Monday, March 07, 2011

ഒരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്ക സംഭവം

 ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പ്രണയം ഒരു ഹുന്ത്രപ്പോ ബുസാട്ടി ആണ്.എന്റെ ഭാഷയില്‍ അതൊരു ഡിങ്കോഡാള്‍ഫിക്ക സുഡാള്‍ഫിക്കയും.  ചാറ്റിംഗ്ഗിലൂടേയും,ഫോണിലൂടേയും കുറച്ചു  തവിടും,പിണ്ണാക്കും കന്നുകാലികള്‍ക്ക് കൊടുക്കുന്നതുപോലെ ജിലേബിയില്‍ മുക്കി കുറച്ചു  അവലേസുണ്ട വാക്കുകള്‍ കൈമാറുമ്പോള്‍ ചില ആധുനിക കാമുകീ കാമന്മാര്‍ക്ക് ഇറച്ചിക്കടയിലെ ഇറച്ചിക്കൊഴികളുടെ പൂടക്കുള്ള വിലപോലുമില്ലാതാകുന്നു.
തുണിയില്ലാതെ ക്യാമറകള്‍ക്കു മുന്പിലെ പേക്കൂത്തുകള്‍ക്കൊടുവില്‍ ഒരു പ്രണയം അമ്പാലിടുന്നു.പിന്നെ വീട്ടുകാരുടെ നെട്ടോട്ടമാണ്‌.എങ്ങനെയെങ്കിലും ഏതെങ്കിലും ഒരുത്തനു കിടപ്പാടം വിറ്റെങ്കിലും കൊട്ടക്ക് സ്വര്‍ണ്ണവും,വണ്ടിനിറച്ചു പൈസയും കൊടുത്ത് പറഞ്ഞു വിടുന്നു.ഒരു തരത്തില്‍ ഒരു ബാധ്യത ഒഴിവാക്കിയ ആശ്വാസമാണവര്‍ക്ക്.ചെറുക്കന്‍ എന്തു കാണിച്ചാലും അവനെക്കൊണ്ടൊരു കല്ല്യാണം കഴിപ്പിച്ചാല്‍ എല്ലാം മാറും എന്ന് ഇന്നത്തെ മലയാളി ബുധജനം വരെ വിശ്വസിക്കുന്നുണ്ട്.ഏതെങ്കിലും പെങ്കൊച്ചിന്റെ ജീവിതത്തിന്റെ അവസാനവും ഇതുമൂലം കോഞ്ഞാണ്ട ആകുന്നു.

ഇതിന്റെയൊക്കെ പ്രധാന കാരണം നമ്മുടെ വീടുകളിലെ പുസ്തകേതര അടിസ്ഥാന സാമൂഹ്യ വിവരങ്ങളുടെ ആഴമില്ലായ്മയാണ്‌ കാണിക്കുന്നത്.രണ്ടറ്റവും കെട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിലില്‍ ഭാര്യയും,ഭര്‍ത്താവും തമ്മിലുള്ള സ്നേഹത്തിന്റെ സായാഹ്നത്തിനു സമയമില്ലാതാകുന്നു.ഇതിനിടയില്‍ അറിയാതെ പിറക്കുന്ന കുഞ്ഞും ഇതൊക്കെ തന്നെ കണ്ടു വളരുന്നു.പിന്നെ കോണ്‍വെന്റ് ജീവിതം,റേസിഡന്‍ഷ്യല്‍ സ്കൂളുകള്‍ എല്ലാം മുരടന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്.ഇങ്ങനെ വരുന്ന സെറിലാക്ക് ബേബികളുടെ ഒരിക്കലും അവസാനിക്കാത്തെ തലമുറ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.പറ്റുമെങ്കില്‍ ഒന്നു രണ്ടു താരാട്ടു പാട്ടും,നല്ല കഥകളും നിങ്ങള്‍ക്കു സമയമില്ലെങ്കില്‍ സി.ഡി ഇട്ടെങ്കിലും കേള്‍പ്പിക്കുക.പരസ്പരം ചാണകം വാരി എറിയാതെ നല്ല അച്ചനമ്മമാരായി പറ്റുന്നില്ലെങ്കില്‍ അവരുടെ മുന്നില്‍ അഭിനായിക്കുക എങ്കിലും ചെയ്യുക.

പുസ്തകത്തിനു പുറമെയുള്ള സമൂഹ കാഴ്ചയെ കുട്ടികള്‍ക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാന്‍ നമ്മള്‍ക്ക് കഴിയണം.അത് ഏതു തരം അറിവുകളും ആയിക്കൊട്ടെ.അതു അവര്‍ക്ക് തുടക്കത്തിലേ നല്‍കുവാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്‌ അവര്‍ പില്‍ക്കാലത്ത് ഒരു മുതല്‍ക്കൂട്ടാവും.
അതിനു അത്യാവശ്യം വേണ്ടത് വായന ശീലമാണ്‌.വായിക്കുക വളരുക  എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ നമ്മള്‍ക്ക് കാര്യമായിട്ടു തന്നെ എടുക്കാം.മൂപ്പെത്തിയ ആള്‍ക്കാരല്ലെ നമ്മള്‍ എന്നു വിചാരിക്കണ്ട.കുട്ടികള്‍ക്കൊപ്പം നമ്മള്‍ക്കും വിവരം വെയ്ക്കുന്നതു നല്ലതാണ്‌.അല്ലെങ്കില്‍ തലമുറകള്‍ കുരുത്തുംകെട്ടവരായിപ്പോകും.

കുട്ടികള്‍ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ക്ഷമയോടെ നിങ്ങള്‍ ഉത്തരം പറഞ്ഞു നോക്കൂ.ചിലപ്പോള്‍ ആ ചോദ്യങ്ങള്‍ കിളികളിലും,പ്രകൃതികളിലും തുടങ്ങി സെക്സ് വരെ ആകാം.അവനോ/അവളോ വളര്‍ന്നു വരുന്ന ഇന്നത്തെ സാഹചര്യങ്ങളുടെ ചോദ്യങ്ങളാണ്‌ ഇതൊക്കെ.അവരെ ഇതിന്റെ നല്ലതും,ചീത്തയായും ഉള്ള വശങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാന്‍ നമ്മളും അറിവുള്ളവരായി തീരേണ്ടത് അത്യാവശ്യമാണ്.അല്ലാതെ,"പോടാ, പഠിക്കേണ്ട സമയത്താണ്‌ കിന്നാരം കൊണ്ടു വരുന്നത്.നിന്റെ പ്രായത്തിനൊത്ത ചോദ്യം മതി"എന്നു പറഞ്ഞ് കുട്ടികളെ നിരാശപ്പെടുത്തി വിട്ടാല്‍ അവര്‍ മറ്റു പോം വഴികള്‍ കണ്ടെത്തുന്നു.ഈ വഴികള്‍ ഇന്നത്തെ നൂറ്റാണ്ടില്‍ വളരെ വിശാലമാണ്‌.അതിനുള്ള എളുപ്പ വഴിയാണ്‌ ഒന്നുകില്‍ നെറ്റ് കഫേകള്‍ അല്ലെങ്കില്‍ മഞ്ഞ ബുക്കുകള്‍.അതിന്റെ വഴികളിലേക്ക് തിരിയുന്ന കുട്ടികള്‍ അതിലെ ഓരോ വിവരങ്ങളും ആണ്‌ യാതാര്‍ത്ഥ്യത എന്നു വിശ്വസിക്കുന്നു.അതിലെ ഒരോ വരികളും അവന്റെ മനസ്സിനെ അടക്കിഭരിക്കുന്നു.അങ്ങനെ അവന്‍ അതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി മറ്റുള്ള വഴികളിലേക്കു തിരിയുന്നു.കാരണം വീടുവിട്ടാല്‍ അവന്റേയോ/അവളുടേയോ ലോകമാണ്.അതിനു കൂട്ടായി പലസാഹചര്യങ്ങളും,അതിലൂടെ വളര്‍ന്ന കുട്ടികളും കൂട്ടായി ഉണ്ടാകും.അപ്പോള്‍ ഒരു പൊട്ടിത്തെറി പ്രായത്തിന്റെ തിളപ്പില്‍ ഉണ്ടാകും.ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ അവരെ പാകപ്പെടുത്തി എടുത്താല്‍  നല്ലതും,ചീത്തയും തിരിച്ചറിഞ്ഞ് സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ അവര്‍ പ്രാപ്തരാകും.

ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് സെക്സ് എജൂക്കേഷനാണ്.ഇന്നു സ്കൂള്‍ തലങ്ങളില്‍ തന്നെ കൌണ്‍സിലിംഗ്  വേണമെന്നാണ്‌ എന്റെ അഭിപ്രായം.അത് ആറ്,ഏഴ് ക്ലാസ്സുകളില്‍ നിന്നു തന്നെ തുടങ്ങുകയും വേണം.കാരണം കുട്ടികള്‍ ഇന്നത്തെ സാഹചര്യങ്ങളെ പെട്ടന്ന് മനസ്സിലാക്കുന്നവരാണ്.സമൂഹവുമായി കുട്ടികളെ ചേര്‍ത്തു മുന്നോട്ടു പോകുവാന്‍ മാതാപിതാക്കന്മാര്‍ തയ്യാറാവണം.സമൂഹമാണ്‌ ഒരാളുടെ വളര്‍ച്ചയുടെ നല്ലൊരു പങ്കും വഹിക്കുന്നതെന്ന് അവരെ മനസ്സിലാക്കണം.

ചെറു പ്രായത്തിലേ സൌഹൃദത്തിന്റെ,സഹജീവികളെ സഹായിക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞും,ചെയ്തുകാണിച്ചും കൊടുക്കണം.നല്ല കൂട്ടുകെട്ടുകളില്‍ മാത്രം അവര്‍ പോയാല്‍ മതി എന്നു നമ്മള്‍ക്ക് ശഠിക്കുവാന്‍ കഴിയില്ല.കാരണം അവരുടെ ലോകം ഇതു രണ്ടും കൂടിക്കലര്‍ന്നതാണ്‌.അവര്‍ കൂട്ടുകൂടട്ടെ ഇവര്‍ രണ്ടു കൂട്ടരുമായി.ഇതില്‍ നിന്നും ഒരു വ്യക്തിത്വമുള്ളവരായി വരണമെങ്കില്‍ മാതാപിതാക്കന്മാരുടെ നയപരമായ സമീപനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.അവരുടെ ഒരോ സംശയവും നമ്മള്‍ ദൂരീകരിച്ചു നല്‍കണം.അവര്‍  പുറത്തു പോകുമ്പോള്‍ എന്തു ചെയ്യുന്നു എന്നു നമ്മള്‍ക്ക് ചിലപ്പോള്‍ അറിയാന്‍ കഴിയില്ല.അപ്പോള്‍ അവരെ ആ സാഹചര്യങ്ങളില്‍ എങ്ങനെ മനസ്സിനെ നിയന്ത്രിക്കണം എന്നു പഠിപ്പിക്കുകയാണ്‌ വേണ്ടത്. കുഞ്ഞു മനസ്സില്‍ ഒരിക്കല്‍ നിങ്ങളെ വിശ്വാസത്തിലെടുത്തു കഴിഞ്ഞാല്‍  പിന്നെ അവന്‍/അവള്‍ ഒരോ ചോദ്യം വീണ്ടും,വീണ്ടും ഉന്നയിക്കും.ഭാര്യ ,ഭര്‍ത്ത്‌ ബന്ധത്തിന്റെ  പവിത്രത,അതിലെ പ്രണയം,സ്നേഹം ,ഏറ്റവും പ്രധാനം വീടുകളിലെ മനസ്സമാധാനം  നിങ്ങള്‍ ഒരു മാതൃക ആകുവാന്‍ കഴിഞ്ഞാല്‍ കുട്ടികളെ  നല്ല മനസ്സിന്റെ ഉടമയായി നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.
  
വാല്‍ക്കഷണം:ഇതൊക്കെ നമ്മള്‍ തൊള്ള തുറന്ന് പറഞ്ഞാലും തലതെറിച്ചു പോകുന്ന ചില തൊരപ്പന്‍ പിള്ളേരുണ്ട്.ചെമ്മിന്‍ ചാടിയാല്‍ മുട്ടോളം അല്ലേ ചട്ടി വരെ എന്നല്ലേ പഴമൊഴി.ഈ കുരുത്തംകെട്ടവന്മാരൊക്കെ പണ്ടാരം അടങ്ങിപ്പോകത്തെ ഉള്ളൂ എന്നു പിന്നിടു അവര്‍ മനസ്സിലാക്കിക്കൊള്ളും.

5 comments:

  1. പ്രസകതമായ പോസ്റ്റ്...

    ReplyDelete
  2. ഇപ്പോള്‍ ഇളം തല്യ്ക്കിലാണ്‌ കാതല്‍ എന്നു പറയാറുണ്ട്...പൊസ്റ്റ് ഉഷാറായി അഭിഭിനന്ദനങ്ങള്‍

    ReplyDelete
  3. പോസ്റ്റ്‌ നന്നായി. ചിന്തിക്കണ്ടത് മാത്രമല്ല, പ്രവര്‍ത്തിക്കണ്ടത് കൂടിയായ വിഷയം. പ്രത്യേകിച്ചും 'സെക്സ് എഡ്യുകേഷന്‍'

    ReplyDelete
  4. നല്ല വീക്ഷണം. കുട്ടികളെ നേര്‍വഴിക്ക് നടത്തണമെങ്കില്‍ ആദ്യം നമ്മള്‍ നേര്‍വഴിയിലാവണം എന്നത് ഒരു സത്യമാണ്.

    ReplyDelete
  5. ഇത്പോലെ സാമുഹ്യ പ്രതിബദ്ധതയുള്ള രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...