Wednesday, March 02, 2011

ശിവരാത്രിയും ,മനുഷ്യരാശിക്കുവേണ്ടിയുള്ള നന്മകളും


മനക്കണക്കുകള്‍ കൂട്ടി മടുത്ത ശരീരത്തിനു ഒരു ആയാസം കിട്ടാന്‍ വേണ്ടി വാമഭാഗത്തിനു ഡയല്‍ ചെയ്തു.അപ്പോളായിരുന്നു അവളുടെ വക ഒരു അപേക്ഷ ഫോറം കിട്ടിയത്:"നാളെ എന്നെ ഒന്നു സഹായിക്കണം"

വാമഭാഗമല്ലേ ചിലപ്പോള്‍ കടനിരങ്ങാന്‍ വേണ്ടി പണത്തിനായിരിക്കും എന്ന ചിന്ത എന്നെ ഒരു പ്രാവശ്യം പേഴ്സിനെ ഒന്നു തലോടി കടന്നു പോയി.

അങ്ങേത്തലക്കല്‍ നിന്നും വീണ്ടും ആ ശബ്ദം കേട്ടു :"നാളെ ശിവരാത്രിയാണ്"

"ഹാവൂ ,ആശ്വാസമായി ദേവ്യേ ഒന്നുകൂടി ആഞ്ഞു വിളിച്ചു"

അവള്‍ ബാക്കി പറയാന്‍ തുടങ്ങുന്നതിനു മുമ്പേ ഞാന്‍ പറഞ്ഞു
നിനക്കിപ്പോളെങ്കിലും നല്ല പുദ്ധി തോന്നിയല്ലോ..നീ നന്നാവുമെടീ നീ നന്നാവും.


സമാധനമായി,ഇനി രണ്ടു ദിവസത്തേക്ക് വിളിക്കണ്ടല്ലോ,പരാതിയും,പരിഭവങ്ങളും പണ്ടാരമടങ്ങാന്‍ കേള്‍ക്കാതെ ഒരിടത്ത് കിടന്നു സുഖമായി ഉറങ്ങാം.

പക്ഷെ,എന്നെ ഞെട്ടിച്ചുകൊണ്ട് അവള്‍ പറഞ്ഞു:"പ്ലീസ്,നാളെയെങ്കിലും എനിക്കു ഫോണ്‍ ചെയ്യരുത്."

കാറ്റത്തു കീറിപ്പോയ ലുങ്കികണക്കെ ഞാനൊന്നു ചിരിച്ചു.അവള്‍ നമ്മള്‍ക്കിട്ടൊന്നു താങ്ങി.
ആയിക്കോട്ടെ..ഞാന്‍ പറഞ്ഞൊഴിഞ്ഞു.

പ്രവാസിക്കെന്തു ശിവരാത്രിയും,ചങ്ക്രാന്തിയും എല്ലാം അവനു ഓഫീസാണു ശരണം.നെറ്റിലെ ദൈവങ്ങളേക്കണ്ടും,വിന്‍ഡോസ് മീഡിയാ പ്ലെയറിലെ ഭക്തിഗാനങ്ങളും കേട്ട് ശരണം മനസ്സില്‍ വിളിക്കാം.

ഓഫീസിലെ പണിയൊന്നുമില്ലാത്ത ഈ ദിവസം വെറുതെ ബ്രൌസി,ബ്രൌസി ഇരുന്നപ്പോളായിരുന്നു ഒരു ബോധോദയം എന്താണ്‌ ശിവരാത്രി എന്നു നോക്കിക്കളയാം എന്നു വിചാരിച്ചത്.തുരന്ന് ,തുരന്ന് മടുത്തപ്പോളായിരുന്നു ഒരു സൈറ്റ് കിട്ടിയത് അതിലെ വിവരങ്ങള്‍ എനിക്ക് വളരെ ആകര്‍ഷകമായി തോന്നി.അതിനെ ഒരു തൊലിപൊളിച്ച് പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

അപ്പോള്‍ തുടങ്ങാം അല്ലെ.ഹോമകുണ്ഡങ്ങളോ,നേദിക്കാന്‍ പൂക്കളോ,കൂവളത്തിലയോ ഒന്നും എന്റെ പക്കലില്ല .എന്നാലും മനസ്സില്‍ അഗ്നി ജ്വലിപ്പിച്ച്,വാക്കുകള്‍ നിവേദ്യങ്ങളാക്കി എഴുതുകയാണ്.

"ഓം നമഃ ശിവായ"
ഈ മന്ത്രത്തില്‍ നിന്നു തന്നെ തുടങ്ങാം.ഈ മന്ത്രത്തെ നമ്മള്‍ പഞ്ചാക്ഷരി മന്ത്രമെന്നു വിളിക്കുന്നു.ഓം എന്ന വാക്ക് നാഭിയില്‍ നിന്നുച്ചരിക്കണമെന്ന്(ഏതാണ്ട് പൊക്കിള്‍ക്കൊടിയുടെ ഭാഗം)എന്റെയടുത്ത് ഒരിക്കല്‍ ഒരു തന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച അറിയാവുന്നവര്‍ക്ക്  എഴുതാവുന്നതാണ്.

എന്താണ്‌ ശിവരാത്രി അല്ലെങ്കില്‍ മഹാശിവരാത്രി?
ഇതിനെപ്പറ്റി പല തരത്തിലുള്ള ഐത്യഹ്യങ്ങളും നിലവിലുണ്ട്.അതില്‍പരക്കെ അറിയപ്പെടുന്നതാണ്‌ ചിത്രഭാനുരാജാവിന്റെ കഥ.ഈ കഥ ഉരുത്തിരിയുന്നത് ഭീഷ്മര്‍ കുരുക്ഷേത്രഭൂമിയില്‍ അര്‍ജ്ജുനനന്റെ അമ്പേറ്റ് ശരശയ്യയില്‍ സ്വച്ഛന്ദമൃത്യുവിനായി കിടക്കുമ്പോള്‍ ചുറ്റും കൂടി നിന്ന ശിഷ്യഗണങ്ങള്‍ക്കായി നല്‍കിയ സാരോപദേശങ്ങളില്‍ വന്ന കഥയാണേന്നാണ്‌ ഐതീഹ്യം.ഈ കഥയുടെ ഒരു ഭാഗം ഞാനിവിടെ എഴുതാം:

താന്‍ മുന്‍കാലജന്മത്തില്‍ ആരായിരിന്നുവെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള,ഇഷാകു വംശത്തില്‍ പിറന്ന ഒരു രാജാവ്‌ ഭൂമിയില്‍ ഉണ്ടായിന്നു.ഒരിക്കല്‍ മഹാശിവരാത്രി ദിനത്തില്‍ അദ്ദേഹവും,പത്നിയുംപൂജയിലും,വൃതാനുഷ്ഠാനങ്ങളിലും വ്രപൃതരായിരുന്ന അവരെ തേടി ഒരു ദിവസം  ഒരു താപസ്വനെത്തി.

ഇവരുടെ അര്‍പ്പണ മനോഭാവത്തോടും അത്യധികം വൃതശുദ്ധിയോടുമുള്ള പൂജകണ്ട് മുനിവരന്‍ അവരോടു അരാഞ്ഞു:"അല്ലയോ രാജന്‍,അങ്ങെന്താണ്‌ ഈ ദിവസം ഇത്രയധികം ഭയഭക്തിയോടെ പൂജ ചെയ്യുന്നത്?''

ശിവലിംഗത്തില്‍ കൂവളത്തില അര്‍പ്പിച്ചുകൊണ്ട് താന്‍ എന്തുകാരണത്തിലാണ്‌ ഈ വൃതം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി:
"താന്‍ കഴിഞ്ഞ ജന്മത്തില്‍ സുസ്വരന്‍ എന്ന നാമത്തില്‍ വരാണസിക്കടുത്ത് ഒരു ഘോരവനത്തിന്നരികിലായി ജീവിച്ചിരുന്ന വേടനായിരുന്നെന്നും,തന്റെ ഭാര്യയേയും മക്കളേയും പോറ്റുന്നതിനായി വനത്തിനുള്ളില്‍ നിന്ന് പക്ഷിമൃഗാദികളെ വേട്ടയാടി പിടിച്ച് അതിനെ വിറ്റു കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചു വരികെ ഒരു ദിവസം താന്‍ ഘോരവനത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കവെ ഒരു മാനിന്റെ പിന്നാലെ പോയതിനാല്‍ സമയം പോയതറിയാതെ രാത്രിയായെന്നും,വഴിയറിയാതെ വിഷമിച്ചെന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ വന്യജീവികളുടെ
ഉപദ്രവത്തില്‍ നിന്നു രക്ഷനേടുന്നതിനായി ഒരു മരക്കൊമ്പില്‍ അഭയം പ്രാപിച്ചു.തന്റെ വേട്ടയില്‍ കിട്ടിയ മാനിനെ മരക്കൊമ്പില്‍ കെട്ടി അദ്ദേഹം രാത്രികഴിച്ചുകൂട്ടി.ഈ സമയമത്രേയും,ക്ഷീഇണവും,വിശപ്പും മൂലം അദ്ദേഹം തളര്‍ന്നു.ഉറക്കത്തിലെക്കു വഴുതിവീഴാന്‍ തുടങ്ങുമ്പോളായിരുന്നു പേടിച്ചും,വിശപ്പുമൂലം ക്ഷീണിതരായ തന്റെ ഭാര്യായേയും,മക്കളേയും കുറിച്ചോര്‍ത്തത്.ഈ കാരണം നിമിത്തം അയ്യാള്‍ക്ക് അതികഠിനമായ ദുഃഖമുണ്ടാവുകയും,കണ്ണുനീര്‍ പ്രവഹിക്കുകയും ചെയ്തു.അങ്ങനെ അദ്ദേഹത്തിനു ആ രാത്രിമുഴുവന്‍ ഉറക്കമില്ലാതെ ആ മരക്കൊമ്പില്‍ കഴിച്ചുകൂട്ടേണ്ടതായി വന്നു.പ്രഭാതമായപ്പോള്‍ അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന മാനിനെ വിറ്റ് ഭക്ഷണസാധനങ്ങളുമായി വീട്ടിലേക്കു മടങ്ങി.മക്കളുടെ വിശപ്പടക്കി അയ്യാള്‍ ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോളായിരുന്നു വിശന്നു വലഞ്ഞ ഒരു വൃദ്ധന്‍ ഭക്ഷണത്തിനായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്.തന്റെ ഭക്ഷണത്തിന്റെ പകുതി അയ്യാള്‍ക്ക് നല്‍കി അദ്ദേഹവും വിശപ്പടക്കി.

താന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ ശിവന്റെ ദൂതന്മാരെ കണ്ടുവെന്നും അവര്‍ തന്നെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ എത്തിയാതാണെന്ന് തന്നോടു പറഞ്ഞു.ക്രൂരകൃത്യങ്ങള്‍ ചെയ്തു വന്ന തനിക്ക് എന്തു മോക്ഷപ്രാപതിയാണ്‌ കിട്ടിയതെന്ന് അദ്ദേഹം ശിവന്റെ ദൂതന്മാരോടു ആരാഞ്ഞു:"അവര്‍ സുസുരുവിനോടു താന്‍ കാട്ടില്‍ അകപ്പെട്ട സംഭവും,ഒരു മരത്തില്‍ അഭയംപ്രാപിച്ചകഥയും പറഞ്ഞുകൊടുത്തു.താന്‍ അഭയം പ്രാപിച്ച മരം ശിവന്റെ ഇഷ്ട നിവേദ്യമായ കൂവളത്തില വളര്‍ന്ന മരമാണെന്നും,അങ്കലാപ്പില്‍ ഉറങ്ങാതിരുന്ന് താന്‍ രാത്രികഴിച്ചുകൂട്ടാന്‍ അടര്‍ത്തിതാഴേക്കിട്ട ഇലകള്‍ മരത്തിന്റെ ചുവട്ടില്‍ കരിയിലകളില്‍ മൂടിക്കിടന്ന ശിവന്റെ വിഗ്രഹത്തിലാണ്‌ പതിച്ചതെന്നും,വിശപ്പും ദാഹവും മൂലം ക്ഷീണിതനായി ഭാര്യയേയും,മക്കളേയും കുറിച്ചുള്ള വേപഥ മൂലം ഒഴുക്കിയ കണ്ണുനീര്‍ വിഗ്രഹത്തില്‍ പതിച്ചുവെന്നും അതിനാല്‍ താനറിയാതെ ഉപോധമനസ്സുകൊണ്ട് നടത്തിയ ആരാധനയില്‍ തനിക്കു മോക്ഷപ്രാപ്തി ലഭിച്ചു കൈലാസത്തില്‍ എത്തുവാന്‍ കാരണമായെന്നും അദ്ദേഹം മുനിവര്യനോടു പറഞ്ഞു.അങ്ങനെ ഈ ജന്മത്തില്‍ ചിത്രഭാനുവായി ജനിച്ച ഞാന്‍ അതിന്റെ പ്രീതിക്കായി ചെയ്യുന്ന പൂജയാണെന്നും അദ്ദേഹം സന്ന്യാസിയോടു കഥിച്ചു.ഇങ്ങനെയൊരു ഐതീഹ്യമാണ്‌ ശിവരാത്രിയുടെ വൃതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തിപറയപ്പെടുന്നത്.

ആ ദിവസം ഫാല്‍ഗുനമാസത്തിലെ കറുത്ത കൃഷ്ണപക്ഷമായിരുന്നെന്നും അന്നാണ്
ശിവപത്നി പാര്‍വ്വതീ നടത്തിയ പൂജയില്‍ സംപ്രീതനായി ഈ ദിവസമാണ്‌ അവരുടെ വിവാഹം നടന്നതെന്നും പറയപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ടാകാം പത്നിമാര്‍ ഭര്‍ത്താവിന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഈ കഥയൊക്കെ ഒരു ശാസ്ത്രി തന്റെ ശിഷ്യനോടു പറഞ്ഞുകൊടുക്കുകയായിരുന്നു.അദ്ദേഹം ഈ കഥയുടെ സാരോപദേശവും ശിഷ്യനു വ്യക്തമാക്കിക്കൊടുത്തു.

ശാസ്ത്രികള്‍:നമ്മള്‍ക്ക് ഈ കഥയിലെ വേട്ടക്കാരനായ സുസുരനെ ഒരു മനുഷ്യജന്മത്തോടു ഉപമപ്പെടുത്തി പറഞ്ഞു നോക്കാം.അയ്യാള്‍ വേട്ടക്കുപോയ ഘോരവനത്തെ നമ്മുടെ മനസ്സാക്കി കാണുക.ആ വനത്തില്‍ വിരഹിക്കുന്ന വന്യജീവികളെ നമ്മുടെ ,അഹന്ത,അസൂയ,വെറുപ്പ്,അത്യാഗ്രഹം ഇന്നീ വസ്തുതകളോടു ഉപമിക്കുക.ആ വനത്തിന്റെ വേറൊരു പ്രത്യേകതയാണ്‌ അവിടെ ബോധമനസ്സും,ഉപോധമനസ്സും,ബുദ്ധിയും എന്നീ ആയുധങ്ങള്‍ യെഥേഷ്ടം കിട്ടും. ഇതു ഉപയോഗിച്ചു മേല്‍പ്പറഞ്ഞ വന്യജീവികളെ കീഴ്പ്പെടുത്താനാണ്‌ ഒരു മനുഷ്യന്‍ ശ്രമിക്കേണ്ടത്.ആ വേട്ടക്കാരന്റെ പേരെന്തായിരുന്നു പറയുവാന്‍ കഴിയുമോ?.

ആത്മനാഥന്‍:"സുസുരന്‍"

ശാസ്ത്രികള്‍:അതെ,സുസുരന്‍ എന്ന വാക്കിനര്‍ത്ഥം 'നല്ല സ്വരത്തോടു കൂടിയവന്‍ എന്നാണ്‌.ഈ സ്വരത്തിനെ ഒരു മനുഷ്യന്റെ എളിമയോടും,അവന്റെ ബുദ്ധിശക്തിയോടും ,വാക്കുകളോടും ഉപമിക്കാം.നമ്മുടെ മനസ്സില്‍ വിരഹിച്ചു നടക്കുന്ന വന്യജീവികളേ ആക്രമിച്ചു കീഴടക്കുന്നതിലൂടെ മാത്രമേ സുസുരന്‍ എന്ന പദം ഒരാള്‍ക്ക് യാഥാര്‍ത്ഥ്യമാവുകയുള്ളൂ.അയ്യാള്‍ താമസിച്ചിരുന്ന സ്ഥലമേതായിരുന്നു?

ആത്മനാഥന്‍:"വാരണാസി"

ശാസ്ത്രികള്‍:അതെ വാരണാസി.ഈ സ്ഥലത്തെ നമ്മുടെ സാര്‍വ്വനാഡികളുടേയും സംഗമസ്ഥാനമായ രണ്ടുപുരികങ്ങളൂടെ ഇടയില്‍ സ്ഥിതിചെയ്യുന്ന സ്ഥാനത്തോടു ഉപമിക്കാം.എന്തെന്നാല്‍ ഈ ഭാഗത്തു നിന്നാണ്‌ ജ്ഞാനം പിറവിയെടുക്കുന്നതെന്ന് പറയപ്പെടുന്നു.ഈ സ്ഥലത്തേക്ക് യാത്രചെയ്യുന്നവന്‍ അറിവ് സമ്പാദിക്കുകയും,തന്റെ ചിന്തകളെ ഏകാഗ്രമാക്കി കൊണ്ടുപോകുവാന്‍ സാധിക്കുകയും ചെയ്യുന്നു.

ആത്മാനാഥന്‍:ഇതെല്ലാം വ്യക്തമാക്കി തന്ന അങ്ങയോടു എന്റെ നന്ദി അറിയിക്കുന്നു.പക്ഷെ എങ്ങനെയാണ്‌ അങ്ങ് അയ്യാള്‍ കൂവളമരത്തില്‍ കയറിയതും ,അയ്യാളുടെ വേവലാതിയും എനിക്ക് വിശദമാക്കി തരിക.

ശാസ്ത്രികള്‍:താങ്കള്‍,കൂവളത്തിലയുടെ മാഹാത്മ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?.ഒരു തണ്ടില്‍ മൂന്നിലകള്‍ ഉണ്ട് എന്ന സവിശേഷമായ പ്രത്യേകത ആ ഇലക്കുണ്ട്.അതുകൂടാതെ ലക്ഷ്മീ ചൈതന്യം കുടികൊള്ളുന്നു എന്നും പറയപ്പെടുന്നു.പക്ഷെ ഇതൊക്ക് കൂടാതെ ഏറ്റവമു്‌ പ്രാധാനമായ ഒന്നാണ്‌ മനുഷ്യന്റെ മൂന്ന് നാഡികളുടെ ആധാരമായും ഈ ഇലയെ കാണാവുന്നതാണ്‌.ഇതുകൂടാതെ തന്നെ ശിവന്റെ മൂന്നു കണ്ണുകളോടും ഇതിനെ ഉപമപ്പെടുത്തിപ്പറയാറുണ്ട്.ഇതൊക്കെ കൊണ്ടാണ്‌ ശിവന്റെ ഇഷ്ടാര്‍ച്ചനയായി കൂവളത്തില കരുതപ്പെടുന്നത്.

ആത്മനാഥന്‍:"എനിക്ക് മനുഷ്യന്റെ ശക്തികേന്ദ്രീകൃതമായ ഈ മൂന്നു നാഡീവ്യൂഹത്തെക്കുറിച്ചറിയാന്‍ ഏറെ താല്പര്യമുണ്ട്".

ശാസ്ത്രികള്‍:"ശരി,ഞാന്‍ അതിനെക്കുറിച്ച് വ്യക്തമാക്കാം.അയ്യാള്‍ ഇരുന്ന കൂവളമരത്തിനെ ധ്യാനസ്ഥലമായി കരുതുക.മരത്തില്‍ കെട്ടിവെച്ച വേട്ടയാടപ്പെട്ട മാനിനെ അയ്യാളുടെ അഹന്തയേയും,അസൂയയേയും,ദേഷ്യമായും കരുതുക.അപ്പോള്‍ ഈ അവസ്ഥയില്‍ നമ്മള്‍ക്ക് മനസ്സിലാക്കാവുന്നത് മനുഷ്യന്‍ തന്റെ മനസ്സിലെ എല്ലാ ദുഷ്ട ചിന്തകളെ കൊന്നൊടുക്കി നല്ല പ്രവൃത്തിക്കുവേണ്ടി തയ്യാറെടുത്തു എന്നതാണ്.ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് അത്യഹ്രഹത്തോടു ഉപമിക്കുക.ഈ അത്യാഗ്രത്തില്‍ നിന്നും രക്ഷനേടുന്നതിനായി അയ്യാള്‍ എപ്പോളും ജാഗരൂകനായി ഇരുന്നതിനെ ഉറക്കമൊഴിച്ചിരുന്നതിനോടും കണക്കാക്കുക".

ആത്മനാഥന്‍:എങ്കില്‍ അയ്യാള്‍ എന്തിനാണ്‌ തന്റെ പത്നിയേയും ,കുട്ടികളേയും ഓര്‍ത്ത് ദുഃഖിതനായത്?

ശാസ്തികള്‍:"ആത്മാനാഥാ,നിന്റെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.ഒരു നല്ല ചോദ്യത്തിന്റെ ഉത്തരമാണ്‌ നീ അന്വേഷിക്കുന്നത്.പറയാം.അയ്യാളുടെ പത്നിയെയും,കുട്ടികളേയും ഈ ലോകത്തോടു ഉപമിക്കുക.ഒരാള്‍ക്ക് അനുകമ്പ ലോകമായ തറവാടിനോടു തോന്നണമെങ്കില്‍ അയ്യാള്‍ തന്റെ സ്വാര്‍ത്ഥത,അഹന്ത,അസൂയ,വിദേഷ്വം എന്നികാര്യങ്ങളെ കീഴ്പ്പെടുത്തിയവനായിരിക്കണം.അയ്യാളുടെ ദുഃഖത്തെ തന്റെ സഹജീവികളോടുള്ള കരുണയോടും,കണ്ണുനീരിനെ ലോകത്തോടുള്ള സ്നേഹമായും കണക്കാക്കുക.ഇതൊക്കെ സാധ്യമാക്കുകയാണെങ്കില്‍ ഒരാള്‍ക്ക് തന്റെ മനസ്സിനെ നിയന്ത്രണത്തില്‍ ആക്കുവാനും,അതുവഴി തന്നെ തന്നെ അതില്‍ ലയിപ്പിക്കുവാനും കഴിയും.ഈ പ്രക്രിയയാണ്‌ സമാധി എന്നു പറയുന്നത്."

ആത്മനാഥന്‍:അപ്പോള്‍ നമ്മള്‍ക്ക് അയ്യാള്‍ അടര്‍ത്തിയിട്ട കൂവളത്തിലയെ പ്രവൃത്തികളോടു ഉപമിക്കാമോ?

ശാസ്ത്രികള്‍:"അന്തര്‍ലീനമായ പ്രവര്‍ത്തികളോടു ഉപമിക്കാം.ഈ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ബാഹ്യപ്രേരണാശക്തികളെ നമ്മള്‍ അടിമകളാക്കുന്നു.രാത്രിയെ ബാഹ്യശക്തിയായും,ഉറക്കമൊഴിച്ചതിനെ ഏകാഗ്രതയായും,പ്രഭാതത്തെ പുതിയ അറിവിന്റെ,മാറ്റത്തിന്റെ പ്രതീകമായും കണക്കാക്കാം".

ആത്മനാഥന്‍:"എന്നിരുന്നാലും,കഥയില്‍ ശിവലിംഗത്തെപ്പറ്റി പറയുന്നുണ്ടല്ലോ.എന്തുകൊണ്ടാണ്‌ അതിനെപ്പറ്റി അങ്ങ് പരമാര്‍ശിക്കാതിരുന്നത്."?

ശാസ്ത്രികള്‍:പറയാം ആത്മനാഥാ.ശിവലിംഗം ഒരു മനുഷ്യന്റെ ഏറ്റവും അവസാനത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു.അറിവ് പകര്‍ന്നുകൊടുക്കുന്ന ശക്തിയായും കണക്കാക്കാം.ഈ അവസ്ഥയിലാണ്‌ മനുഷ്യന്‍ ദൈവത്തേയും,അതിലൂടെ കിട്ടുന്ന അറിവിലൂടെ തന്റെ സഹജീവികളെ സ്നേഹിക്കുവാന്‍ പഠിക്കുകയും,അഹന്തയും,വൈരാഗ്യവും വെടിഞ്ഞ് ഒരു നല്ലമനുഷ്യനായിത്തിരുകയും ചെയ്യേണ്ടത്.ഈ അവസ്ഥയാണ് ശിവലിംഗത്തോടു ഉപമിക്കുന്നത്.അപ്പോള്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നവന്‍ ദൈവത്തിന്റെ അരികിലേക്കുള്ള പാതയില്‍ ഇടറാതെ നടക്കുമെന്നും കരുതപ്പെടുന്നു.സുസുരന്റെ മരണ സമയത്തു വന്ന ശിവദൂദന്മാരെ ഈ പാതയിലേക്കുള്ള വഴികാട്ടികളായും കണക്കാക്കാം.

ആത്മനാഥന്‍:അങ്ങയുടെ ഈ ഉപദേശങ്ങള്‍ ഞാന്‍ ശിരസ്സാ വഹിക്കുന്നു.പക്ഷെ ഒരു സംശയം കൂടി എന്തുകൊണ്ടാണ്‌ സുസുരന്‍ വീണ്ടും ചിത്രഭാനു രാജാവായി ഭൂമിയില്‍ ജനിച്ചത്?

ശാസ്ത്രികള്‍:"പറയാം.ഇവിടെ സുസുരു തന്റെ ഭക്ഷണം മറ്റൊരാള്‍ക്ക് പകുത്തു നല്‍കി എന്നു കഥയില്‍ പറയുന്നുണ്ട്.ഇവിടെ ഭക്ഷണത്തെ ഒരാളുടെ അഹന്തയായും,വൈരാഗ്യമായും,സ്വാര്‍ത്ഥതയായും കാണുക.ഈ കഥയിലെ ഭക്ഷണം ചോദിച്ചു വന്നയാള്‍ ജ്ഞാനം കിട്ടിയ പുതിയ രൂപമാണ്‌.അയ്യാള്‍ക്ക് ഭക്ഷണമായ മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ പകുതിമാത്രമേ ഭക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂ.അതിനാലാണ്‌ സുസുരു ചിത്രഭാനുവായി തന്റെ ബാക്കിയുള്ള അഹന്തയേയും,വൈരാഗ്യത്തേയും,സ്വാര്‍ത്ഥതയേയും ഇല്ലായ്മ ചെയ്യുവാനായി വീണ്ടും ഭൂമിയില്‍ ജനിച്ചത്.അതായത് ഈ വന്യജന്തുക്കളെ പൂര്‍ണ്ണമായും കീഴടക്കുവാന്‍ സുസുരുവിനു കഴിഞ്ഞ ജന്മത്തില്‍ കഴിഞ്ഞിരുന്നില്ല..

ശാസ്ത്രികള്‍:ശിവരാത്രിയുടെ കഥയെക്കുറിച്ച ആത്മനാഥനു ഇനിയും സംശയങ്ങള്‍ ലേശം തന്നെ ഇല്ല്യാ എന്നു തന്നെ കരുതട്ടെ.

ആത്മനാഥന്‍:ഗുരോ , ശിവരാത്രിയില്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ എന്തൊക്കെയാണ്‌ എന്നുകൂടി പറഞ്ഞുതരുമോ?

ശാസ്ത്രികള്‍:അതെ അതുകൂടെ  പറഞ്ഞു നിര്‍ത്താം.
1)ഉപവാസമനുഷ്ഠിക്കണം.

2)രാത്രിമുഴുവന്‍ ഇരുട്ടിനെ അകറ്റി നമ്മുടെ നല്ല പ്രവൃത്തികളിലേക്കുള്ള അറിവിന്റെ ദീപം തെളിയിക്കുന്നതിനായി ഈശ്വരനോടു പ്രാര്‍ത്ഥിക്കണം

3)മൂന്നു മണിക്കൂര്‍ ഇടവിട്ട് നാലു തരത്തിലുള്ള  ദ്രവ്യങ്ങള്‍കൊണ്ട് ശിവലിംഗത്തെ കഴുകണം.ആദ്യം ക്ഷീരം കൊണ്ടും,പിന്നീട് തരു കൊണ്ടും,അതുകഴിഞ്ഞാല്‍ നെയ്യ് കൊണ്ടും,അതിനു ശേഷം തേന്‍കൊണ്ടും കഴുകേണ്ടതാണ്‌.മുകളില്‍ പറഞ്ഞ ദ്രവ്യങ്ങള്‍ എല്ലാം നമ്മുടെ വിവിധ തരത്തിലുള്ള വന്യതകളെ ഉപമിക്കാം.അതെല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് അറിവെന്ന വെളിച്ചത്തെ നമ്മള്‍ക്ക് തരുന്നതിനായാണ്‌ ഈ അര്‍പ്പണം എന്നു കരുതുന്നു.

4)ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍  അടുത്ത പ്രഭാതത്തില്‍ അന്നദാനം നടത്തിയിതിനു ശേഷം തന്റെ ഉപവാസം അവസാനിപ്പിക്കാവുന്നതാണ്‌.

ആത്മനാഥന്‍:ഇത്രയും കാര്യങ്ങള്‍ പറഞ്ഞു തന്ന അങ്ങയോടു എന്റെ നന്ദി അറിയിക്കട്ടെ.

ഇത്രയും പറഞ്ഞ് ആത്മനാഥന്‍ ശിവരാത്രിയുടെ മാഹാത്മ്യം ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനായി ശിവരാത്രി ദിനത്തില്‍ സന്ന്യാസം സ്ഥീകരിച്ചു എന്നാണ്‌ കഥയുടെ അവസാന ഭാഗത്തില്‍ പറയപ്പെടുന്നത്.

വാല്‍കഷണം:പക്ഷെ ഇതൊക്കെ വളരെ കൃത്യമായി തന്നെ ചെയ്ത് വീണ്ടും അസൂയ,വൈരാഗ്യം,സ്വാര്‍ത്ഥത അല്പമെങ്കിലും കുറക്കാതെ പഴയപടി തന്നെ ജീവിക്കുന്നവരെ നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ഇതൊന്നും.നിങ്ങള്‍ വീണ്ടും,വീണ്ടും ജനിച്ച് നരകിക്കാനാണു വിധി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...