ഈ യാത്രയില്‍ കഥയോ,കഥയ്ക്ക് ആവശ്യമുള്ള ചട്ടക്കൂടുകളോ ,ആകസ്മികമായ എഴുത്തുകുത്തുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല.കാലങ്ങളില്‍ ചിതറിപ്പോയ നിഴലുകളുടെ ഒരുമിച്ചൊരു യാത്ര.
വരികള്‍ എഴുതും തോറും ചുരുക്കണമെന്നു തോന്നും.പക്ഷെ അതു ഓര്‍മ്മകളെ കുറിച്ചാകുമ്പോള്‍ കഴിയാറില്ല.എന്റെ വീടിന്റെ വടക്കുഭാഗത്തുള്ള പുഴയില്‍ക്കൂടി കുളമാവിന്റെ ഗന്ധവും പേറി വരുന്ന കാറ്റിന്റെ കൈകള്‍ പുഴയിലെ ഓളങ്ങളുടെ ശരീരത്തിനെ സുഗന്ധപൂരിതമാക്കി വരുമ്പോള്‍ ഞാനും എന്റെ ഓര്‍മ്മകളും പരസ്പരം സംസാരിക്കാറുണ്ട്.
കലാലയ നിമിഷങ്ങള്‍ ആസ്വദിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം.സാഹചര്യങ്ങള്‍ അനുവദിക്കാറില്ല തന്നെ.പ്രീ-ഡിഗ്രി മുതല്‍ ബിരുദാനന്തര ബിരുദം വരെ പാരലല്‍ കോളേജുകളുടെ സൌന്ദര്യം ഏറ്റെടുക്കാനായിരുന്നു എന്നെ അനുവദിച്ചിരുന്നത്.പക്ഷെ അന്നൊന്നും കലാലയജീവിതത്തിന്റെ നഷ്ടങ്ങള്‍ എനിക്കു തോന്നിയിരുന്നില്ല.
പക്ഷെ,എന്റെ കലാലയ സായാഹ്നങ്ങളില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ അവരുടെ നിമിഷങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ നഷ്ടബോധങ്ങള്‍ തോന്നാറുണ്ട്.എങ്കിലും ഇതൊന്നും എന്നെ സാരമായി ബാധിക്കാത്ത തരത്തിലായിരുന്നു എന്റെ ആ നാളുകള്‍.അവിടെ ക്ലാസ്സുകളില്‍ കേറാതെ കറങ്ങി നടക്കുന്നതിന്റെ സുഖമുണ്ട്,അലസമായി അടുത്തുള്ള കോളേജിന്റെ ക്യാമ്പസ്സുകളില്‍ കൂട്ടമായി അലഞ്ഞു തിരിയുന്നതിന്റെ നിഴലുകള്‍ കാണാം,ഒടുവില്‍ മടുക്കുമ്പോള്‍ അരണമരങ്ങളുടെ തണലില്‍ പൊതിച്ചോറുകള്‍ പങ്കുവെച്ച് കഴിച്ചതിന്റെ രുചിയുണ്ട്,ക്ലാസ്സ് എക്സാമുകള്‍ എഴുതാതെ അധ്യാപകരെ വിഷമിപ്പിക്കുന്ന വിരുതകള്‍ കാണിക്കാറുണ്ട്,കമന്റുകളുടെ പുസ്ത്കം തുറന്നുപിടിച്ച് ഉച്ചത്തില്‍ ശീലക്കുടകളും ചൂടി പോകുന്ന പെണ്‍കുട്ടികളെ ഏറെ ബുദ്ധിമുട്ടിന്ന പൂവാലന്‍മാരുടെ ചിത്രങ്ങളും അവിടെ കാണുവാന്‍ കഴിയും.
ഈ സുഖദിവസങ്ങള്‍ക്കിടയില്‍ ആരും പറയാതെ പോകാത്ത ഒരു കാര്യമുണ്ട്"പ്രണയം".10-ം ക്ല്ലാസ്സിലെ പ്രണയം എട്ടുനിലയില്‍ പൊട്ടിയതോടെ അതിനോടു വിടപറഞ്ഞപ്പോള്‍ വീണ്ടുമൊരു പ്രണയം ആരംഭിക്കാന്‍ എന്റെ പി.ജി വരെ കാത്തിരിക്കേണ്ടി വന്നു.ആരോടും വലിയ ചങ്ങാത്തം കൂടാത്ത ഒരു പ്രത്യേക ജീവി ആയിരുന്നു ഞാന്‍.ഒരു പക്ഷെ എന്റെ സാഹചര്യങ്ങളായിരിക്കാം എന്നെ അങ്ങനെ ആക്കിതീര്‍ത്തത്.എന്റെ ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആ സ്വഭാവത്തെ ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിച്ചിരുന്നു.അതുകൊണ്ടാവാം അവര്‍ എന്ന് ഏതെങ്കിലും ഒരു പ്രണയത്തില്‍ ചാടിക്കുവാന്‍ തീരുമാനിച്ചത്.
ആ പാരലല്‍ കോളേജിലെ ഏറ്റവും മുതിര്‍ന്ന കുട്ടികള്‍ എന്ന നിലക്ക് ഞങ്ങള്‍ പൊതുവെ ഈ കാര്യത്തിലൊന്നും ചെന്നു ചാടുന്നത് പൊതുവെ താല്‍പ്പര്യമില്ലായിരുന്നു.ചില പഞ്ചാര കുഞ്ചുക്കളുടെ ഇംഗിതത്തിനു വഴങ്ങി ഒടുവില്‍ ഞാനും പടേന്ന് വീണു ഒരു ഗംഭീര പ്രണയത്തില്‍.(ഏന്തായാലും ഒരിക്കല്‍ ചക്കരകുടത്തില്‍ കൈയ്യിട്ടവന്‍ വീണ്ടും കയ്യിടാതിരിക്കില്ലല്ലോ).
എന്നാല്‍ ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന പ്രണയം ഞാന്‍ ഇന്നേവരെ വായിച്ച പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ടാകാം ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പുക്കുന്നതു തന്നെ.ഇപ്പോളും അവള്‍ എന്റെ ഒരു നല്ല സുഹൃത്തായി തന്നെയുണ്ട്.വൈവാഹിക ജീവിതത്തിന്റെ ധന്യതയില്‍പ്പോലും വല്ലപ്പോഴും സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളായി ഇന്നും തുടരുന്നു.
അങ്ങനെ കൂട്ടുകരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ അവളെ കാണുവാന്‍ പോയി.പ്രൊഫഷണല്‍ കോഴ്സ്സുപോലെയായിരുന്നു ഞങ്ങളുടെ ക്ലാസ്സുകള്‍.തലക്കു ഇരുമ്പു വടി കൊണ്ടടിച്ചപോലെ ആയിരിക്കും ചില ദിവസങ്ങള്‍.ആ ഒരു ദിവസത്തിലായിരുന്നു ഞാന്‍ ആ കുട്ടിയെ കണ്ടതു.ബസ്റ്റാന്‍ന്റിന്റെ ഒരു മൂലയില്‍ വൈകുന്നേരത്തിന്റെ തണുത്ത വെയിലില്‍ മഞ്ഞയുംവെള്ളയും കലര്‍ന്ന ചുരിദാറില്‍ നീലപൂക്കളുള്ള ഷാളില്‍ തെരുപിടിച്ചുകൊണ്ട് വെളുത്ത് കൊലുന്നനെയുള്ള രൂപം.
ഫസ്റ്റ് ഇബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇപ്രഷന്‍ എന്നൊരു സംഗതി എന്നെ തൊട്ടു തീണ്ടിയിട്ടില്ല എന്നതിനാല്‍ ഞാന്‍ വളരെ മസിലുപിടിച്ചു കൊണ്ട് നിന്നു.അടുത്തു നിന്ന കൂട്ടുകാരിയാണ് അവള്‍ക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയത്:"ഇവള്‍ക്ക് എന്തെക്കെയോ പറയണമെന്നുണ്ട്.പക്ഷെ അവളുടെ പോരായ്മ അവളെ അനുവദിക്കുന്നില്ല".
സുഹൃത്തുക്കള്‍ എന്നോടു മുന്പേ അറിയിച്ചിരുന്നതിനാല്‍ഞാന്‍ തലയാട്ടുക മാത്രം ചെയ്തു.-അവള്‍ക്ക് സംസാരശേഷിയോ കേള്‍വി ശക്തിയോ ഇല്ലായിരുന്നു.എന്തിനായിരുന്നു ഇങ്ങനെയൊരു സംഭവത്തിനു ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെങ്കില്‍ എനിക്ക് അതിനൊരു വ്യക്തമായ ഉത്തരം ഇന്നുണ്ട്.എന്തെന്നാല്‍ ആ പ്രണയം വെറുമൊരു നേരമ്പോക്ക് ആയിരുന്നില്ല.
ഈയൊരു അവസരത്തില്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ പ്രണയം അറിയിക്കുക?.കേള്‍ക്കുവാന്‍ കഴിയില്ല,തിരിച്ചു അതിന്റെ പ്രതികരണം പോലും അറിയിക്കുവാന്‍ കഴിയില്ല.
എനിക്കു അവള്‍ ആകെ കൈമാറിയത് വാലെന്റൈന്‍സ്ഡേയിലെ ഒരു ആര്‍ക്കിവിന്റെ കാര്‍ഡും-അതില്‍ വില്ല്യം വേഡ്സ് വര്‍ത്തിന്റെ "ഡാഫിഡില്‍സ്" എന്ന കവിതയിലെ ആദ്യത്തെ നാലു വരികള്‍ മാത്രം.ഏകാന്തമായ ഒരു പൂവിനെ ഒരുപാടു പേര്‍ അതിശയത്തോടേ നോക്കിനില്‍ക്കുന്ന കവിഭാവന എനിക്കു വളരെ വിചിത്രമായി തോന്നി.എന്തായിരിക്കാം അവള്‍ ഉദ്ദേശ്ശിച്ചത്?.പരിപൂര്‍ണ്ണമായ സ്നേഹത്തിന്റെ തുടക്കത്തെയാണോ ആ വരികള്‍ പേറുന്നത്,അറിയില്ല!.അതില്‍ അവളുടെ പേരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഇതൊക്കെ എനിക്കു വളരെ വിചിത്രമായി തോന്നി.ചിലപ്പോള്‍ എന്റെ പുസ്ത്കത്തിന്റെ ഇടയില്‍ കൊച്ചുകുട്ടികളെപ്പോലെ ചോക്ലേറ്റുകള്‍ ഒളിപ്പിച്ചു വെയ്ക്കും.
എന്റെ പ്രണയത്തെ ഒരു കടലാസില്‍ പകര്‍ത്തി നല്‍കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.വാക്കുകള്‍ എന്നിലേക്ക് എത്തിപ്പെടാറില്ല എന്നു തന്നെ കാരണം.അവള്‍ ഒരിക്കല്‍ ഒരു കട്ടിയുള്ള കടലാസില്‍ എന്റേയും അവളുടേയും പേരു മാത്രം എഴുതി എനിക്കു തന്നു. ചിലപ്പോള്‍ ഞാന്‍ സംസാരിക്കുമ്പോള്‍ അവള്‍ എന്റെ ചുണ്ടിന്റെ ചലനങ്ങള്‍ മനസ്സിലാക്കിയിട്ടായിരിക്കാം ചിലപ്പോള്‍ ചിരിക്കും.അല്ലെങ്കില്‍ നീണ്ട്മെല്ലിച്ച വളരെ ശ്രദ്ധയോടെ ചെത്തിമിനുക്കിയ നഖങ്ങള്‍ ഉള്ള വിരലുകള്‍ കൊണ്ടവള്‍ എന്റെ വിരലുകളെ ലാളിക്കാറുണ്ട്.
വാക്കുകളില്‍ പ്രണയം ഇല്ലെങ്കില്‍ എങ്ങനെ ഒരു പ്രണയത്തെ അടുത്തറിയാന്‍ കഴിയും എന്നെ എന്റെ ചോദ്യത്തിന്റെ ഉത്തരമായിരുന്നു അവള്‍.ഒരു വര്‍ഷകാലം കഴിഞ്ഞുപോയി.ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരിക്കല്‍ അവള്‍ മാതാപിതാക്കളോടൊപ്പം ഞാന്‍ സന്ചരിച്ചിരുന്ന വണ്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവളെ നോക്കാതെ ബലംപിടിച്ചിരുന്ന എന്റെ തോളില്‍ അമര്‍ത്തി നുള്ളിയ വേദനപോലെ കടന്നു വരാറുണ്ട്.
കെട്ടുപാടുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി ഞാന്‍ ജോലി തേടി വണ്ടി കയറിയപ്പോള്‍ ഒരു കടലാസു തുണ്ടില്‍ അവള്‍ എഴുതി ചോദിച്ചു :"എങ്ങോട്ടാണ്,യാത്ര?"
അവളുടേ കണ്ണുനീരുകള്‍ പൊടിഞ്ഞ് എന്റെ കൈപുറത്തു വീണു വേദനിച്ചതുപോലെ എനിക്കു തോന്നി.
ഒരിക്കല്‍ മുബൈ എന്ന മഹാനഗരത്തില്‍ ഓഫീസില്‍ നിന്നും അഞ്ചുവാര അകലെയുള്ള ബാനു മറാഠിയുടെ ചാക്കുകള്‍ കൊണ്ടു മേഞ്ഞ ചായക്കടയില്‍ നിന്നും കറപറ്റിയ ഗ്ലാസ്സില്‍ ചാറ്റല്‍ മഴവീഴാതിരിക്കാന്‍ ടാര്‍പ്പകൊണ്ടു മറച്ച ഒരു ഭാഗത്തേക്ക് നിങ്ങി നിന്ന് നിറം കെട്ട ചായ ഊതി കുടിക്കുമ്പോള്‍നില്‍ക്കുവാന്‍ തുനിയുമ്പോഴായിരുന്നു ഫോണ്‍ ശബ്ദിച്ചത്.
അങ്ങേതലക്കല്‍ പരിചിതമായ ശബ്ദം.അവളുടെ കൂട്ടുകാരിയാണ് ."ഉണ്ണീ,ഒരു കാര്യം അറിയുവാന്‍ വേണ്ടിയാണ് വിളിച്ചത്.അവള്‍ക്കറിയാം എന്തൊക്കെ പ്രശ്നങ്ങളാണ് നീ നേരിടുന്നതെന്ന്.എന്നിരുന്നാലും ചോദിക്കാതെ വയ്യ.അത്രക്കാണ് അവളിപ്പോള്‍ നേരിടുന്ന വീട്ടുകാരുടെ നിര്‍ബന്ധങ്ങള്‍.തന്റെ ഒരു വാക്കിന്റെ പിന്‍ബലത്തില്‍ എല്ലാം മുന്നോട്ടു പോകും.താന്‍ ,അവളെ കൊണ്ടു പോകുമോ?"
മുഷിഞ്ഞ മുറിക്കുള്ളില്‍ ,കിട്ടുന്ന 1000 രൂപയില്‍, ഇതുപോലൊരു മഹാനഗരത്തില്‍ ഞാന്‍ എങ്ങനെ എന്റെ കുടുംബത്തേയും ഇവളേയും പരിപാലിക്കുവാന്‍ കഴിയും.അവളെ ഇതിലേക്ക് വലിച്ചിഴക്കുന്നതു ശരിയാണോ?.എനിക്കു അവളോടു ഇതൊക്കെ നേരിട്ടു പറയാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു.പക്ഷെ എന്റെ തികട്ടി വരുന്ന വാക്കുകളെ എങ്ങനെ ഞാന്‍ അവളെ ധരിപ്പിക്കും.നമ്മള്‍ക്ക് പറയാന്‍ ഉള്ള വാക്കുകളെ നമ്മള്‍ക്ക് പ്രതുഫലിപ്പിക്കുവാന്‍ കഴിയാതെ പോവുക എന്ന അവസ്ഥ അതികഠിനമാണ്.
കൂട്ടുകാരിയുടെ കയ്യില്‍ നിന്നും അവള്‍ ഫോണ്‍ വാങ്ങിച്ചെന്നു തോന്നുന്നു.ഞാന്‍ പറഞ്ഞത് അവള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ കേട്ടു നിന്നു.ഒടുവില്‍ ഒരു നിശ്വാസത്തോടെ ഫോണ്‍ ഡിസ്കണക്ടായി.അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു.അന്ന് എനിക്കു നഷ്ടമായത് ഒരു നല്ല സ്നേഹമായിരുന്നു.അചഞ്ചലമായ ,പ്രകടമായ സ്നേഹം.വെറുമൊരു നേരമ്പോക്കല്ല എന്നു സ്നെഹത്തെ മനസ്സിലാക്കിയവള്‍.
ഒരിക്കല്‍ അപ്രതീക്ഷിതമായ ഒരു മെസ്സേജ് എനിക്കു കിട്ടി.അതും എന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍."എന്നെ അറിയുമോ" എന്ന വാചകം മാത്രം.
'തന്നെപ്പോലെ ഒരാളെ ആണ് എനിക്ക് ഈശ്വരന്‍ വിധിച്ചു തന്നതെന്ന് 'ഒരിക്കല്‍ അവള്‍ ഒരു മെസ്സേജില്‍ എഴുതി.ഒരു ദിവസം അവള്‍ ചാറ്റിംഗില്‍ വന്നപ്പോള്‍ കണ്ട വാചകങ്ങള്‍ ഇങ്ങനെ ആയിരുന്നു."ജീവിതം ഇപ്പോള്‍ ഞാന്‍ ആഘോഷിച്ചു തീര്‍ക്കുകയാണ്.ഒരിക്കല്‍ പ്രത്യാശ എനിക്കു നഷ്ടപ്പെട്ടിരുന്നു.പക്ഷെ ഇന്നതില്ല.സന്തോഷം മാത്രം.ജീവിതത്തിന്റെ നിറകൂട്ടുകള്‍ മാത്രം ഇന്നെനിക്ക് ചാലിച്ചു തരാന്‍ ഒരാളുണ്ട്.കടപ്പാടുകള്‍ തീരുന്നില്ല.വല്ലപ്പോഴുമൊക്കെ ഒരു മെസ്സേജ് അയക്കാന്‍ നീ മറക്കല്ലേ.നാട്ടില്‍ വരുമ്പോള്‍ എന്നെ കാണാതെ പോകരുത്.ആദ്യമായി പ്രണയത്തെ തൊട്ടുണര്‍ത്തിയതല്ലേ.അതിന്റെ പവിത്രതയെ കുട്ടികള്‍ക്കു കൂടി പറഞ്ഞു കൊടുക്കാമല്ലോ.നീ ഫാമിലിയുമൊത്ത് എന്റെ വീട്ടില്‍ വരണം".വികലമല്ലാത്ത ചിന്തകള്‍.ജീവിതത്തെ ശരിക്കും അടുത്തറിയുന്ന വാചകങ്ങള്‍.
ഇതൊക്കെ എഴുതാന്‍ തന്നെ പ്രേരണ അവളുടേതാണ്.കുട്ടികള്‍ക്ക് വായിച്ചു കേള്‍പ്പിക്കാനാണെന്ന് എന്നോടു പറഞ്ഞു.ഒരിക്കല്‍ അവര്‍ ചോദിച്ചുവത്രെ 'അമ്മക്ക് പ്രണയമുണ്ടായിരുന്നില്ലേ 'എന്ന്.ഇന്നത്തെ കുട്ടികള്‍ കാര്യ വിവരങ്ങളുടെ ക്ഷമതയില്‍ വളരെ മുന്നിലാണ്.അവരെ വേണ്ട രീതിയില്‍ മുന്നോട്ടു കൊണ്ടു പോയാല്‍,മാതാപിതാക്കളുടെ വേണ്ട രീതിയിലുള്ള സ്നേഹം കിട്ടിയാല്‍ അവര്‍ സമൂഹത്തെ അറിഞ്ഞു വളരും.
ഇന്നും വല്ലപ്പോഴുമൊക്കെ അവളുടെ മെസ്സേജുകള്‍ കാണാറുണ്ട്.സന്തോഷം നിറഞ്ഞവ.ജീവിതത്തിന്റെ എല്ലാ നന്മകളും അവള്‍ക്ക് നേരുന്നു.ഒരു ജന്മം മാത്രം ഈ ഭൂമിയില്‍ മതി എന്ന എന്റെ ചിന്തകള്‍ക്ക് ഇതൊക്കെ ഓര്‍മ്മയുടെ മഞ്ചാടിക്കുരുപോലെയാണ്. അതു ചിലപ്പോള്‍ ഒരു വശം കറുപ്പു നിറമാര്‍ന്നതും,മറുവശം അസ്തമയ സൂര്യന്റെ ചെമ്പട്ട് പുതച്ചപോലെ മിഴിവേകുന്നതുമാണ്.ഈ ലോകത്തു നിന്നും വിടവാങ്ങുമ്പോള്‍ ഈ ഓര്‍മ്മകള്‍ എന്നോടൊത്ത് ഉയര്‍ന്ന് നൂലറ്റ പട്ടം പോലെ അനാഥമാകാതിരിക്കാന്‍ വേണ്ടിയാണ് ഇവിടെ കുറിക്കുന്നത്.വരും തലമുറ സ്നേഹത്തിന്റെ പവിത്രത മനസ്സിലാക്കട്ടെ,നല്ലവരായി വളരട്ടെ.
No comments:
Post a Comment