Monday, February 07, 2011

മാനം നഷ്ടപ്പെട്ട കേരളം.

"അമ്മക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന " എന്ന പഴഞ്ചൊല്ല്‌ മലയാളിയുടെ അണ്ണാക്കിലേക്ക് ഇട്ടുകൊടുക്കാനാണ്‌ സൌമ്യ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായ കൊലപാതകം കണ്‍മുന്നില്‍ വെളിച്ചപ്പാടു തുള്ളുമ്പോള്‍ എനിക്ക് തോന്നുന്നത്.ഒരു നിമിഷത്തെ മലയാളിയുടെ മനുഷ്യത്തരഹിതമായ പെരുമാറ്റത്തിന്റെ വിലയാണ്‌ ഈ പെണ്‍കുട്ടിയുടെ ജീവന്‍.അനുദിനം വളര്‍ന്നു പന്തലിക്കുന്ന മലയാളി സമ്പൂര്‍ണ്ണസാക്ഷരതയുടെ സാക്ഷരതയില്ലായ്മയാണ്‌ ഈ സംഭവം.അല്പമെങ്കിലും ധൈര്യം കാണിച്ചിരുന്നുവെങ്കില്‍  ആ പെണ്‍കുട്ടിയുടെ മാനമെങ്കിലും നമ്മള്‍ക്ക് രക്ഷിക്കുവാന്‍ കഴിയുമായിരുന്നു.


ഒരു പെണ്‍കുട്ടി ട്രയിനില്‍ നിന്നും ചാടി എന്നു മനസ്സിലാക്കിയിട്ടും ഒരു പട്ടി ട്രയിനടിയില്‍പ്പെട്ടു എന്നമനോഭാവം പോലും കാണിക്കാതെ മലയാളി സഹയാത്രികന്മാരെ നിങ്ങളാണ്‌ ഈ മരണത്തിന്‌ ഉത്തരവാദികള്‍.അല്ലാതെ ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.ഒരു രാജ്യത്തിന്റെ സുരക്ഷ ഒരോ പൌരന്റേയും കടമയാണ്.ഈ സ്വന്തം കാര്യം സിന്ദാബാദ് ചരിത്രം പോലും സാക്ഷിയാണല്ലോ!.പണ്ട് ബ്രട്ടീഷുകാര്‍ക്ക് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് പുട്ടടിച്ച മലയാളികളും ഉണ്ടല്ലോ.അവരോടു മല്ലടിച്ച് നേടിതന്ന സ്വാതന്ത്ര്യം അല്പമെങ്കിലും ഈ സംഭവത്തില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു സഹജീവിയുടെ,ഒരുപാട് പ്രതീക്ഷകള്‍ നിറഞ്ഞു നിന്ന ജീവിതത്തിന്റെ ,ഒരു കുടുംബത്തെ രക്ഷിക്കാമായിരുന്നു.ഒരു നിമിഷത്തെ മനോധൈര്യം കാണിക്കാത്തെ മലയാളി എങ്ങനെ ഒരു നാടിനെ രക്ഷിക്കും.ചരിത്രം ആവര്‍ത്തിച്ചാല്‍ വീണ്ടും ചിലപ്പോള്‍ കേരള മണ്ണിന്റെ തുണിയഴിച്ച് തെരുവോര വില്പന നടത്താനും നമ്മള്‍ മടിക്കില്ല.

ഇത്തരത്തില്‍ കൊഴിഞ്ഞുപോയ ഒരുപാട്‌ കേസുകളുടെ കൂട്ടത്തില്‍ ഇതും മണ്‍മറഞ്ഞുപോകും.
നമ്മുടെ നിയമങ്ങള്‍ തന്നെയാണ്‌ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്.ഇത്തരത്തിലുള്ള കുറ്റവാളികള്‍ക്ക് കുറ്റം ചെയ്തുകഴിഞ്ഞാല്‍ വിശ്രമിക്കാനുള്ള ഗവണ്‍മെന്റ് ഗസ്റ്റ്‌ഹൌസ്സ് പോലെയാണ്‌ ഇപ്പോള്‍ ജയിലുകള്‍.രണ്ടോ,മൂന്നോ മാസത്തെ ശിക്ഷകഴിഞ്ഞ് പുറത്തു വരുമ്പോള്‍ അവനെ ഈ സുഖസൈകര്യങ്ങള്‍ വീണ്ടും ആകര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്.

ഇവിടെ വേണ്ടത് ജനകീയകോടതികളാണ്‌.ജനങ്ങള്‍ തന്നെ ന്യായാധിപന്മാര്‍.ശിക്ഷ ന്യായാധിപന്മാര്‍ തന്നെ ചെയ്യുക.കുറ്റം ചെയ്യുന്നവന്‍ തെറ്റു ചെയ്യുന്നവന്റെ രക്തസാക്ഷിയായി സമൂഹത്തില്‍ ജീവിക്കണം.അവനെ സമൂഹത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കണം.അല്ലാതെ ആറുമാസം തടവുശിക്ഷയും വിധിച്ച് നല്ലൊരു വക്കിലിന്‌ കുറച്ച ചിക്കിളി കൊടുത്താല്‍ വേണമെങ്കില്‍ കേസു കേള്‍ക്കാന്‍ ഇരിക്കുന്ന ജഡ്ജിയെ കുറ്റക്കാരെനെന്നു വിധിക്കുന്ന നിയമങ്ങളാണ്‌ ഇന്നുള്ളത്.അതുകൊണ്ട് ജനങ്ങള്‍തന്നെയാണ്‌ കോടതികള്‍ അകേണ്ടത്.

ഇവിടെ റെയില്‍വേയുടെ അനാസ്ഥ  പ്രകടമാണ്‌.ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്നു നാഴികക്കു നാപ്പതുവെട്ടം പറയുന്ന സംഘടനകള്‍ക്കും ഈ ഭീകരതക്കു  പങ്കുണ്ട്.ബോഗികള്‍ ട്രയിനിന്റെ വാലറ്റത്ത് ഇന്നുവരെ ഓടിക്കൊണ്ടിരുന്നപ്പോള്‍ മമതബാനര്‍ജി ദീദി നടത്തിയ വിഘ്നേശ്വര പൂജ കൊണ്ടായിരിക്കാം അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നിരുന്നില്ല.പക്ഷെ പുള്ളിക്കാരനും ഈ കൊള്ളരുതായ്മകള്‍ കൊണ്ടു മടുത്തുകാണും.ദാ, കിടക്കുന്നു ചട്ടിയും കലവും.നഷ്ടപ്പെട്ടത് ഒരു ജീവിതം.റെയില്‍വേ ചെയ്യേണ്ടത് കുറഞ്ഞപക്ഷം  വൈകിട്ട് 6 മണിക്ക് ശേഷം ഓടുന്ന എല്ലാ ട്രയിനുകള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുക.ലേഡീ കംമ്പാര്‍ട്ട്മെന്റ് എഞ്ചിന്‍ കഴിഞ്ഞുള്ള ഭാഗത്താക്കുക.ദയവ് ചെയ്ത് പൊന്നു പൂവാലന്മാര്‍ ലേഡീസ്‌ കംപാര്‍ട്ട്മെന്റിലേക്ക് നുഴഞ്ഞുകയറാതിരിക്കുക.അങ്ങനെ ചെയ്താല്‍  ഈയിടയ്ക്ക് നഗ്നപ്രദര്‍ശനം നടത്തിയ യുവാവിനെ എടുത്തിട്ടിടിച്ചപോലെ കൈകാര്യം ചെയ്യുക.അങ്ങനെ കേറുന്ന കാളകളെ 5000 രൂപ ഫൈന്‍ ചുമത്തുക.പിന്നെ അയ്യായിരം രൂപകൊണ്ടുകേറുന്ന വിരുതന്മാരെ 50000 രൂപക്കുള്ള മരുന്നിനു വേണ്ടി കൈകാര്യം ചെയ്യുക.

ഭരണകൂടത്തിനു  ഒരു പരിധിവരെ മാത്രമേ നമ്മളെ സഹായിക്കുവാന്‍ കഴിയൂ.ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ സമൂഹവിപത്തിനെ നേരിടുക.നിയമങ്ങള്‍ ചായ കുടിക്കുവാന്‍ പോകുന്ന ഈ കാലത്ത് നമ്മള്‍ ഒരു കടിയെങ്കിലും കൊടുക്കണം.ഇല്ലെങ്കില്‍ സൌമ്യമാര്‍ ഇനിയും നമ്മുടെ സമൂഹത്തില്‍ മരണപ്പെടും.

വാല്‍കഷണം:ഇനി എന്നാണാവോ ആണുങ്ങളെ തള്ളിയിട്ട് മാനഭംഗപ്പെടുത്താന്‍ പോകുന്നത്.അന്ന് ആരൊക്കെ പ്രതികരിക്കുമെന്ന് കണ്ടറിയാം.

Related Posts Plugin for WordPress, Blogger...