Saturday, February 12, 2011

ഇവിടം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ്.

 കുറെക്കാലമായി ആഗ്രഹിച്ച ഒന്നായിരുന്നു ബ്ലോഗ്ഗില്‍  കുറച്ചു സ്ഥലം വാങ്ങിച്ച് എന്റെ തികട്ടി നില്‍ക്കുന്ന വാക്കുകളെ  കരഞ്ഞു നിലവിളിച്ചു എന്നില്‍ തന്നെ ഒതുങ്ങാതെ ഇവിടെ പിടിച്ചു തളച്ചിടുക എന്നത്.പണ്ടാരോ പണ്ടാരം അടങ്ങാന്‍ പറഞ്ഞതുപോലെ "ഒരു മനുഷ്യനെ കൊല്ലാമെങ്കിലും അയ്യാള്‍ കോറിയിട്ട വാക്കുകളിലൂടെ പുനര്‍ജ്ജിവിക്കുമെന്ന്".എന്റെ സ്വത്തിനും,ജീവനും കാലം ഭീഷണി  ആയതിനാല്‍ വാക്കുകള്‍ ഇവിടെ തുരു തുരെ എടുത്തൊട്ടിക്കുന്നു.എന്റെ ജീവതത്തിന്റെ ക്യാന്‍വാസുകളില്‍ ഏതു ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയാലും അതെന്റെ ഗ്രാമത്തെ ഉള്‍ക്കൊള്ളാതെ പൂര്‍ത്തിയാകാറില്ല.

പണ്ടു പരശുവേട്ടന്‍ ഒന്നായിരുന്ന കേരളത്തെ തന്റെ ആനക്കൊണ്ട വലിപ്പത്തിലുള്ള കോടാലികൊണ്ട് വെട്ടിമുറിച്ചപ്പോള്‍ വടക്കനും,തെക്കനും,മധ്യവും ഉണ്ടായി എന്നു ഉണ്ണിമൊഴിയില്‍ നാലാം കണ്ടത്തില്‍ പറയുന്നുണ്ട്.ആ മൊഴി ശരിയാണെങ്കില്‍ എതാണ്ട്` തെക്കന്‍ കേരളത്തിലെ, കൊല്ലം ജില്ലയില്‍ ,പത്തനാപുരം താലൂക്കില്‍ തെന്മല വില്ലേജില്‍,ഒറ്റക്കല്‍ കരയില്‍ ആണ്‌ എന്റെ ഗ്രാമം സ്ഥിതിഭൂതനാകുന്നത്.കൊല്ലം ജില്ല എന്നു പറയാന്‍ പറ്റില്ലെങ്കിലും മലയാളി ആയതുകൊണ്ട് തമിള്‍നാടിന്റേയും,കേരളത്തിന്റേയും ലൈന്‍ ഓഫ് കണ്‍ട്രോളില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കോട്ടുമാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമം.


സഹ്യന്റെ പണ്ടെങ്ങോ ബന്ധത്തിലുള്ള മലകളാല്‍ ചുറ്റപ്പെട്ട സ്ഥലവുമായി നിറഞ്ഞു നില്‍ക്കുന്നു.

പിന്നിങ്ങോട്ടു പാലരുവിയുടെ പ്രണയമാണ്‌!.
ഇടക്ക് പിണങ്ങിയും.ചിലപ്പോള്‍ മഞ്ഞിന്റെ പുതപ്പിലൂടെ അരിച്ചിറങ്ങുന്ന വെയിലിന്റെ സ്വര്‍ണ്ണ നിറം കടം വാങ്ങിയും,വെള്ളാരം കല്ലുകളുടെ കൂടെ കുണുങ്ങി ചിരിച്ചും,പിണങ്ങിയ പാറക്കൂട്ടങ്ങളെ തഴുകിയും,പൊഴിഞ്ഞ അരയാലിന്‍ ഇലകളുടെ കൂടെ നീരാടിയും ,ചിലപ്പോള്‍ കൈവഴികളായി അകലേക്കു മറയുന്ന കല്ലടയാറണ്‌ ഒറ്റക്കല്‍ ഗ്രാമത്തിന്റെ ശുദ്ധജല തടാകം.
ഒരിക്കല്‍ വെളിച്ചം പകരാനുള്ള ഇവളുടെ കരുത്തുകണ്ടിട്ടാവണം തേന്മല അഥവാ തെന്മല എന്ന സ്ഥലത്തു വെച്ച് അവള്‍ക്ക് തടയിട്ടു.പക്ഷെ ചിലപ്പോളൊക്കെ കാലം കല്ലടയാറിന്റെ ദുഃഖത്തോടു ചേരുമ്പോള്‍ ഉഗ്രരൂപിണിയായി ഈ ഡാമിന്റെ മുകളില്‍ക്കുടി കുലംകുത്തി ഒഴുകി ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഭയപ്പെടുത്താറുണ്ട്.എന്നിരുന്നാലും ഇവള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവള്‍തന്നെ.


ഇവളുടെ അംഗലാവണ്യങ്ങള്‍ എനിക്കെത്ര വിവരിച്ചാലും മതിവരില്ല.

 വെള്ളം കോരാന്‍ തൊട്ടിവാങ്ങിക്കാന്‍ കാശില്ലാതിരുന്ന ഞങ്ങള്‍ക്ക് സിംമ്മിംഗ്‌ പൂളെന്നു കേട്ടപ്പോള്‍ തോന്നിയ വാശി ആയിരുന്നു ലോകത്തെ ഏറ്റവും വലിയ സ്വിമ്മിംഗ് പൂള്‍ ആയ കല്ലട സിംമ്മിംഗ് പൂള്‍.ഇതുവരെ ഗിന്നസ്സ് ബുക്കില്‍ വന്നിട്ടില്ല.ഇന്നുമുതല്‍ ഇതു ബ്ലൊഗ്ഗില്‍ വന്നുതുടങ്ങി.ഇതാണ്‌  കല്ലുകള്‍കെട്ടിയുണ്ടാക്കിയ ഞങ്ങളുടേ ഇക്കോ സ്വിമ്മിംഗ്പൂള്‍.


കൊല്ലത്തില്‍ ഒരിക്കലെങ്കിലും നരബലി ഇവള്‍ക്ക് കൊടുത്തില്ലെങ്കില്‍ ഇവള്‍ പ്രളയമായി വന്നെങ്കിലും എടുത്തിരിക്കും.ഇതു മിക്കപ്പോഴും സംഭവിക്കുക ഞങ്ങളുടെ നാട്ടിലെ നാനാമതസ്ഥരും പങ്കെടുക്കുന്ന കൊടിക്കെട്ടെന്നു പറയുന്ന ഉത്സവത്തിനായിരിക്കും.അതൊരു ശാപമായി ഇന്നും ഞങ്ങളെ പിന്തുടരുന്നു.ഉത്സവ ലഹരിയില്‍ അവസാനം ഞങ്ങള്‍ കണ്ണുനീര്‍ വീഴ്ത്തിയായിരിക്കും വീടുകളിലേക്ക് മടങ്ങുന്നുണ്ടാവുക.
പറയത്തക്ക പെരുമയോ പ്രശസ്തിയോ ഇല്ലായിരുന്നപ്പോള്‍ ഞങ്ങള്‍ മറ്റു നാടുകളുടെ ഉയര്‍ച്ച ഓര്‍ത്ത് അസൂയപ്പെടാറുണ്ടായിരുന്നു.ഈ ഓണാം കേറാ മൂലയില്‍ നിന്ന് രക്ഷപ്പെടണമെന്നു ആഗ്രഹിച്ചിരുന്നപ്പോളായിരുന്നു ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണിപിടിച്ചപിള്ളാരെപ്പോലെ ഞങ്ങളുടെ മുന്നിലായി ഇന്‍ഡ്യയിലെ ആദ്യത്തെ കിടുക്കന്‍ ആദ്യത്തെ ഇക്കോടൂറിസം പദ്ധതിയായ"തെന്മല ഇക്കോടൂറിസം പിറന്നു വീഴുന്നത്.ഈക്കാണുന്നതാണ്‌ ഞാന്‍ പറഞ്ഞ സംഭവത്തിന്റെ ആപ്പീസ്.

ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാര്‍ക്ക് നിങ്ങള്‍ക്ക് എന്റെ നാട്ടില്‍ കാണുവാന്‍ കഴിയും.ഒന്നു മുകളിലത്തെ ചിത്രത്തില്‍ നോക്കിക്കോളൂ.അവിടെ കാണുന്ന "ബ്ലൂ ടൈഗര്‍ ബട്ടര്‍ഫ്ലൈസ്" ഏഷ്യയിലെ തന്നെ അപൂര്‍വ്വമായ ഒരു കാഴ്ചയാണ്‌.നിങ്ങള്‍ അതിന്റെ ഭംഗി അതിരാവിലെ ചൂടുള്ള ചായക്കൊപ്പം തണുപ്പേറിയ കാറ്റും ഏറ്റുകൊണ്ട് നിങ്ങളുടെ ജന്നാലകളിലൂടെ ആ കാഴചയുടെ സൌന്ദര്യം നുകര്‍ന്നെടുക്കുവാന്‍ കഴിയും.


ഇതുകൂടി ഒന്നു കണ്ടു നോക്കൂ!! പ്രകൃതിയെ കാത്തുസൂക്ഷിക്കാനുള്ള വരത്തിന്റെ അത്ഭുതമെല്ലാം ഈ വീഡിയോയില്‍ അതിമധുരമായി പകര്‍ത്തിയിട്ടുണ്ട്.

ഈ കാഴ്ചകള്‍ കഴിഞ്ഞാല്‍ പിന്നെ ഇടതൂര്‍ന്നു നില്‍ക്കുന്ന പഞ്ഞിമരങ്ങളുടേയും,ആഞ്ഞിലി മരത്തിന്റേയും  തണലുകള്‍ ഉറങ്ങുന്ന N.H 208 ന്റെ രാജവീഥിയില്‍ക്കുടി നാലു ഫര്‍ലോംഗ് വന്നാല്‍ എന്റെ നാടായി.


ഇവിടെ ആയിരിരുന്നു എന്റെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലം-G.H.S.S-Ottakkal.എല്ലാ തോന്ന്യവാസത്തിന്റേയും കുരുക്ഷേത്രഭൂമി.ആദ്യമായി കൈമാറിയ പ്രണയത്തിന്റെ മൂകസാക്ഷികള്‍ ഇന്നും മറക്കാതെ നില്‍ക്കുന്ന ഈ അരണമരങ്ങളാണ്‌ എന്നെ ചിലപ്പോഴൊക്കെ ഓര്‍മ്മയുടെ മധുരങ്ങള്‍ നുണയുന്ന നാരങ്ങാമിഠായികളും,പുളിമിഠായികളും,മൈസൂര്‍പാക്കുകളുടെ നെയ്യുടെ ചുവയും എന്നില്‍ എത്തിക്കുന്നത്.ഈ മുറ്റത്തു നിന്നായിരുന്നു സമരത്തിന്റെ ആദ്യ ബാലപാഠങ്ങള്‍ പഠിച്ചത്.ബന്ത് വിജയിപ്പിക്കാന്‍ വേണ്ടി കല്ലുകള്‍ റോഡില്‍ നിരത്തിവെച്ചത്,മെറ്റിലുകള്‍ വലിച്ചെറിഞ്ഞ് ബസ്സുകളെ തകര്‍ത്തത്.രാഷ്ട്രീയം ഇല്ലാതെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയമുറ്റത്തായിരുന്നു ഇടതു പ്രസ്ഥാനത്തിന്റെ രക്തസാക്ഷികളെ നെഞ്ചിലേറ്റിയത്.ഒന്നു സൂക്ഷിച്ചു കണ്ണുകള്‍ ചേര്‍ത്തുപ്പിടിച്ചാല്‍,ചെവി വട്ടം പിടിച്ചാല്‍ സൌന്ദര്യ പിണക്കങ്ങളുടെയും,യുവജനോത്സവത്തിന്റേയും  കലപില ശബ്ദങ്ങള്‍ നിങ്ങള്‍ക്ക് അകലെ നിന്നു  മാടിവിളിക്കുന്നതായി തോന്നാം.പൊയപ്പോയ കാലത്തിന്റെ പുതപ്പുകളും ചൂടി കൂനി നടക്കുന്ന ഒരുപാടു പേരുടെ ഓര്‍മ്മകളുടെ പ്രതിബിംബങ്ങളെ നിങ്ങള്‍ക്ക് ഈ വിദ്യാലയ മുറ്റത്തും,വരാന്തകളിലും,മാവിന്റേയും,നെല്ലിമരത്തിന്റേയും ചുറ്റും കൂടി മൂകമായി ഓര്‍മ്മകളുടെ ആമാടപ്പെട്ടി തുറക്കുന്നതായി തോന്നാം.

ഓര്‍മ്മകളുടെ  ഹിമപാളികള്‍ക്ക് മാറ്റത്തിന്റെ കൂടം പതിച്ചപ്പോള്‍  എന്റെ സ്കൂള്‍ ഇങ്ങനെ ആയിക്കൊണ്ടിരിക്കുന്നു.മാറ്റം ചെറുപ്പത്തിലേക്കുള്ള യാത്രയല്ലേ!.അവളും മാറട്ടെ.ഞങ്ങള്‍മാത്രം മാറിയാല്‍പ്പോരല്ലോ!

ഈ കാഴ്ചകളുടെ പച്ചപ്പ് കഴിഞ്ഞാല്‍ പിന്നെ ഭക്തിയുടെ ശാന്തമായ മനസ്സാണ്‌ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത്.പണ്ട് അനന്തനാരായണസ്വാമിയായും,പിന്നെ ദേവപ്രശനത്തില്‍ ശങ്കരനാരായാണസ്വാമിയായും എന്റെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പൊന്നമ്പലം.ഒരു വിശേഷംകൂടിയുണ്ട്‌ ഈ അമ്പലത്തിനു.നദിയുടെ തീരത്തുള്ള ചുരുക്കം ചില അമ്പലങ്ങളുടെ പട്ടികയില്‍ നിലനില്‍ക്കുന്ന ഈ ക്ഷേത്രം കല്ലടയാറിന്റെ അങ്ങേക്കരയിലെ വനത്തിന്റെ ചൂളം വിളിയും,നദിയുടെ തണുപ്പുമേറ്റു എന്റെ സന്ധ്യാസമയങ്ങളെ ധന്യമാക്കാറുണ്ട്.


കുറച്ചുകൂടി നടന്നാല്‍ നിങ്ങള്‍ക്ക് എന്റെ വൈകുന്നേരങ്ങളുടെ ഉപാസകതീരം കാണാം.ഇവിടെയാണ്‌ വര്‍ത്തമാനങ്ങളും,ഭാവികളും ,പ്രണയ നൈരാശ്യത്തിന്റെ കുമ്പസാരവും,പ്രണയത്തിന്റെ ട്രയിനിംഗ് ക്ലാസ്സുകളും പിറവിയെടുക്കുന്നത്.കല്ലടയാറിന്റെ പതഞ്ഞുപൊങ്ങുന്ന പളുങ്കുതുള്ളികളാണ്‌ ഈ രഹസ്യങ്ങളുടേ സൂക്ഷിപ്പുകാരി .കുടുംബങ്ങളുടെ പറയാത്ത വേദനകള്‍ ,കഷ്ടപ്പാടുകള്‍ ഇവിടെ നിരത്തിവെയ്ക്കുന്നത് ഈ സന്ധ്യാസമയങ്ങളില്‍ ആയിരിക്കും.നദിയുടെ മറുകരയില്‍ നിന്നെത്തുന്ന കുളമാവ് പൂത്തമണം പേറി വരുന്ന കാറ്റിന്റെ തഴുകലും,ചിരിച്ചൊഴുകിയ കല്ലടയാറും എല്ലാത്തിനും സാക്ഷി.


ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സൌന്ദര്യം മനസ്സിലാക്കാന്‍ കഴിയും. കല്ലടയാര്‍ ഒന്നുകൂടി സുന്ദരി ആകുന്നത് കാണണമെങ്കില്‍ നിങ്ങള്‍ വൈകുന്നേരങ്ങളിലെ  ഇവിടുത്തെ ചൂടു കപ്പലണ്ടിയും,എന്റെ സുഹൃത്തായ സന്തോഷിന്റെ സന്തോഷ് റ്റീ സ്റ്റാളില്‍ നിന്നും വെള്ളം ചേര്‍ക്കാതെ പാലൊഴിച്ച ഏലക്കാച്ചായയും രസിച്ചുകൊണ്ട് ഇവിടെ നിന്നു നോക്കിയാല്‍ മതി.

രണ്ടു പ്രധാനപ്പെട്ട കാഴചകള്‍ കൂടി ഇവിടെ പരിചയപ്പെടുത്തിയില്ലെങ്കില്‍ എന്റെ നാടിന്റെ ചിത്രം പൂര്‍ണ്ണമാവുകയില്ല അതില്‍ ഒന്നാമത്തെയാണ്.

1800കളില്‍  ട്രയിന്‍യാത്രക്ക് വേണ്ടി പണികഴിപ്പിച്ച് പതിമൂന്നു കണ്ണറ പാലം.ഇന്നും ഈ പാലത്തില്‍ക്കുടിയുള്ള  ട്രയിന്‍ യാത്ര ഒരു അത്ഭുതം തന്നെയാണ്‌.

1839-ല്‍ പണികഴിപ്പിച്ച പുനലൂര്‍ തൂക്കുപാലം.കല്ലടയാറിനു മറുകരയിലുള്ള  വാണീജ്യസ്ഥാപനങ്ങളേയും,മറ്റു പല ആവശ്യങ്ങള്‍ക്കുമായി കല്ലിലും കൂറ്റന്‍ തടി ഉരുപ്പടികളിലും തീര്‍ത്തതാണ്.ഇന്ന് സര്‍ക്കാരിന്റെ സംരക്ഷണയില്‍ എന്തായാലും നല്ലതു പോലെ സംരക്ഷിക്കുന്നുണ്ട്.

ഇതിനപ്പുറത്തേക്ക് എന്റെ കാഴ്ചകള്‍ അന്യമാണ്‌.എനിക്കറിയാത്തെ ലോകങ്ങളുടെ മായാഗീതകമാണ്‌ എന്നെ ഇന്നു പുലര്‍ത്തുന്നത്.പ്രവാസത്തിന്റെ കൃത്രിമപച്ചപ്പിലും കാണുന്നത് എന്റെ ഗ്രാമത്തിന്റെ മുഖമാണ്‌.വെള്ളികെട്ടിയ എന്റെ ഓര്‍മ്മകള്‍ അടക്കം ചെയ്യുമ്പോള്‍ എന്നിലൂടെ ആ പൊയ്പ്പോയ കാലത്തിന്റെ അടുക്കലേക്ക് നടന്നെത്തുവാന്‍ അനാകുലമായ ഒരു ചരടിന്റെ ബന്ധമായി ഈ വാക്കുകളെ ഇവിടെ അലങ്കാരപ്പെടുത്തുന്നു.

"ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി.."
Related Posts Plugin for WordPress, Blogger...