Saturday, February 19, 2011

ഭ്രാന്തനായ ഒറ്റത്തടിമരം.

ഊഷരഭൂമിയിലെ
പനകളില്‍ പക്ഷികള്‍
കൂടുകെട്ടുവാനോ,
ചേക്കേറാനോ വരാറില്ല.

പനയോലക്കൈകള്‍ക്ക്
മധ്യാഹ്നച്ചൂടിന്റെ
ആലയില്‍ പഴുപ്പിച്ചെടുത്ത
പച്ചിരുമ്പിന്റെ
നിറമായതാവാം;
അവ,ധനികരുടെ ,
വീടുകളില്‍;
വെയില്‍പതിക്കാത്ത
ഭാഗങ്ങളിലും,പച്ചപ്പാര്‍ന്ന
തോട്ടങ്ങളിലും ചേക്കേറിയത്.

കൂട്ടിയും,കിഴിച്ചും
നല്കുന്ന ജലത്തിനു
വേണ്ടി വാ പിളര്‍ന്ന
വേരുകള്‍ക്കും,
ആരോ കെട്ടി വച്ച
വലക്കുള്ളില്‍-
വീഴുന്ന ഫലത്തിനും,
ദാഹം തീരാതെ
നെടുവീര്‍പ്പുയര്‍ത്തിയ
നിശ്വാസത്തിനും,
ഒരു ജീവന്റെ
കഥ പറയുവാനുണ്ടാകും.


ചിതലരിച്ച ,
കൈകളില്ലാത്ത
ശരീരം മുറിച്ചെടുത്താല്‍
പ്രണയത്തിന്റെ,
സ്നേഹത്തിന്റെ
ഭ്രാന്തമായ ഒരു പ്രാണന്‍
പിടയുന്നുണ്ടാവും,

വരണ്ട്, വെയിലിന്റെ താഡനം
താങ്ങുവാനാകാതെ പോയ
ഒരു ഭ്രാന്തന്‍ വൃക്ഷത്തിന്റെ
പ്രാണന്‍!. 
 
Photo courtesy:Fotosearch

1 comment:

Related Posts Plugin for WordPress, Blogger...