Wednesday, March 16, 2011

അണ്ടര്‍ടേക്കേഴ്സ്.

നമ്മുടെ സമൂഹം ആവര്‍ത്തനങ്ങളില്‍ കേട്ടു പഠിക്കാത്തവരാണ്.അതിന്‍ ഉദാഹരണമായിരുന്നു കണ്ണൂരില്‍ എട്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂള്‍ വാന്‍ അപകടം.ഇതുനു മുമ്പും ഇത്തരം അപകടങ്ങള്‍ നമ്മുടെ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടാണ്‌ കേരളീയര്‍ ഇതൊന്നും കാണാതെ പോകുന്നത്?.വിചിത്രമാണ്‌ ഈ കാഴ്ചകള്‍.ഇനിയും ഇതൊക്കെ ആവര്‍ത്തിക്കും എന്നു തന്നെ ഈ മാറ്റമില്ലായ്മയുടെ തെളിവുകളാണ്.

ഒരപകടം നടന്നു കഴിഞ്ഞാല്‍ കുറെ നാളത്തേക്ക് ടി.വി കാണുന്നവര്‍ക്ക് കുശാലാണ്.മന്ത്രിമാരെ നിര്‍ത്തി പൊരിക്കുക,വാക്ക് തര്‍ക്കങ്ങള്‍ അരങ്ങു തകര്‍ക്കുക,ലൈവ്‌ പ്രോഗ്രാമ്സ് അങ്ങനെ കോലാഹലങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഒടുവില്‍ ഉള്ളി പൊളിച്ചെടുത്തതു പോലെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നു.

ഈ ചര്‍ച്ചകള്‍ വെറുമൊരു പ്രഹസനമാമാക്കരുത്!.ഭരണകര്‍ത്താക്കളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.അവര്‍ ഈ കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദിത്ത്വമേറ്റെടുക്കാന്‍ കഴിയില്ല.അവര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നത് ഉത്തരവുകള്‍ ഇറക്കാന്‍ കഴിയും എന്നതാണ്.അതിനു നമ്മള്‍ ചെയ്യേണ്ടത് ട്രാന്‍സ്പോര്‍ട്ട്,വിദ്യാഭ്യാസവകുപ്പ് മുതല്‍ കൈ കോര്‍ത്ത് പിടിക്കണം.ഇതിനു വേണ്ടി കേരളത്തിലെ എല്ലാ സ്കൂളുകളും ഒത്തൊരുമിക്കണം.ഈ സ്കൂളുകളിലെ പി.ടി.ഏ കമ്മറ്റികള്‍ ഒന്നായി നില്‍ക്കണം.ഒത്തുപിടിച്ചാല്‍ ഈ കേരളത്തില്‍ സംഭവിക്കാന്‍ കഴിയാത്തത് ഒന്നും തന്നെ ഇല്ല എന്നു ചരിത്രം തന്നെ സാക്ഷിയാണ്.

ഇവിടെ നമ്മള്‍ ചെയ്യേണ്ടത് മുകളില്‍ പറഞ്ഞവരെയൊക്കെ ഒത്തു ചേര്‍ത്ത് ഒരു എല്ലാ ചാനലുകളിലും ഒരു ചര്‍ച്ച ഉണ്ടാക്കുക.പ്രാദേശികമായി തന്നെ ആയിക്കോട്ടെ.ഇന്നു പ്രാദേശിക ചാനലുകള്‍ നമ്മുടെ ഗ്രാമങ്ങളിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.ഇതില്‍ നിന്നും ഉണ്ടാകുന്ന ചര്‍ച്ചകളുടെ ഫലങ്ങള്‍ അതാതു വകുപ്പ് തലങ്ങളില്‍ ക്രോഡീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തണം.അതിനു നമ്മുടെ നിയമസഭാ പ്രതിനിധികള്‍ മതിയാകും.

ഈ ചര്‍ച്ചയില്‍ ഒരോ സ്കൂളുകളുടേയും,അതാത് സ്കൂളുകളിലെ പി.ടി.ഏ കമ്മറ്റികളുടേയും പങ്കു വലുതാണ്.ഇതില്‍ ആദ്യം സ്കൂളുകള്‍ ചെയ്യേണ്ടത് വാടകക്ക് എടുക്കുന്ന സ്കൂള്‍ ബസ്സുകള്‍ റോഡ് സേഫ്റ്റിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ ഉണ്ടോ എന്നും,അത് ഉറപ്പു വരുത്തുന്നതിനു വേണ്ടി ഒരു ക്വാളിഫൈഡ് ആയിട്ടുള്ള മെക്കാനിക്കിനെ കൊണ്ടു പരിശോധിപ്പിക്കേണ്ടതുമാണ്.രണ്ടാമതായി ,ഡ്രൈവറായി നിയമിക്കുന്ന ആളിന്റെ പ്രവര്‍ത്തി പരിചയം ലൈസന്‍സ് ,സ്ഥാപനത്തില്‍ അയ്യാള്‍ ജോലിക്കു ചേര്‍ന്ന സര്‍ട്ടിഫിക്കേറ്റുകള്‍എന്നിവ പരിശോധിച്ചു ഉറപ്പു വരുത്തുക.പറ്റുമെങ്കില്‍  വാഹന ഉടമകളുടെ സഹായത്തോടു കൂടി വണ്ടികളില്‍ മൊബൈല്‍ ജാമ്മറുകള്‍ സ്ഥാപിക്കുക.ഇതിനെല്ലാം ഉപരിയായി സ്കൂളുകള്‍ തന്നെ ബസ്സ് ഡ്രൈവറുടെ ആരോഗ്യപരിശോധന ആറുമാസത്തിലൊരിക്കല്‍ നടത്തേണ്ടതാണ്.ഇതിനൊക്കെ ഉപരിയായി നിങ്ങളുടെ കുട്ടികളെ വളരെ ചെറുപ്പത്തിലേ തന്നെ റോഡിലൂടെ പോകുമ്പോഴും,വണ്ടിയില്‍ സഞ്ചരിക്കുമ്പോളും ഉറപ്പു വരുത്തേണ്ട സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതാണ്.അഥവാ ഡ്രൈവര്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നു കണ്ടാല്‍ സ്കൂള്‍ അധികൃതരേയോ,മാതാപിതാക്കളേയോ അറിയക്കണമെന്ന് അവരോടു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

സ്കൂളുകള്‍ ചെയ്യേണ്ടത് വാഹന സൌകര്യങ്ങള്‍ കുട്ടികള്‍ക്ക് ചെയ്തുകൊടുക്കൊമ്പോള്‍ പ്രധാനമായും വാഹനത്തിന്റെ  സീറ്റിംഗ് കപ്പാസിറ്റിക്കരുനുസരിച്ച് കുട്ടികളെ അറേഞ്ച് ചെയ്യുക എന്നാതാണ്.കാരണം,ചെറിയ കുട്ടികള്‍ വണ്ടി ഇളകിതുടങ്ങുമ്പോള്‍ തന്നെ അവര്‍ സീറ്റില്‍ നിന്നു ഏണീറ്റ്  കോലാഹലങ്ങള്‍ കാണിച്ചു തുടങ്ങുകയും ചെയ്യും.പല ദിശയിലേക്കുള്ള കുട്ടികളെ  ഒരേവണ്ടിയില്‍ കയറ്റി അയക്കാതിരിക്കുക.ഇതു ഡ്രൈവര്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുകയും,അടുത്ത ട്രിപ്പിനു വേണ്ടി അയ്യാള്‍ ധൃതികൂട്ടി അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.

ഇവിടെ നമ്മുടെ സര്‍ക്കാരിന്‌ വളരെയധികം സഹായിക്കുവാന്‍ കഴിയും.അതിനു വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടത് റൂട്ടു ബസ്സുകള്‍ ഓടിക്കുന്നതു പോലെ അതേ ടിക്കറ്റ് ചാര്‍ജ്ജില്‍ ഒരേ സ്ഥലത്തേക്കുള്ള കുട്ടികള്‍ക്കായി ബസ്സുകള്‍ സ്കൂളുകള്‍ക്ക് വാടകക്ക് നല്‍കുക എന്നതാണ്.നമ്മുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍  ഇപ്പോള്‍ ധാരാളം റൂട്ടു ബസ്സുകള്‍ പോകുന്നുണ്ട്.പലതും നഷ്ടത്തില്‍ ഓടുന്നവ.അപ്പോള്‍ ഇങ്ങനെ ഒരു ഉപാധി ആകുന്നതു നല്ലതല്ലേ.ഈ പറഞ്ഞതിനു ഒരു പോരായ്മ വരുന്നതു കുട്ടികളെ സ്കൂള്‍ മുറ്റത്ത് വിടാന്‍ കഴിയില്ല എന്നതാണ്.അപ്പോള്‍  ചെയ്യേണ്ടത് തിരക്കുകള്‍ ഇല്ലാത്ത റോഡുകളില്‍ ഒരു സ്റ്റോപ്പ് കണ്ടെത്തുകയും അവിടെ കുട്ടികളെ ഇറക്കിക്കൊടുക്കയും ചെയ്യാവുന്നതാണ്.അപ്പോള്‍ എല്ലാമാതാപിതാക്കള്‍ക്കും സമയത്തിനു എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. ഓരോരുത്തരും ഒന്നിടവിട്ടുള്ള ദിവസങ്ങള്‍ കുട്ടികളുടെ സുരക്ഷക്കായി നില്‍ക്കാവുന്നതാണ്.അതുമല്ലെങ്കില്‍ ഒരു ഭാഗത്തേക്ക് മാത്രമുള്ള കുട്ടികളെ ഒരു സ്റ്റോപ്പില്‍ തന്നെ ഇറക്കി  അവിടെ നിന്നും വരുന്നവര്‍  കുട്ടികളെ ഒരുമിച്ചു കൊണ്ടു പോകുന്നതും നടപ്പാക്കാവുന്നതാണ്.കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു കരുതന്നതു പോലെ ആയിരിക്കണം  നമ്മള്‍ക്ക് കുഞ്ഞുങ്ങള്‍.അപ്പോള്‍ മറ്റുള്ളവരുടെ കുട്ടികളും നമ്മള്‍ക്ക് പ്രിയപ്പെട്ടവരാണെന്ന തോന്നല്‍ നമ്മളില്‍ ഉളവാകും.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്,കുട്ടികള്‍ നാളത്തെ തലമുറയുടെ ഭാഗ്യമെന്നു കരുതുക.നമ്മള്‍ അവരെ ബോധവാന്മാരാക്കുകയാണെങ്കില്‍ ഒരു നല്ല തലമുറ ഭാവിയില്‍ ഉണ്ടാകും.അല്ലാതെ ജോലിത്തിരക്കുകള്‍ക്കിടയിലാണെന്നും പറഞ്ഞ് കുട്ടികളെ ആയമാരെ ഏല്‍പ്പിച്ച്,അല്ലെങ്കില്‍ ഹോണടിക്കുന്ന സ്കൂള്‍ ബസ്സിന്റേ പിന്നാലേ ഓടി കുട്ടികളെ ലാഡറില്‍ തൂക്കി ഇടുന്നതു പോലെ അവരെ സ്കൂളില്‍ അയക്കരുത്.ഇവിടെ ആരോഗ്യം ഒരു പ്രധാനഘടകമാണ്.ഉറുമ്പുകള്‍ പോലും വരിവരിയായി ആണു പോകുന്നത്.പക്ഷെ ഇവിടെ കുട്ടികളെ മത്തി അട്ടിയിടുന്നതു പോലെ നിരത്തുകയാണ്‌ ചെയ്യുന്നത്.അപ്പോള്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും.

ഇന്നത്തെ കുട്ടികള്‍ക്ക് പുസ്ത്കകെട്ടുകള്‍ ഒരു ഭാരമാണ്.അപ്പോള്‍ അവരെ ഈ യാത്രകൂടെ അടിച്ചേല്‍പ്പിച്ചാല്‍ തളര്‍ന്നു പോകും അവര്‍.നമ്മള്‍ കുട്ടികളുടെ അഡ്മിഷന്‍ മുതല്‍ പ്ലാനിംഗ് ഉണ്ടായിരിക്കണം.ഇടത്തരക്കാരാണ്‌ നമ്മുടെ സമൂഹത്തിലധികവും.തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നു ആഗ്രഹിക്കുന്നവരും.ഒന്നോര്‍ക്കുക എത്ര നല്ല സ്കൂളുകള്‍ നിങ്ങള്‍ തിരഞ്ഞെടുത്താലും നിങ്ങള്‍ കുട്ടികളെ ശ്രദ്ധിച്ചില്ലാ എങ്കില്‍ ഒരു പ്രയോജനവുമില്ല.അങ്ങനെ നോക്കിയാല്‍ നമ്മുടെ കുട്ടികളും ഇടത്തരം സ്കൂളുകളില്‍ പഠിക്കട്ടെ ,കുഴപ്പമില്ല.രണ്ടാമതായി നല്ല ട്രാവലിംഗ് ഫെസിലിറ്റികള്‍ ഉണ്ടോ എന്ന് അവിടുത്തെ സ്കൂളില്‍ പോയിവരുന്ന കുട്ടികളൂടെ മാതാപിതാക്കളോട് അന്വേഷിക്കുകയും ആവാം.അതും അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കു തന്നെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാം.കുട്ടികളെ കുത്തി നിറച്ച വാഹനങ്ങളില്‍ നിന്നും അവരെ രക്ഷപെടുത്തു നിങ്ങള്‍ അവരെ കുറച്ചു നേരുത്തെ സ്കൂളില്‍എത്തിച്ചു നോക്കൂ അപ്പോള്‍ 
കുട്ടികളുടെ സുരക്ഷിതത്ത്വ ബോധം കൂടും,നമ്മുടെ അങ്കലാപ്പും തീരും.

റോഡു സേഫ്റ്റിയെക്കുറിച്ച് ഓരോ സ്കൂളുകളിലും ശില്പശാലകള്‍ നടത്തേണ്ടതാണ്.അതിനു വേണ്ടി നമ്മുടെ അടുത്തുള്ള എല്ലാ പോലീസ്,ട്രാഫിക്ക്,ട്രാന്‍സ്പോര്‍ട്ട് മേധാവികളേയും,നമ്മുടെ നിയമസാഭാ പ്രതിനിധികളേയും പങ്കെടുപ്പിക്കേണ്ടതാണ്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നതു കണ്ടാല്‍ നമ്മള്‍ തന്നെ വാഹനത്തിന്റെ വിവരങ്ങള്‍ പറഞ്ഞ് പരാതി നല്‍കുക.ഗുരുതരമെന്നു കണ്ടാല്‍ ലൈസന്‍സ് 6-മാസത്തേക്ക് റദ്ദാക്കുകയും,വന്‍ പിഴ ചുമത്തുകയും വേണം.

വാല്‍ക്കഷണം:ഒരു കുട്ടി വളര്‍ന്നു വരണമെങ്കില്‍ ഒരു ഡയമണ്‍ട് ചെത്തിമിനുക്കുന്ന അതി സൂക്ഷമത നമ്മള്‍ക്ക് ഉണ്ടായിരിക്കണം.എന്നിരുന്നാല്‍ മാത്രമേ വളര്‍ന്നു വരുന്ന തലമുറക്ക് നല്ല മതിപ്പും,മാറ്റും,ശോഭയും ഉണ്ടാവുകയുള്ളൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...