‍ മാത്രം.

Thursday, May 26, 2011

വെറുപ്പും,കറുപ്പും തമ്മിലുള്ള അകലം.

ഈ പ്രപഞ്ചത്തിലെ
ഇരുട്ട്
കലര്‍ന്ന വാക്ക്,വെറുപ്പ്.

ഇതില്‍,
ഒരു അക്ഷരത്തിന്റെ
ദൂരത്തില്‍
"വെ"റുപ്പ് "ക"റുപ്പ്
നിറം വ്യാപിച്ച്
കണ്ണുകള്‍ അന്ധകാരം
നിറഞ്ഞതാകുന്നു.

ഭൂമിയെ കറുപ്പിക്കുന്നതും
ഈ രണ്ടു വാക്കുകളും
ചേര്‍ന്നാണ്.

Tuesday, May 17, 2011

വെളിച്ചത്തിന്റെ ഉത്ഭവം.


ജീവിതം.

പ്രായത്തിന്റെ
അളവുകോലില്‍
അടിക്കണക്കു പറഞ്ഞ്
ആറടിയില്‍
സംതൃപതനാകുന്നവന്‍.

മരണം

എല്ലാവാരാലും
ശപിക്കപ്പെട്ട്
ഇരുട്ടിന്റെ
കോണില്‍
മുഖമമര്‍ത്തി വിതുമ്പുന്നവന്‍

കാലം

വടക്കു നോക്കി
യന്ത്രം
നഷ്ടപ്പെട്ട
നാവികന്‍.

Saturday, April 30, 2011

പ്രണയവും,ബുദ്ധിയും.കുടുംബവും.


പ്രണയത്തിനു കണ്ണില്ല എന്നു പറയുന്നവരേ ഇതു വായിക്കരുത്.കാരണം "കണ്ണില്ല" എന്ന വാക്ക് ഇവിടെ ഞാന്‍ "ബുദ്ധിയില്ല" എന്ന വാക്കിനോടു ഉപമിപ്പിക്കുന്നു.പ്രണയത്തിനു കണ്ണുവേണം എന്നാലേ അതുമൂലമുണ്ടാകുന്ന വിപത്തുകളെ കാണാന്‍കഴിയൂ.അതിലൂടെ മാത്രമേ ഒരു നല്ല പ്രണയങ്ങളുടെ കാമുകന്‍/കാമുകി ആകാന്‍ കഴിയൂ.

കാമുകന്റെ/കാമുകിയുടെ ചിന്തവരുമ്പോള്‍ തൃശൂര്‍പൂരം വെടികെട്ടുപോലെ മിന്നിത്തിളങ്ങുകയും,കണ്ണൂര്‍ കൂത്തുപറമ്പ് ബോംബുകളെപ്പോലെ വക വെയ്ക്കാതെ വരുമ്പോള്‍ രക്തസാക്ഷികളായി മാറുന്നത് നിങ്ങളുടേയും ചേര്‍ത്ത് മൂന്നു കുടുംബങ്ങള്‍ ആയിരിക്കും.

Monday, April 25, 2011

പ്രതീക്ഷകള്‍ മനസ്സു നിറക്കുമ്പോള്‍



വെയില്‍ കൊരുത്തെടുത്ത
പവിഴമുത്തുകള്‍ പോലെ
മഴയുടെ ചിരിമൊട്ടുകള്‍
ഭൂമിയെ അണിയിച്ചിരിക്കുന്നു.

നിശകള്‍ പകലിലേക്ക്
അലിഞ്ഞില്ലാതാവുന്നു.

നഗരത്തിന്റെ ഇരമ്പല്‍
വാക്കുകളുടെ ശബ്ദങ്ങള്‍
എല്ലാം അസ്ഥതയുടെ ചിന്ഹങ്ങള്‍.

മനസ്സ് ജീവിതഗേഹത്തില്‍
വീണുടഞ്ഞു കിടക്കുന്നു.
ദിനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നു.
'ഒരു ശില്പിക്കും പുനര്‍നിര്‍മ്മിക്കാന്‍
കഴിയാത്ത ഒന്നാണ്‌ മനസ്സ്'.
കടലിന്റെ നാഡികളാകാന്‍
നദികള്‍ക്ക് കഴിയുന്നു.
ഉപ്പുവെള്ളത്താല്‍ നീറുന്ന
സമുദ്രത്തിനു പുഴകള്‍ ആശ്വസമേകുന്നു.

പ്രതീക്ഷകള്‍ക്ക് മനസ്സിനെ
പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമോ?
എങ്കില്‍,
എനിക്ക് അവള്‍ തരുന്ന
പ്രണയവും,സ്നേഹവും
മറ്റൊരു പകലിലേക്കുള്ള
പ്രതീക്ഷയാണ്;
കടലിന്റെ നാഡികള്‍ പോലെ
നദികളുടെ കൈവഴികള്‍ പോലെ.



Thursday, April 21, 2011

നഷ്ടപ്പെടുന്നത്...


കിട്ടുന്നതെല്ലാം
ഒരിക്കല്‍
നഷ്ടപ്പെടും;
സ്നേഹം,പ്രണയം,
വാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
ഈ ധരിത്രി പോലും അന്യം.
പക്ഷെ മരവിച്ചു
തുടങ്ങിയ മാനവ
കുലത്തിനു
നഷ്ടത്തിന്റെ
കണക്കുകള്‍
അറിയില്ല.
പൊയ്ക്കാല്‍
മനസ്സിനെ
മറവിയുടെ
ചാട്ടാവാറിനാല്‍
മുന്നോട്ടു പായിക്കുന്നു;
ലക്ഷ്യസ്ഥാനമില്ലാതെ.
വേദനയേറ്റ മനസ്സ്
തട്ടിയുടച്ച സമയങ്ങള്‍
അസ്തമനത്തിന്റേതായിരുന്നു.
മറവിയില്‍ ഒരു
കുഞ്ഞുപൊട്ടുപോലെ
ഒരു വെളിച്ചം കാണുന്നു
അത് അവളായിരിക്കും;
പ്രണയത്തിന്റെ
വഴികാട്ടിയായി കത്തുന്ന
വെളിച്ചത്തിന്റെ
ഉയരമുള്ളവള്‍.
മുനിഞ്ഞു കത്തുമ്പോഴും
ഇരുട്ടില്‍ വഴികാട്ടി
ആയവള്‍.
എന്റെ യാത്രകള്‍ ഇനി
അവളിലേക്ക് ചേര്‍ന്ന്
നില്‍ക്കാന്‍  വേണ്ടിയാണ്.
നഷ്ടപ്പെടുന്നതിനു മുന്‍പ്
ആ വെളിച്ചത്തിനരുകിലെത്തണം
മറിവകളെ നിങ്ങളോടൊരപേക്ഷ
ഓര്‍മ്മിക്കാന്‍
ഒരിറ്റു സ്ഥലം തരണം
അവിടേക്കെത്തുന്നതുവരെയെങ്കിലും.

Monday, April 11, 2011

മഴ ഒരു കണ്ണാടി.


മഴ വന്നാല്‍
വേലിക്കരികിലെ
ചുകന്ന ചെമ്പരിത്തിപ്പൂ
തലതാഴ്ത്തി നില്‍ക്കുന്നതു കാണാം,

മുത്തച്ഛനില്ലാത്ത വീടിന്റെ
ഉമ്മറപ്പടിയില്‍ മഴയില്‍
നടക്കാന്‍ ഇഷ്ടപ്പെടുന്ന
തുരുമ്പിച്ച
ഒരു കാലന്‍ കുടയുണ്ട്.

മഴ വാരിയെടുക്കാന്‍ മറന്നു
പോയ തുള്ളികള്‍ ഇടയ്ക്ക്
സ്കൂളിന്റെ പൊട്ടിയ മേല്‍ക്കൂരയില്‍ക്കൂടി
അടര്‍ന്നു വീഴാറുണ്ട് 
എന്റെ ഓര്‍മ്മകളുടെ ചോറ്റുപാത്രത്തിലേക്ക്!.

Related Posts Plugin for WordPress, Blogger...