Thursday, October 15, 2009

എന്റെ സ്കൂള്‍ വരാന്തയിലെ നിഴലുകള്‍.


വര്‍ഷങ്ങള്‍ക്ക് പിറകിലോട്ട് ഒരു തിരിച്ചുപോക്ക്!സുഖമുള്ള  ഒരു അവസ്ഥയാണ്.എന്റെ പത്താം ക്ലാസ്സിലെ ഒരു സംഭവം ഇവിടെ കുറിക്കുന്നു.
സ്ഥലം: G.H.H.S,Ottakkal - YEAR -1994
ചരിത്രം, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ, ക്ലാസ്സ് തകര്‍ത്ത് നടക്കുന്നു.ക്ലാസ്സിലെ കേമനാണ്' പാഠ ഭാഗം വായിക്കുന്നത്;ജാമാലുദ്ദിന്‍ സാര്‍ (ഞങ്ങള്‍ പുള്ളിയെ ചുരുക്കി "ഇടിയന്‍" എന്നാണ്   വിളിച്ചിരുന്നത്,ആരെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ പതുക്കെ സ്റ്റാഫ് റൂമിനകത്ത് കയറ്റും; പിന്നെ പൊടിപൂരമാണ്) പകുതി ഉറക്കത്തില്‍ പാഠ ഭാഗങ്ങള്‍ വിവരിക്കുന്നുണ്ട്.-ക്ലാസ്സിലെ കുരുത്തം കെട്ടവന്‍മാര്‍ ഞങ്ങള്‍ ആയതു കൊണ്ട് ഏറ്റവും പുറകിലെ ബന്ചിലാണ്' ഞാന്‍,ജീവന്‍,ജസ്ട്രസ്സ്,ജോണ്‍ ഇരിക്കുന്നത്.

പെട്ടന്നായിരുന്നു സാര്‍ എന്നെ വിളിച്ചത്,"ടാ ഉണ്ണീ പുസ്ത്കമെടുത്തോണ്ട് ഇവിടെ വന്ന് ബാക്കി ഭാഗം വായിക്ക്".
ഞാന്‍ ഓര്‍ക്കാപ്പുറത്ത് അടികിട്ടിയതു പോലെ ആയി!.പുറകില്‍ ഞാനും ,ജോണും കൂടി ഡസ്ക്കില്‍ ചെറിയ വട്ടം വരച്ച് ഗോലി കളിക്കുക ആയിരുന്നു.അതിന്റെ തിരക്കില്‍ പുസ്തകം എടുത്ത്  വെയക്കാന്‍ പോലും മറന്നു.





കയ്യില്‍ ഉണ്ടായിരുന്ന ഗോലി ഒളിപ്പിക്കാനോ,പുസ്തകം എടുക്കാനോ സമയം കിട്ടിയില്ല;അപ്പോഴെക്കും സാര്‍ എന്റെ അടുത്തെത്താറായിരുന്നു.
'' എന്താടാ ഇത്ര താമസം".ഒരു ഇരയെ കിട്ടിയതു പോലെ സാറിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരിന്നു.

ഞാന്‍ ഒന്നും മിണ്ടാതെ കയ്യില്‍ കിട്ടിയത് ജസ്ട്രസ്സ് ഡസ്ക്കില്‍ നിവര്‍ത്തി വെച്ചിരുന്ന പുസ്തകമാണ്;അതും എടുത്ത് ,ഗോലിയും പുസ്തകത്തിന്റെ സൈഡില്‍ പിടിച്ച് ഞാന്‍ സാറിന്റെ മേശക്ക് അടുത്തേക്ക് നടന്നു (അവിടെ നിന്നാണ്' പുസ്തകം വായിക്കേണ്ടത്.).

സാര്‍ എന്റെ അടുത്ത് നില്‍ക്കുകയാണ്.
ഞാന്‍ വിറച്ച്,വിറച്ച് പുസ്തകം തുറന്നു.ഞെട്ടിപ്പോയി!.ചരിത്ര പുസ്തകത്തിനു പകരം കണക്കു പുസ്തകം .ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
ഞാന്‍ നോക്കിയപ്പോള്‍ ജസ്ട്രസ്സ് ചിരി അടക്കാന്‍ പാട്പെടുന്നതു കണ്ടു-''നിനക്കു വെച്ചിട്ടുണ്ടെടാ '' ഞാന്‍ കണ്ണുകൊണ്ട് അവന്റെയടുത്ത് പറ്ഞ്ഞു.
''എന്തെ നിനക്ക് വായന വരുന്നില്ലെ!"ജമാലിന്‍ സാറിന്റെ കടുത്ത സ്വരം .
ഞാന്‍ വിറച്ച് ,വിറച്ച് പറഞ്ഞു,"സാര്‍ പുസ്തകം...''
ബാക്കി പറയുന്നതിനു മുന്‍പെ സാര്‍ പുസ്തകം വാങ്ങി എന്റെ
തലക്ക് ഒറ്റ അടിയായിരുന്നു,കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നി.
എന്റെ അടുത്ത ഭയം ഗോലി ആയിരുന്നു. കണ്ടാല്‍ അടുത്ത അടി ഉറപ്പാണ്;ഞാന്‍ വെപ്രാളത്തില്‍ ഗോലി പുറത്തേക്ക് എറിഞ്ഞു, ചെന്ന് വീണത് വരന്തയില്‍ക്കുടി പോവുകയായിരുന്ന വിലാസിനി ടീച്ചറിന്റെ ദേഹത്ത്(ഞങ്ങളുടെ മലയാളം ടീച്ചര്‍)
'ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായി എന്റെ അവസ്ഥ.'
പിന്നീടുണ്ടായ പൂരം പറയണ്ടല്ലോ!
സ്റ്റാഫ് റൂമിന്റെ വാതിലടഞ്ഞു ;പിന്നിട് കേട്ടത് എന്റെ ദീന രോദനങ്ങള്‍ ആയിരുന്നു.
പുറത്തിറങ്ങിയപ്പോള്‍ ജസ്ട്രസ്സ്,കാലന്‍, ഒരു കൂറ ചിരിയുമായി നില്‍ക്കുന്നു.കൈയ്യില്‍ കിട്ടിയത് ഒരു കല്ലാണ്';എടുത്ത് ഒരു കീച്ചു കൊടുത്തു.
''അയ്യോ" എന്ന വിളി കേട്ടപ്പോള്‍ പകുതി വേദന പോയതു പോലെ തോന്നി.
ഒടിഞ്ഞ് നുറുങ്ങിയ വേദനയുമായി ഞാന്‍ ക്ലാസ്സിലേക്കും നടന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...