Monday, March 28, 2011

മഴനൂലില്‍ നെയ്തെടുത്ത ചിത്രങ്ങള്‍


മഴയില്‍ വെയില്‍ അലിഞ്ഞു
ചേരുമ്പോള്‍ ,തൂവല്‍ മേഘങ്ങള്‍
വീണുറങ്ങിയ നീര്‍തട്ടുകളില്‍
പിറക്കുന്ന മഴവില്ലുകള്‍
നീ നല്‍കുന്ന പ്രണയത്തിന്റെ
ആദിമ ഭാവങ്ങളെന്ന് ഞാന്‍
വിശ്വസിക്കുന്നു.

മഴക്ക് ഇളം വെയിലേക്കാനും
വെയിലിനു തണുപ്പാകാനുമായിരിക്കും
ഇഷ്ടം.

പുലരിയില്‍ പിറക്കുന്ന
ഇളം വെയിലുകളാല്‍
മനോഹരമാണ്‌ നീ തരുന്ന
സാമീപ്യവും,സ്നേഹവും.
പൊഴിഞ്ഞു വീഴുന്ന ഇലകളില്‍
പോലും ഞാന്‍ നിന്നിലേക്ക് ഉടഞ്ഞു
വീഴാന്‍ കൊതിക്കാറുണ്ട്.

നിന്റെ നിശ്വാസങ്ങള്‍
കൊരുത്തെടുക്കാന്‍
മറന്നുപോയ മഴ മുത്തുകളെ
ഞാന്‍ സമയത്തിന്റെ നൂലുകള്‍
കൊണ്ട് നെയ്തെടുക്കുന്നു.

സ്നേഹിക്കപ്പെടുന്നവരുടെ
ഈ ലോകത്തു നിന്നും,ഒരിക്കല്‍,
ഞാനും പിഴുതെറിയപ്പെടും.
അന്ന് ഈ സമയത്തിന്റെ
മഴമുത്തുകള്‍ എന്നെ അണിയിക്കണം;
നിന്റെ കണ്ണുകള്‍ നനയാതിരിക്കട്ടെ!.

2 comments:

  1. ആ നേര്‍ത്ത നൂലിഴകള്‍ പൊട്ടരുത്‌..
    അവ പിന്നീട് ഓര്‍മകളായി തീരാം...

    ReplyDelete
  2. സമയത്തിന്റെ നൂലില്‍ കൊരുത്ത ഈ മഴ മുത്തുകള്‍ കൊള്ളാം. നന്നായിരിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...