Wednesday, March 30, 2011

തിരിച്ചറിവുകള്‍

എന്നെ ഇങ്ങനെ സ്നേഹിക്കരുത് എന്ന് അവള്‍ ഒരു ദിവസം എന്നോടു പറഞ്ഞു.

പക്ഷെ ഇതൊക്കെ കേള്‍കുമ്പോള്‍ എനിക്കു സംശയം തോന്നുന്നു;എങ്ങനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നതെന്ന് അറിയുവാന്‍ കഴിയുക!.ഒരാള്‍ പറയുന്നുത് മറ്റൊരാള്‍ പറയുമ്പോള്‍ നമ്മള്‍ക്ക് അറിയുവാന്‍ കഴിയുമെന്ന്.അല്ലെങ്കില്‍ നമ്മള്‍ക്ക് കിട്ടുന്ന ഉപാധികളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുന്നതു കൊണ്ടാകാം.അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ നമ്മുടെ സ്നേഹത്തെ മനസ്സിലാക്കുന്നത് വാക്കുകളിലൂടെ അല്ലെ.ഈ വികാരം നമ്മള്‍ക്ക് വാക്കുകളിലൂടെ മാത്രമേ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയൂ എന്നല്ലേ അതിനര്‍ത്ഥം.

പണ്ട് അച്ഛനും,അമ്മയും തീവ്രമായി കലഹിക്കുന്നതു കാണുമ്പോള്‍ മുറിയുടെ അരണ്ട വിളക്കു വെട്ടത്തില്‍ ഞാന്‍ മനസ്സിനെ ഭ്രാന്തമായ ചിന്തകളിലേക്ക് വലിച്ചിഴക്കാറുണ്ട്.അനിയന്‍ അച്ഛനോടും,അമ്മയോടും വഴക്കു കൂടല്ലേ എന്നു പറയുന്നതിന്റെ ദൈന്യതയാര്‍ന്ന മുഖം എന്നെ അലട്ടാറുണ്ട്.അന്നൊക്കെ നിലാവ്‌ ചുരത്താനാകാതെ നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെ പോലെ എന്റെ സ്നേഹം വറ്റിപ്പോകുന്നത് ഞാനറിഞ്ഞുട്ടുണ്ട്.

പക്ഷെ അന്നെല്ലാം എനിക്കു കൂട്ടായി ഇരുന്നത് ബക്ഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങളും,കൃഷ്ണനെ പ്രാണനോളം സ്നേഹിച്ച മാധവികുട്ടിയുടെ കഥകളുമായിരുന്നു.അതൊക്കെ ഒരു ചിതലിനെപ്പോലെ ഞാന്‍ ആഹാരമാക്കുകയായിരുന്നു.ഒരു ഒറ്റപ്പെടലില്‍ നിന്ന് സ്നേഹത്തെ തേനറകളെപ്പോലെ എന്നിലെത്തിച്ചത് ഇവരായിരുന്നു.നാലപ്പാട്ടെ വലിയമുറികളില്‍ അമ്മമ്മയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന ആമിയെന്ന പെണ്‍കുട്ടിക്ക് പകരം ഞാന്‍ എന്നെ തന്നെ കണ്ടു.തലമുടികളിലൂടെ തഴുകുന്ന അമ്മമ്മയുടെ വിരലുകളില്‍ ഞാന്‍ മുറുകെപിടിച്ച് കഥകള്‍കേട്ട് ആ മടിയില്‍ കിടന്ന് ഞാനുറങ്ങുന്നതു പോലെ സങ്ക്ല്പിച്ചു.ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ മനസ്സിന്റെ തന്ത്രികള്‍ പൊട്ടി പൊടിപിടിച്ച് ജീവിതത്തെ തേടി നടന്നേനെ.

ഈയൊരു തിരിച്ചറിവുകളാണ്‌ ഞാന്‍ അവള്‍ക്കു നല്‍കുന്നത്.എന്റെ മനസ്സിനെ നോവിച്ച കുടുബത്തിന്റെ അന്തരീക്ഷത്തെ സ്നേഹം കൊണ്ട് തോല്പ്പിക്കണമെന്ന വാശി.

ഇന്നെനിക്ക് അവളുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയും.പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ ചോദ്യം അവള്‍ ആവര്‍ത്തിക്കും.ചേതന്‍ഭഗതിന്റെ ഒരു കുറിപ്പില്‍ പറഞ്ഞതുപോലെ;"നമ്മളൊക്കെ ലിമിറ്റഡ് പിരീഡുകള്‍ ഉള്ള പ്രീപെയ്ഡ് കണക്ഷനുകളാണ്.എന്നു തീരുന്നോ അന്നു നിര്‍ത്തേണ്ടി വരും".അതുകൊണ്ട് ഈ ജീവിതം റീ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ സ്നേഹമെന്ന വിലകൂടിയ കാര്‍ഡ് വാങ്ങിക്കുകയേ നിവൃത്തിയുള്ളൂ.

വാല്‍കഷണം:നമ്മള്‍ക്ക് നഷ്ടം കൂടാതെ നല്‍കുവാന്‍ കഴിയുന്നതും,നമ്മളില്‍ അക്ഷയപാത്രം പോലെ ഉള്ളതും ഒന്നേ ഉള്ളൂ,സ്നേഹം.അറിഞ്ഞു  കൊടുക്കന്നവര്‍ക്ക് അത് ആയിരം ഗുണം ചെയ്യും.
Photocourtesy:Photo Search

Related Posts Plugin for WordPress, Blogger...