Sunday, May 30, 2010

ദൈവമേ,നീയെന്റെ സുഹൃത്തിനെയാണ്‌ കൊന്നത്.

പഴയ തകരപ്പെട്ടികള്‍ മാറാല കളഞ്ഞ് അടുക്കി വെയ്ക്കുന്നതിനിടയിലായിരുന്നു അവന്‍ ആ കത്ത് കണ്ടത്.പോസ്റ്റോ ഓഫീസില്‍ നിന്നും പതിച്ച സീലുകള്‍ മാഞ്ഞ്,പുകയുടെ പഴക്കം ചെന്ന മഞ്ഞക്കറ പുരണ്ട് നീല നിറം മങ്ങിയ ഒരു കത്ത്.പഴയ കത്തുകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്!.പക്ഷെ എന്തുകൊണ്ടാണ്‌ ഇതു മാത്രം നിറഞ്ഞു കണ്‍മുന്നില്‍പ്പെട്ടത്!.അവന്‍ ആ കത്ത് പൊടിതട്ടി എടുത്ത് ഒരു കാലുപോയിക്കിടന്ന മാറാല പിടിച്ച കാസേരയിലേക്ക് ഒരു പേപ്പര്‍ വിരിച്ച് ബാലന്‍സ്സ് ചെയ്ത് ഇരുന്നു.കൈപറ്റാന്‍ ആളില്ലാതെ തിരിച്ചു വന്ന ഒരു കത്തായിരുന്നു അത്.അതിന്റെ താളുകള്‍ മെല്ലെ അടര്‍ത്തി മങ്ങിത്തുടങ്ങിയ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു......



പ്രിയപ്പെട്ട ജീവൻ,
നിനക്ക് സുഖമെന്നു കരുതട്ടെ!.ഇവിടെ ഈ മരുഭൂമിയിൽ‍ ഓർമ്മകൾക്ക് പഞ്ഞമില്ല.ഗൃഹാതുരുത്വം  പേറിജീവിച്ച് അതിലൂടെ യാത്ര ചെയ്യുമ്പോൾ‍ അനന്തമായി കിടക്കുന്ന മരുഭൂമിയിൽ ചുട്ടുപഴുത്ത മണലിൽ‍ ജീവിക്കുന്ന മുൾ‍ച്ചെടി പോലെയാണ്‌ -ഒറ്റക്ക്.
ഓർമ്മകളുടെ ദാഹം‍ വന്നു നിറയുമ്പോൾ‍ ഒഴിഞ്ഞ കൂനും പേറി നടക്കുന്ന ഒട്ടകകൂട്ടങ്ങളെപ്പോലെയാണ്‌ മനസ്സ്.
നിന്റെ കറുത്തിരുണ്ട കൊലുന്നനെയുള്ള രൂപം ഇതെഴുതുമ്പോളും‍ കണ്മുന്നിൽ‍ നിറഞ്ഞു നിൽക്കുന്നതു പോലെ.എന്റെ വീടിന്റെ അടുത്ത് സ്ഥലം വാങ്ങി എന്റെ വീടിനെക്കളും‍ വലിയ വീടുവച്ചപ്പോൾ‍ എനിക്ക് അപകർഷധാബോധമാണുണ്ടായത്.നീ ഇനി എന്നും നിന്റെ കൂട്ടുകാറരെ നിന്റെ വീട്ടിൽ‍ ക്ഷണിക്കും‍,അവർ എന്റെ വീടു കണ്ട് എന്നെ കളിയാക്കും എന്ന വിചാരം‍ നിമിത്തം എനിക്ക് നിന്നോട് അസൂയയും,ദേഷ്യവും‍
തോന്നിയിരുന്നു.
നീയും‍,നിന്റെ ചേട്ടനും‍,അച്ചനും‍കൂടി ടാപ്പിം‍ഗിനു പോകുമ്പോൾ എന്റെ ചിന്തകള്‍ നിന്നെ അനുഗമിക്കാറുണ്ടായിരുന്നു.
കാലങ്ങളുടെ പഴക്കം എന്നെ നിന്റെ വീടിനോട് അടുപ്പിച്ചു.ഇടയ്ക്കിടക്ക് ഞാൻ നിന്റെ വീട്ടിലെ ഒരു സന്ദർശകനായി.ദീപാവലിക്ക് പണിയാറവും,അടയും‍,മധുര അടയും‍,കട്ടിയുള്ള റൊട്ടിയും‍,സമോറിലെ ചൂടുള്ള കട്ടൻ‍കാപ്പിയും‍ കഴിക്കുവാൻ‍ എനിക്ക് സാധിച്ചിരുന്നു.
കൃസ്തുമസ്സ് രാത്രികളിൽ മഞ്ഞുവീണ വഴുക്കുള്ള പാറകളും‍,തോടുകളും‍ കടന്ന് കരോളിനു ഞാൻ‍ വന്നിരുന്നത് കപ്പയും‍,കർണ്ണം‍പൊട്ടി മുളകു ചേർത്ത സമ്മന്തിയും‍ കഴിക്കാനാണേന്നു പറഞ്ഞ് നീ എന്റെ മനസ്സിനെ നോവിക്കാറുണ്ടായിരുന്നു.പക്ഷെ അന്നെനിക്കു ബന്ധങ്ങളുടെ പവിത്രത മനസ്സിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു.ഇന്ന് ,വളർന്നപ്പോൾ‍ ഗൗരവും‍ വരുത്തുവാൻ ‍,പരുക്കൻ സ്വരവും‍,ദേഷ്യവും‍ ഞാൻ‍ അഭിനയിക്കുന്നു.
ഡിസംബറിന്റെ തണുത്ത വെയിൽ‍ വീഴുന്ന കൃസ്തുമസ്സ് ദിനത്തിൽ‍ തിളക്കമില്ലാത്ത അലൂമിനിയം‍ പാത്രത്തിൽ‍ എത്തുന്ന കോഴിക്കറിയും‍,വാഴയിലയിൽ‍ പഞ്ചസാരയുടെ അഴുക്കുപുരണ്ട പോടികൾ‍ നിറഞ്ഞ കടലാസിൽ‍ പൊതിഞ്ഞ കേക്കും‍ കാത്ത് ഞാൻ അക്ഷമനായി ഇരിക്കാറുണ്ടായിരുന്നു.
ഒരിക്കൽ‍ അകാല നര ബാധിച്ച നിന്റെ അപ്പയുടെ തലമുടി നോക്കി ഞാൻ‍"നരപ്പൻ" എന്നു വിളിച്ചപ്പോൾ‍ എന്നെ നോക്കി നിന്റെ ട്രൗസ്സറിൽ കൈ തിരുകി നീ ഒന്നും പറയാതെ നിന്നപ്പോൾ എനിക്കു അത്ഭുതം തോന്നി.
സ്കൂളിൽ ഏറ്റവും‍ പിറകിൽ‍ നിന്റെ സ്ഥാനവും‍ എന്നെ ഇടക്കു വേദനിപ്പിച്ചിരുന്നില്ല.റബ്ബർ പാലിന്റേയും‍,ഒട്ടുകറയുടേയും‍ മണമുള്ള നിന്റെ അടുത്തു ഇരിക്കുവാൻ‍ എനിക്ക് താല്പരയമുണ്ടായിരുന്നില്ല.മനം‍മടുപ്പിക്കുന്ന അത്തറും പൂശി വരുന്ന ഷാനവാസിന്റേയും‍,കുട്ടിക്കുറ പൗഡറിന്റെ വെളുപ്പ് അങ്ങിങ്ങായി മുഖത്തുള്ള സുനിയുടെ അടുത്തായി ഞാനിരുന്നു.
മദ്യത്തിന്റെ അടിമയായി ഒരുദിവസം എന്റെ അച്ഛൻ നിന്റെ വീട്ടിൽ‍ ബഹളമുണ്ടാക്കിയപ്പോൾ‍ തറയിലൂടെ വലിച്ചിഴക്കപ്പെട്ട അയ്യാളെ നോക്കി നീ നിർനിമേഷനായി വെയിലേറ്റു പുളഞ്ഞു തുടങ്ങിയ പ്ലാവിന്റെ വാതിലിൽ ചാരി നീ എന്നെ നോക്കുന്നതു ഞാൻ അപമാനഭാരത്താൽ‍ തലകുനിച്ചപ്പോൾ‍ ഒരു വേള കണ്ടിരുന്നു.
സ്കൂളിലേക്ക് എന്നും താമസ്സിച്ചിറങ്ങുന്ന എന്നേയും‍ കാത്ത നീ എന്റെ വീട്ടിന്റെ മുന്നിൽക്കുടി വന്ന് ഉമ്മറത്ത് ഇരിക്കുന്നത് നിലച്ചപ്പോൾ‍ എനിക്ക് കരയണമെന്നുണ്ടായിരുന്നു.പക്ഷെ നീ എന്നേയും‍ കാത്ത് നാണുവൈദ്യരുടെ റബ്ബർ തോട്ടത്തിലെ വെള്ളപ്പാണ്ടുപിടിച്ച പാറയിൽ‍ നിൽക്കുമായിരുന്നു.

വഴക്കുകൾ‍ നല്ല മനസ്സിനെ അടുപ്പിക്കുമെന്ന തത്ത്വമായിരുന്നു എനിക്ക്.അതാണല്ലോ നമ്മുടെ കുടുംബങ്ങൾ‍ വീണ്ടും ഒന്നായത്.ഇവിടെ അതൊന്നുമില്ല.വഴക്കുണ്ടായാൽ അവനെ ആജ്ന്മ ശത്രുവായി കാണുന്നു.അവനെ എങ്ങനേയും‍ ഒഴിവാക്കാൻ‍ നോക്കുന്നു.
ഒഴിവുകാലങ്ങളിൽ കുത്തിയൊലിച്ചു പെയ്തമഴയിൽ‍ പുഴക്ക് കുറുകെ നീന്തി നീ ഡാമിൽ നിന്ന് ഒലിച്ചു വന്ന "ഗോൾഡ് ഫിഷിനെ " നീ പിടിച്ചതും,ഒരിക്കലും നമ്മുടെ വീടു കയറാൻ‍ കൂട്ടാക്കാത്ത രായമ്മ നിന്റെ വീടുതേടി വന്നതും ഇന്ന് പകൽക്കിനാവു പോലെ നേർത്തു നിൽക്കുന്നു.
നിന്റെ പാന്റുകൾ എനിക്ക് നീ ഉദാരമായി തന്നിരുന്നു.എന്റെ വല്ല്യമ്മയുടെ വീട്ടിൽ പോകുവാൻ എനിക്ക് പള്ളിയിലെ 'കൊടികെട്ടിനു' വാങ്ങിച്ച 10 രൂപയുടെ കറുത്ത കണ്ണടയും‍,നീല ഷൂസും നീ ഒരു ഭയവുമില്ലാതെ തന്നിരുന്നു.എന്റെ അമ്മക്കും,അച്ഛനും ലജ്ജയും,അപമാനവും കൊണ്ട് എന്നെ വിലക്കിയിരുന്നു.
സമൂഹത്തിലെ പൊള്ളയായ പലതും‍ വെച്ച് കൂട്ടിയൊജിച്ചപ്പോൾ‍ വഴക്കുണ്ടാകുമ്പോൾ‍ നിന്നോട് അടുക്കാതിരിക്കുവാൻ‍ ഞാൻ ശീലിച്ചു.ശരീരത്തിന്റേയും‍,കാര്യശേഷിയുണ്ടാകാനുമുള്ള മലക്കം‍ മറിച്ചിലിൽ‍ ഞാൻ നിന്നോടു അകലം‍ പാലിക്കുവാൻ ശ്രമിച്ചു.അതെല്ലാം ഉണങ്ങിചുളുങ്ങിയ പുറം തോട് പോലെയാണ്‌ എന്ന്‌ എനിക്കു പിന്നീടു മനസ്സിലാക്കേണ്ടി വന്നു.
ജീവിതത്തിന്റെ ഓട്ടം തുടങ്ങുവാൻ‍ വെളുത്ത പൊടികൾ‍ കൊണ്ട് വരച്ച രേഖനോക്കി പോയപ്പോൾ‍ ഞാൻ നിന്നെ മറന്നു.
ഒരിക്കൽ നരച്ചു തുടങ്ങിയ ഒരു വേനൽ‍ അവിധിയിൽ‍ ഞാൻ നാട്ടിലെത്തിയപ്പോൾ‍ നിന്റെ രോഗം വിവരം നിന്റെ അപ്പ ആയിരുന്നു എന്നോട് പറഞ്ഞത്.
പഠിത്തം ഉപേക്ഷിച്ച് വീടുപുലർത്തുവാനായി മണൽ തൊഴിലാളി ആയ നീ ഒരു ദിവസം വള്ളത്തിൽ‍ നിന്നു വീണെന്നു,അന്ന് നിന്റെ വാരിയെല്ലിനു ക്ഷതം സം‍ഭവിച്ചെന്നും‍ പറഞ്ഞു.
എന്നെ ഏറെ വേദനിപ്പിച്ചത് നീയും,നിന്റെ സഹോദരൻ ജോണും തമ്മിലുള്ള അകൽച്ച ആയിരുന്നു.
ഒരു ചെറിയ കുടുംബ വഴക്കിന്റെ പേരില്‍ തകര്‍ത്തെറിഞ്ഞ സഹോദര ബന്ധത്തിന്റെ ക്ഷന്ത്യവ്വമല്ലാത്ത ഒരുതരം വികാരമായിരുന്നു അവന്റെ കറുത്തിരുണ്ട മുഖത്ത്.എനിക്കവനോട് യോജിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.ഞാന്‍ അവനോടു പറഞ്ഞു:"നിനക്ക് ഇതൊന്ന് അവസാനിപ്പിച്ചുകൂടേ".
"അവനും എന്റെ അടുത്തു ഇങ്ങനെ പെരുമാറാതിരിക്കാമല്ലോ".
അവന്റെ മറുപടി എന്ന വല്ലാതെ വേദനിപ്പിച്ചു.
ഞാന്‍ എന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതത്തിലെക്ക് വീണ്ടും ഇറങ്ങി നടപ്പു തുടര്‍ന്നു.വര്‍ഷങ്ങള്‍ക്ക് വയസ്സ് ഏറിയപ്പോള്‍ ഞാനും വാല്മീകത്തിന്റെ ഉള്ളിലായി കഴിഞ്ഞിരുന്നു.നിന്റെ വിവരങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ലായിരുന്നു.എന്റെ പുതിയ ലോകത്തിലേക്ക് ഞാനും ഇഴുകി ചെര്‍ന്നിരുന്നു.

ഞാന്‍ എന്റെ പഠിപ്പ് വല്ല്യമ്മിച്ചിയുടെ വീട്ടില്‍ നിന്നും തുടര്‍ന്നു.നഗരത്തിന്റെ തണലുകള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍  ഞാന്‍ വളര്‍ന്നു.ഒരിക്കല്‍ എം.കോം ക്ലാസ്സിന്റെ പലക മേഞ്ഞ നാലു ചുവരുകള്‍ക്കുള്ളില്‍ കാറ്റിന്റേയും,വിരസതയാര്‍ന്നു തുടങ്ങിയ തിയറി ക്ലാസ്സിന്റെയും ഉള്ളില്‍ എന്റെ ശരീരം മാത്രം നിര്‍ത്തി മനസ്സ് അലഞ്ഞുതുടങ്ങിയപ്പോള്‍ ഒരു വിളിപ്പാടെന്ന പോലെ അരോ വന്നു പറഞ്ഞു:"ഉണ്ണി, നിനക്കൊരു വിസിറ്റര്‍ ഉണ്ട്;നാട്ടില്‍ നിന്നാണെന്നു പറഞ്ഞു".
തെല്ലൊരു അകാംക്ഷയോടെ കാലം തെറ്റി പെയ്ത മഴയുടെ ബാക്കിയായി കിടന്ന,ദുര്‍ഗന്ധവും,ചളിയും പുരണ്ട ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ദൂരെ തന്നെ ഒരു വരണ്ടുണങ്ങിയ ചകിരി നാരുപോലെ തിളങ്ങിയ മുടിയില്‍ ഇനിയും തോര്‍ന്നിട്ടില്ലാത്ത ചാറ്റല്‍ മഴയിലെ തുള്ളികള്‍ നിറഞ്ഞ ഒരു പേക്കോലമായി ജോണ്‍!.ഒരു മുഷിഞ്ഞ കര്‍ച്ചീഫ് അവന്‍ മുഖത്തോടു ചേര്‍ത്തു പിടിച്ചിരുന്നു.
ചിതറിച്ച കണ്ണാടിപോലെ അവന്റെ വാക്കുകള്‍ എന്റെ ചുറ്റും വേദനയുടെ വലയം സൃഷ്ടിച്ചു.
ഈ മഴയോടോപ്പം നീയും ഭൂമിയിലേക്ക് അലിഞ്ഞില്ലാതായിരിക്കുന്നു.പിണക്കങ്ങളും,വേദനകളും,പരിഭവങ്ങളും,ബന്ധങ്ങളുമില്ലാത്ത ലോകത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു.
ഞാന്‍ ഒന്നും പറയാതെ എന്റെ സഞ്ചിയുമെടുത്ത അവനോടോപ്പം ഇറങ്ങി.

വീട്ടിലെത്തിയപ്പോള്‍ മരണത്തിന്റെ തണുത്ത നിശബ്ദതയായിരുന്നില്ല അവിടെ ,നിലവിളിയുടെ ഭയപ്പെടുത്തുന്ന ശബ്ദം എന്നെ അലസോരപ്പെടുത്തി.നിന്റെ പപ്പയെ ആശ്വപ്പീക്കാന്‍ ഞാന്‍ ഒന്നും പറഞ്ഞതുമില്ല.നിന്റെ ശരീരവുമായി ആബുംലന്സ് എത്തുന്നതും കാത്ത്  ഞങ്ങളിരുന്നു.
നിന്റെ കറുത്തിരുണ്ട കണ്ണുകളും,വേദനകലര്‍ന്നു ചിരിച്ചതുപോലെയുള്ള മുഖവും,ഇനിയും തീരാത്ത ജീവിതമെന്ന പോലെ നിന്റെ കാലുകള്‍ ഭൂമിയിലെക്ക് പതിക്കാനെന്ന പോലെ ആ ശവമഞ്ചത്തില്‍ നിന്നും പുറത്തേക്ക് തള്ളി നില്ക്കുന്നതായി എനിക്കു തോന്നി.ഇരുണ്ടുതുടങ്ങീയ മുറിയില്‍ തിങ്ങിക്കൂടിയവര്‍ വീണ്ടും നിന്നില്‍ ഇരുട്ടു വീഴ്ത്തുന്നതു പോലെ തോന്നി.
ഇടക്കെപ്പോഴോ മയങ്ങിത്തുടങ്ങിയ നിന്റെ മാതാവ് എന്നെ ക്കണ്ടപ്പോള്‍ മഴവീണു നനഞ്ഞ ഉണങ്ങിയ മരക്കൊമ്പു പോലെ തോന്നി.തൊലികള്‍ക്കിടയിലേക്ക് ഇറ്റു വീഴുന്ന വേദനയുള്ള കണ്ണുനീര്‍ എനിക്കു തുടക്കണമെന്നുണ്ടായിരുന്നു പക്ഷെ എന്റെ ബോധം എന്നെ അനുവദിച്ചിരുന്നില്ല.
ഇടുങ്ങിയ വഴിയിലൂടെ,നനഞ്ഞു തീര്‍ന്ന പുല്ലുകള്‍ക്കിടയിലൂടേ നിന്നെയും ചുമന്നുകൊണ്ട് ആള്‍ക്കാര്‍ വളരെ പ്രയാസ്സ്പ്പെട്ട പള്ളിയിലേക്ക് നീങ്ങി.

ഇരുള്‍ വിഴുങ്ങിയ ഭൂമിയില്‍ നില്ക്കുവാന്‍ എനിക്കു ഭയമായിരുന്നു.എല്ലാവരും വെളിച്ചമുള്ള അവരവരുടെ വീട്ടിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു.തെളിച്ചം കുറഞ്ഞ  വൈദ്യുതി വിളക്കുകള്‍ മരക്കാലില്‍ തൂങ്ങിയാടുന്നതു ഞാന്‍ കണ്ടു.അവയുടെ നിഴലുകള്‍ എന്നില്‍ വീഴുമ്പോള്‍ എനിക്കു ഭയം തോന്നിത്തുടങ്ങിയിരുന്നു.
നീയെന്നെ സ്വപനത്തില്‍ ഭയപ്പെടുത്തുമോ?.ഞാന്‍ നടക്കുമ്പോള്‍ എന്റെ കൂടെ നീയുണ്ടാകുമോ? എന്നൊക്കെ എന്റെ ചിന്തകള്‍ നനഞ്ഞു തുടങ്ങുമ്പോള്‍
നിശബ്ധതയെ ഉലച്ചുകൊണ്ട് പിടഞ്ഞുവീണ പക്ഷിയേപ്പോലെയുള്ള ഒരു തേങ്ങലിന്റെ ചിറകടി ശബ്ധം എന്നെ ഉണര്‍ത്തി.

ഇറങ്ങിത്തുടങ്ങിയ പടികളുടെ ഓര്‍മ്മയില്ലാതെ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പച്ചമണ്ണിന്റെ ഗന്ധം പേറിയിരുന്ന കാറ്റിന്റെ ഉലച്ചലില്‍പ്പെട്ട മെഴുകുതിരി നാളത്തില്‍ എനിക്കു ജോണിനെ കാണാമായിരുന്നു.നിന്റെ  കാല്‍ക്കല്‍ ആ മുഴിഞ്ഞ കര്‍ച്ചീഫും മുഖത്ത് ചേര്‍ത്ത് നിന്നോട് ഒന്നും പറയാതെ  വാക്കുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ പോയ ഒരു സഹോദര ബന്ധം അവിടെ പാപത്തിന്റെ ഉമിത്തീയില്‍ പിടയുന്നതു എനിക്കറിയാന്‍ കഴിഞ്ഞു.

അവനേയുംചെര്‍ത്തുപിടിച്ച് ഇരുട്ടിന്റെ നാളത്തിലേക്ക് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ആ മെഴുകുതിരി നാളം അപ്പോഴും അണയാതെ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

നീ അവനോടു ക്ഷമിച്ചിരിക്കും,അല്ലേ!

3 comments:

  1. ........................ എന്ത് പറയണം എന്ന് അറിയില്ല !!!!!!!!!!!!!, കീ ബോര്‍ഡിലെ കണീര് ഞാന്‍ ഒന്ന് തുടക്കട്ടെ

    ReplyDelete
  2. ........................ എന്ത് പറയണം എന്ന് അറിയില്ല !!!!!!!!!!!!!, കീ ബോര്‍ഡിലെ കണീര് ഞാന്‍ ഒന്ന് തുടക്കട്ടെ

    ReplyDelete
  3. ........................ എന്ത് പറയണം എന്ന് അറിയില്ല !!!!!!!!!!!!!, കീ ബോര്‍ഡിലെ കണീര് ഞാന്‍ ഒന്ന് തുടക്കട്ടെ

    ReplyDelete

Related Posts Plugin for WordPress, Blogger...