Saturday, February 19, 2011

അമ്മുവും,മുത്തശ്ശിയും


നറുപുഞ്ചിരിക്കതിരുമാര്‍ക്കനെത്തി
അമ്മുവുണര്‍ന്നു കിളികൊഞ്ചലുമായി .
വെക്കമണഞ്ഞവളമ്മതന്‍ ചാരത്ത്
പരിഭവം ചാലിച്ചു ചൊന്നു മെല്ലെ.
അമ്മേ,അമ്മേ കേള്‍പ്പതുണ്ടോ,
അമ്മുവിന്‍ മുത്തശ്ശി വന്നതില്ല
കുഞ്ഞിളം പല്ലുകള്‍ വിളക്കിയില്ല
കുന്നിക്കുരുക്കേളികളാടിയില്ല.
പയ്യാരം ചൊല്ലുവാന്‍ മുത്തശ്ശി വേണം
മുത്തശ്ശിയില്ലാതെതൊന്നുമേ വയ്യ!.


ചേലൊത്ത മൌലിയില്‍ തഴുകി മെല്ലെ
മാതാവിദം മറുപടിയോതി:
"ഇഷ്ടമില്ലാത്തതു കാട്ടിനീയിന്നലെ
മുത്തശ്ശിയെ വല്ലാതെ ചൊടിപ്പിച്ചില്ലെ.
പൂവും,പഴങ്ങളും ശേഖരിച്ചീടുവാന്‍
നിന്നെക്കൂട്ടാതെ പോയതാവാം,
അല്ലെങ്കില്‍,ചന്ദനക്കാറ്റും,ചക്കരമാവും
മുത്തശ്ശിയെക്കൂട്ടി പോയതാവാം!."
നിര്‍കല്മഷമായൊരാനനം വാടി
കൂമ്പിയടഞ്ഞത്താമര മൊട്ടു പോലെ.
ചക്കരമാവിന്റെ ചോട്ടിലെത്തി
സങ്കടം ചൊന്നവള്‍ മാവിനോടായ്:
മാവേ,മാവേ ചക്കരമാവേ
നീയെന്റെ മുത്തശ്ശിയെക്കണ്ടതുണ്ടോ
ഞാനില്ലാ നേരത്തു മാമ്പഴം
കാട്ടി കേളിക്കായി നീ വിളിച്ചതല്ലേ?

ചില്ലകള്‍ തോറും ചാടി നടക്കുമൊര-
ണ്ണാറക്കണ്ണാ കുട്ടിക്കുറുമ്പാ,
കുന്നോളം മാമ്പഴം തന്നീടാം
മുത്തശ്ശിയെവിടെന്നു ചോല്ലീടുമോ?

പൂവുകള്‍ തോറും പാറി നടക്കും മാലേ-
യം കുന്നിലെ കരിവണ്ടുകളേ
മലയജം കാടുകളില്‍ കണ്ടതുണ്ടോ
പിച്ചകപ്പൂന്നുള്ളുമെന്‍ മുത്തശ്ശിയെ?

പുഴവക്കില്‍ ചക്കരപ്പുല്ലു തിന്നും
പൂവാലിപ്പശ്ശുവേ ,കാക്കക്കറുമ്പീ
കൊതിയൂറും പഞ്ചാരപ്പാലു നല്കി
ചങ്ങാത്തം കാട്ടി നീ കൂട്ടിയതല്ലേ?

തൊടികളിലെല്ലാം മണ്ടിനടന്നവള്‍
മുത്തശ്ശിയെങ്ങുമേ കണ്ടതില്ല.
ക്ഷീരജമായിരാനനം തന്നില്‍
ഖിന്നതയാര്‍ന്നു കരിമുകിലു പോലെ
നക്ഷത്രമിഴികളില്‍ നീരിന്‍ തിളക്കമായി
താമരച്ചുണ്ടുകള്‍ വിതുമ്പി മെല്ലെ.

ഇണ്ടല്‍കൊണ്ടേറ്റം തളര്‍ന്നുറങ്ങിയവള്‍
ചക്കരമാവിന്റെ ശീതളച്ഛായയില്‍
വെയിലേറ്റുവാടിയ തനുവല്ലരിയില്‍
അഗോചരമായാരോ തഴുകീടുന്നോ!,
ആകാശവാതില്‍ തുറന്നുകൊണ്ടാരാ-
ത്മാവ്,വെണ്‍നുര താണ്ടി,
അമ്മുവിന്‍ ചാരത്തണഞ്ഞീടുന്നോ!
മയില്‍പ്പീലിക്കണ്ണുകളിലത്ഭുതം
പൂണ്ടവള്‍ ,മുത്തശ്ശിയെന്നോതി
ചക്കരയുമ്മകള്‍ നല്കീടുന്നോ!.

സ്നേഹത്തിന്‍ നറു തേന്‍കുടങ്ങള്‍
നുകരുവാനാവോളം നല്കീടേണം
കുഞ്ഞിളം മൊട്ടുകള്‍ വിടര്‍ന്നിടേണം
രാഗപരിമളമായൊനുദിനം ഭൂവില്‍
നേരമില്ലായെന്നു ശഠിക്കുന്നോരേ
നേരംപോക്കല്ലയെന്നുമോര്‍ക്കുമല്ലോ!.

1 comment:

Related Posts Plugin for WordPress, Blogger...