Thursday, September 12, 2013

സംസാരമെന്ന ഔഷധം

വലിയ ബോറഡിയില്ലാതെ ചില കാര്യങ്ങൾ പറയാന് പോവുകയാണ്‍.. ഈ സംഭവങ്ങൾ ഒരു ഹുന്ത്രപ്പോ ബുസാട്ടിയാണെന്ന് പലർക്കും തോന്നാതിരിക്കാം;പക്ഷെ ഒരു കുഞ്ഞു കാറ്റുപോലെയുള്ള ഈ ജിവിതം ചില ചെറിയ സംഭവങ്ങളിലും വീണു പിടയാറുണ്ട് ;അതിൽ ചിലത് ഇവിടെ പരത്തിയെഴുതിയാലോ.നമോവാഹത്തോടേ തുടങ്ങാം ,അതാണല്ലോ കേരളീയ ചിന്തയിലും നടപ്പിലും,എടുപ്പിലും മഹാത്തരമായത്.അല്ലെങ്കിൽ പിന്നെ ലാൽ സലാം എന്ന് പറയാം ,അതാണെങ്കിൽ ചെങ്കൊടിപ്പാറിക്കളിക്കുന്ന ചില തത്ത്വ ചിന്തകന്മാർ വന്നു രണ്ടു പറഞ്ഞിട്ട് പോകുമായിരിക്കാം ."ഹാ" എന്നാതെങ്കിലുമാകട്ടെ അങ്ങ് പറഞ്ഞേക്കാം.എന്നാ ചെവി പുളുക്കെ കേട്ടോളൂ.....

ജീവിതത്തിന്റെ കുമാര സംഭവമാണ് അറബിക്കടലുപോലെ സ്നേഹമുള്ളവൾ എപ്പോളും ചായയും ,കാപ്പിയും ഇട്ട് എന്റെ എഴുത്ത് മേശക്കരികെ വന്ന് കോട്ടുവായുമിട്ട് ,എഴുതിവെച്ച പേപ്പറിൽ ചായുയും വീഴ്ത്തി വെളുക്കെ ചിരിച്ച് നടന്നു പോകുമ്പോൾ അരിശം തീരെ വരാറില്ല (അരിശമില്ലാത്ത എന്നെ പത്രക്കാരാൻ ലംബോധരന്റെ, മുഖത്ത് പൂ തൂങ്ങിക്കിടക്കുന്ന നേർച്ച കോഴി അരിശത്തോടെ  ഓടിച്ചിട്ടു കോത്താറുണ്ട് ,എന്തിനാണെന്നു ഇത് വരെ എന്റെ ശിരോമണ്ഡലത്തിൽ കൂവി തെളിഞ്ഞിട്ടില്ല.ഞാനും അവനും തമ്മിൽ വലിയ അന്തരമുണ്ട് ,പക്ഷെ എന്നോടു  എന്താണോ വിരോധം ;ചാവും മുൻപേ എങ്കിലും ആ  കോഴിരാജ വീരനോടു പറഞ്ഞു തീർക്കണം.അല്ലെങ്കിൽ വേണ്ട അവന്റെ നേർച്ചക്കഷണങ്ങൾ അരിമാവിന്റെ റൊട്ടിയും കൂട്ടിക്കഴിക്കൊമ്പോൾ സോറി പറയാം.ഇതൊരു ലക്ഷണമൊത്ത മാര്ക്സിസ്റ്റ് ചിന്ത എന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നപേക്ഷിക്കാം..ചത്ത്തവനെന്തു ചിന്ത....അവനു ചിതയല്ലേയുള്ളൂ അല്ലെങ്കിൽ ഒരു വൈദ്യുതി ശ്മശാനം.)

എന്റെ ഭാര്യയായിപിറന്നവൾ ,സംബോധന നെന്ചിൽ തട്ടണം,ഒരിക്കൽ പറയുകയുണ്ടായി ;ഇങ്ങനെ എഴുതി ,എഴുതി പരത്തിവെക്കുന്നതല്ലാതെ  വല്ലതും നല്ല ഭാഷ എഴുതുന്നില്ലേ ...?..മനുഷ്യ ഭാഷ അറിയാത്തവന് എന്ത്  നല്ല ഭാഷ.ഭാഷക്ക് ഒരു അർത്ഥമേ ഈ പ്രപഞ്ചത്തിൽ വെളിച്ചമേകിയിട്ടുള്ളൂ ;അത് സ്നേഹമാണ്..അപ്പോൾ നല്ല ഭാഷ സ്നേഹമാണ്.അങ്ങനെയെങ്കിൽ സ്നേഹത്തെക്കുറിച്ചെഴുതാം.അപ്പോൾ നമ്മളെക്കുറിച്ചെഴുതിയാലോ ?,ആലോചിച്ചു നോക്കിയപ്പോൾ നല്ല രസമുള്ള കാര്യമാണ്;പ്രിയ പത്നിയുടെ മുഖത്ത് ചെന്താമര വിടർന്നതുപോലെ -പഴയ സാഹിത്യം ഇപ്പോഴും സടകുടഞ്ഞെഴുന്നേൽക്കുന്നുണ്ട് . 

ഓർത്ത് നോക്കിയപ്പോൾ ഓപ്പോള് ചുടുന്ന വലിയ ഗുരുവായൂർ പപ്പടം പോലെ പൊള്ളി വന്നത് നല്ല സോയമ്പൻ സാധനമാണ്  " ഒരു വൈവാഹിക ജീവിതത്തിന്റെ ഹുന്ത്രാപ്പി സാധനം ".എവിടെ തുടങ്ങിയാലും തുടക്കം പിഴക്കുന്ന തരത്തിലുള്ള ഒരു വൈദ്യുതി പ്രവാഹം ,നല്ലവണ്ണം വയറിംഗ് ചെയ്തില്ലാ എങ്കിൽ ഷോക്കടിക്കുന്ന;ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന സാധനം  .ലോകത്തിലെ ആദ്യ ആറ്റംബോബായ "ഫാറ്റ് മാൻ " ഇതിലെത്രയോ ചെറുത് .വരയും ,കുറിയും നേർവഴിക്ക് നടന്നില്ലെങ്കിൽ സ്കെയിലും,റൂളരും കൊണ്ട് നേരയാക്കാൻ പറ്റാത്ത ജീവിത രേഖ .

പലതും കണ്ടറിഞ്ഞും ,കൊണ്ടറിഞ്ഞും വീണ്ടും ,വീണ്ടും ഒരുമിച്ചു നടന്ന ശിശിരങ്ങൾ,വസന്തങ്ങൾ,വെയില വീണു നരച്ച വഴികൾ.പടിഞ്ഞാറെ തെരുവിൽ ചുവന്ന ,വിങ്ങിപ്പഴുത്ത് സൂര്യനെ ഒരുമിച്ചു കാണാൻ കഴിഞ്ഞിട്ടുണ്ട് ;അപ്പോഴും ഒരു ശ്വാസത്തിന്റെ അകലത്തിൽ നിന്ന് അവൾ പറയും ഞാൻ കഴിഞ്ഞ ജന്മത്തിലും നിങ്ങളുടെ വാമ ഭാഗമായിരുന്നു;കാരണം അവളുടെ ചിന്തയിൽ ഒരു ജന്മത്തിൽ ആഗ്രഹം പൂർത്തിയാക്കാൻ കഴിയാതെ പോയവരാണ് വീണ്ടും മനുഷ്യരായി  ജനിക്കുന്നതത്രേ - കൊള്ളാം അത് നല്ല സംഭവം തന്നെ.അവളുടെ ആഗ്രഹം എന്നും സംസാരിച്ചിരിക്കണം;അങ്ങനെ വാ തുറന്ന മരിച്ചാലും സന്തോഷം എന്നാണവളുടെ പക്ഷം .അവൾക്ക് സംസാരിക്കേണ്ടത് എന്നോടു മാത്രവും.ഒരിക്കൽ ചോദിച്ചു ബോറടിക്കില്ലേ;പക്ഷെ മറുപടി അതിനു സമയം കിട്ടുന്നില്ലല്ലോ എന്നായിരുന്നു.ഈ കാലഘട്ടത്തിൽ കുടുംബങ്ങൾക്കിടയിൽ ഇല്ലാത്തതും ഇത് തന്നെയല്ലേ. പവർ  കട്ട് സമയത്ത് ഒന്നും സംസാരിക്കാനില്ലാതെ  ,കരന്റിനെ പഴിച്ച് ,സമയം കളയുന്ന കുടുംബങ്ങൾ കൂടി വരുന്ന ഈ യുഗത്തിൽ ഇത്തിരി സംസാരം ഒത്തിരി ഗുണം ചെയ്യും.

പരസ്പരം അറിയുന്നത് ബാഹ്യ പ്രസരിപ്പിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കലും ആയിരിക്കരുത് .അതിനു പറ്റിയ മരുന്നാണ് അല്പനേരമായാലും ,കുറച്ചു കൂടിയാലുമുള്ള സ്വകാര്യ സംഭാഷണങ്ങൾ .ഇത് കുട്ടികളിൽ മാത്രമല്ല ,വലിയവരിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‍.. ...വൈവാഹിക ജീവിതത്തിൽ പ്രണയം നില നിൽക്കണമെങ്കിൽ ഈ പറഞ്ഞ സാധനം ഇല്ലാതെ കഴിയില്ല എന്നത് ഒരു വസ്തുതയാണ്‍.... ജീവിക്കനുള്ള നെട്ടോട്ടത്തിൽ ജീവിതം വരെ മറന്നു പോകുന്നവരാണ് നമ്മൾ മലയാളികൾ എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വരുന്നു.എവിടെ പിഴക്കുന്നു ;വിവാഹം ഒരു ഉടമ്പടിയും ,ജോലി ഒരു ബാധ്യതയുമാകുമ്പോൾ,കണക്കുകൾ പറഞ്ഞു തുടങ്ങുമ്പോൾ  അവിടെ ആദ്യ ചുവടു പിഴക്കുന്നു.പിന്നെ ഉത്തരവാദിത്ത്വങ്ങൾ പരസ്പരം പഴി ചാരുന്നു  അങ്ങനെ രണ്ടാമത്തെ ചുവടും.

നിങ്ങൾ ഒരല്പ നേരം നിങ്ങൾക്കായി  ചിലവിട്ടു നോക്ക്ക്കൂ; ഒരു ദിവസത്തെ തിരക്കുകൾ കഴിഞ്ഞ് ,കുട്ടികൾ ഉറ ങ്ങിക്കഴിഞ്ഞ് -ബെഡ്റുമിൽ വേണ്ട ;അവിടെ ഉറങ്ങാനുള്ള സ്ഥലമാണ് ,അവിടെ ചിന്തകളും ,വിചാരങ്ങളും ,ദുഖങ്ങളും,സുഖങ്ങളും വേണ്ട ,സമാധാനത്തോടെ ഉറങ്ങാനുള്ള ,ഉണർന്നെണീക്കാനുള്ള സ്ഥലമാണ്-കോലായിൽ അല്ലെങ്കിൽ അടുക്കളപ്പടിയിൽ ഇത്തിരി നേരം സുഖ ദുഃഖങ്ങൾ പങ്കു വെച്ചുകൂടെ.എന്തുമാകാം ,ഓഫീസ് തുടങ്ങി നമ്മുടെ സമൂഹത്തിലും ,ലോകത്തും വരെ സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടെ വിചാരങ്ങൾ  ,ആശങ്കകൾ ,എല്ലാം. അവസാനം ഉറങ്ങാനായി പിരിയുമ്പോൾ ഒരു സ്വാന്തനമായി പരസ്പരം ചുംബങ്ങൾ നല്കി ,ചേർത്ത്പിടിച്ച് ,ഒന്ന് തലോടി,തഴുകി പോയാൽ ലോക സമാധാനത്തോടെ ഉറങ്ങാൻ കഴിയും .ഇതൊക്കെ ചെയ്യാൻ കഴിയുമോ ;പലര്ക്കും ഇഷ്ടം പലതാണ്‍. അവർ അതിനനുസരിച്ച് പെരുമാറിയാൽ മതി.നിങ്ങൾക്കുണ്ടാകുന്ന മാനസിക സംഘർഷത്തിൽ നിന്നുമുള്ള വിടുതൽ  ഒരു വയസ്സ് കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്ട്രെസ് അനുഭവിക്കുന്നവർ ഇൻഡ്യാക്കാരാണ്.അതായത് 85%.ഇതിൽ നിന്നും ഈ ഭീകരത മനസ്സിലാക്കാൻ കഴിയും .വെറുതെ യൗവ്വനത്തിലേ മരിക്കാതെ ,ജോലിക്കായി പായാതെ നമ്മുടെ ജീവിതത്തിനായി ജീവിതം ബലിയർപ്പിക്കൂ.അവിടെ സ്നേഹം ഉണ്ടാകട്ടെ ;അതുവഴി ഒരു പുതു തലമുറയും ,സമൂഹവും ഒരു പുതു ലോകവും ഉണർന്നെണീക്കട്ടെ .ആ പുലരിക്കായി നമ്മൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങുക...

2 comments:

  1. സംസാരമാം സാഗരത്തില്‍ അംസാന്തം മുങ്ങൊലാ സഖേ

    ReplyDelete
  2. കൊള്ളാം ... :)

    ReplyDelete

Related Posts Plugin for WordPress, Blogger...